സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂൺ ഒന്നിനു തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30നു മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രവേശനോത്സവത്തിനൊപ്പം എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം നടക്കുമെന്നു മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 42,90,000 വിദ്യാർഥികളും 1,8,507 അധ്യാപകരും 24798 അനധ്യാപകരുമാണു ജൂൺ ഒന്നിനു സ്കൂളിലേക്ക് എത്തുന്നത്.
4857 അധ്യാപകരേയും 490 അനധ്യാപകരേയും 353 അനധ്യാപകരേയും ഈ സർക്കാരിന്റെ കാലത്തു പിഎസ്സി മുഖേന സ്കൂളുകളിൽ നിയമിച്ചു. ഇത് സമീപകാലത്തെ ഏറ്റവും ഉയർന്ന എണ്ണമാണ്. സ്കൂളുകളുടെ അറ്റകുറ്റപ്പണി മേയ് 27നകം പൂർത്തിയാക്കും. സമ്പൂർണ ശുചീകരണ പ്രവർത്തനം സ്കൂളിലും സമീപ പ്രദേശങ്ങളിലും നടത്തും. ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കണം.
കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റു ജലസ്രോതസുകൾ എന്നിവ ശുചീകരിക്കും. വിദ്യാഭ്യാസ ജില്ല, ഉപജില്ലാതലങ്ങളിൽ ആവശ്യമായ യോഗങ്ങൾ വിളിച്ചുചേർത്ത് ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണം.
പൊതുവിദ്യാലയങ്ങളിലേക്ക് 10.34 ലക്ഷം വിദ്യാർഥികൾ പുതുതായി എത്തിയതായി മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്കാവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയായി വരുന്നു. മൂന്നു ഭാഗങ്ങളായാണു പുസ്തകങ്ങൾ അച്ചടിക്കുന്നത്. ഒന്നാം ഭാഗം 288 ടൈറ്റിലുകളും രണ്ടും മൂന്നു ഭാഗങ്ങൾ യഥാക്രമം 183, 66 എന്നിങ്ങനെ 537 ടൈറ്റിലുകളിലായാണു പുസ്തകങ്ങൾ അച്ചടിക്കുന്നത്. ആകെ 4.88 കോടി പാഠപുസ്തകങ്ങളാണ് വരുന്ന അധ്യയന വർഷത്തേക്ക് ആവശ്യമായിവരുന്നത്.
സംസ്ഥാനത്തു പാഠപുസ്തക വിതരണത്തിനായി 14 ജില്ലാ ഹബ്ബുകളും 3312 സൊസൈറ്റികളും 13964 സ്കൂളുകളും സജ്ജമാക്കിയിരുന്നു. 5576 സർക്കാർ സ്കൂളുകളും 8188 എയ്ഡഡ് സ്കൂളുകളും 1488 അൺ എയ്ഡഡ് സ്കൂളുകളുമാണു സംസ്ഥാനത്തുള്ളത്. അൺ എയ്ഡഡ് ഒഴികെയുള്ള സ്കൂളുകളിൽ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ സൗജന്യമായാണു വിതരണം ചെയ്യുന്നത്.
7719 സ്കൂളുകളിലെ 958060 കുട്ടികൾക്ക് കൈത്തറി യൂണിഫോം സൗജന്യമായി നൽകും. 42.8 ലക്ഷം മീറ്റർ തുണിയാണ് ഇതിനാവശ്യമുള്ളത്. ക്ലാസുകൾ തുടങ്ങുന്നതിനു മുൻപുതന്നെ ഇവ വിദ്യാർഥികൾക്കു നൽകുമെന്നും മന്ത്രി പറഞ്ഞു.
ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ അധ്യാപക പരിശീലനം പൂർത്തിയായി. മുൻ വർഷങ്ങൽനിന്നു വ്യത്യസ്ഥമായി ഒരു ജില്ലയിൽ രണ്ടു ബാച്ച് എന്ന നിലയിൽ റെസിഡൻഷ്യലായാണ് ഇത്തവണത്തെ അധ്യാപക പരിശീലനം സംഘടിപ്പിച്ചത്. വരും വർഷങ്ങളിൽ അധ്യാപക സംഘടനകളുമായി ചർച്ച ചെയ്ത് എല്ലാ അധ്യാപകർക്കും റെസിഡൻഷ്യൽ പരിശീലനം നൽകാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. ഹയർ സെക്കൻഡറി, സെക്കൻഡറി അധ്യാപകരുടെ പരിശീലനം ഡിസംബറോടെ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
Leave a Reply