കാരൂർ സോമൻ
കിഴക്കേ മലമുകളിൽ പുലരി പെറ്റു. ആർത്തിയോടെ ജനാലയിലൂടെ സുര്യനെ നോക്കി ശാസ്ത്രജ്ഞൻ ശശിധരൻ നായർ കരയുകയാണ്. തലേ രാത്രി ശരിക്കൊന്ന് ഉറങ്ങാൻ സാധിച്ചില്ല. മനസ്സ് നിറയെ കിനാവിന്റ തേരോട്ടമായിരിന്നു. എന്തിനാണ് താന്‍ സുര്യനെ നോക്കി കരയുന്നത്? കരച്ചിലടക്കാൻ സാധിക്കാത്തത് എന്താണ്? നിറപ്പകിട്ടാർന്ന ആകാശത്തേക്ക് നോക്കിയിരുന്നു. മണ്ണിൽ നിന്ന് മറ്റ് ഗ്രഹങ്ങളിലേക്ക് തീനാളമുയർത്തി തൊടുത്തു വിട്ട ഉപഗ്രഹ വിക്ഷേപണങ്ങൾ ആ ഗ്രഹങ്ങളെ എത്രമാത്രം ഇളക്കി മറിച്ചു കാണണം. ആർക്കും യാതൊരു ഉപദ്രവും ചെയ്യാതെ നിശ്ശബ്‌ദമായി കിടന്നുറങ്ങിയ ഗ്രഹത്തിൽ കിളികളെപോലെ ആരോ പറന്നു വന്നിരിക്കുന്നു. അവിടെമാകെ ഇപ്പോൾ അലർച്ചകൾ മാത്രം. നിർമ്മലമായ നീലിമയാർന്നു കിടന്നയിടം മലീനസമാക്കാൻ ഭൂമിയിൽ നിന്ന് മനുഷ്യർ എത്തിയിരിക്കുന്നു. ഭീതിയോടെ മിഴിച്ചു നോക്കി.
കതകടച്ചാണ് കരയുന്നതെങ്കിലും ആ കണ്ണീർ കണ്ടാൽ കാണുന്നവർ കരുതും തനിക്കെന്തോ മാനസിക പ്രശ്നമുണ്ടെന്ന്. അല്ലെങ്കിൽ ശാസ്ത്രലോകത്തിന് ധാരാളം സംഭവനകൾ ചെയ്ത താൻ കിറുക്കനെന്ന് പറയും. പക്ഷെ അങ്ങനെയല്ല സംഗതിയുടെ കിടപ്പ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കരച്ചിലിന്റെ കാരണങ്ങൾ പലതാണ്. ശശി തന്റെ സ്വന്തം മുറിയിലിരുന്ന് കരഞ്ഞുകൊണ്ട് കമ്പ്യൂട്ടർ തുറന്നു. അവിവാഹിതനായ ശശി ഇതുവരെ നേരില്‍കാണുവാന്‍ കഴിഞ്ഞിട്ടില്ലാത്ത ലോകത്തിന്റെ പല ഭാഗത്തുമുള്ള തന്റെ അനേകം കാമുകിമാര്‍ക്ക് സങ്കടം പങ്കുവെച്ചുള്ള കത്തുകളയച്ചു. പലപ്പോഴും തന്റെ കലങ്ങിയ മനസ്സിന് വിടർന്ന മിഴികളുള്ള സുന്ദരിമാർ അനുരാഗത്തെക്കാൾ സ്‌നേഹവർഷങ്ങൾ കൊണ്ടു മുടാറുണ്ട്. ക്ഷണനേരത്തെ ആ ആ ബന്ധം ഹൃദയത്തിന് ഒരാശ്വാസമാണ്. ഇങ്ങനെയിരിക്കുന്ന അവസരത്തിലാണ് ശശിയുമായുള്ള അഭിമുഖത്തിന് ഒരു ടീവി ചാനൽ രാവിലെ തന്നെ വീട്ടിലെത്തിയത്. അവർ തന്നെയാണ് കതകിൽ മുട്ടിയത്. ശശി കതക് തുറന്നു. മുന്നിൽ ചാനലുകാർ. അവർ പുഞ്ചിരി തൂകി പ്രഭാത വന്ദനങ്ങൾ അറിയിച്ചു. തെല്ലൊരു പരിഭ്രാന്തിയോടെ നോക്കി. ഇവർ എന്തിന് വന്നു? തനിക്ക് വല്ല പുരസ്കാരവും കിട്ടിയോ? അവരെകുട്ടി അടുത്ത മുറിയിലേക്ക് നടന്നു. ചാനലുകാർ ശശിധരനെ മിഴിച്ചു നോക്കികൊണ്ടറിയിച്ചു.
“അങ്ങയുടെ ഒരഭിമുഖം ഞങ്ങള്‍ക്കു വേണം. പിന്നെ ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരവും തരണം.. ഇന്ന് രാവിലെ ഈ വീട്ടിലുള്ളവർ ഞങ്ങളെ വിളിച്ചറിയിച്ചത് സാറ് വല്ലാതെ കരയുന്നു എന്നാണ്” ഇങ്ങനെ പറഞ്ഞുകൊണ്ട് ചാനല്‍ പ്രതിനിധി തന്റെ പണിതുടങ്ങി.
“ശരിക്കും സാറെന്തിനാണ് ഇങ്ങനെ നിര്‍ത്താതെ കരയുന്നത്?
ചോദ്യം കേട്ട് ശശിയുടെ ഉള്ളൊന്ന് ഞരങ്ങി. അമ്മ അതിരാവിലെ അമ്പലത്തിൽ പോകാനിറങ്ങിയപ്പോൾ കരച്ചിൽ കണ്ടു കാണണം. അമ്മക്ക് മുറിയിൽ വരാൻ അല്പം ഭയവുമുണ്ട്. കാരണം ഈ മുറിയിൽ നിന്ന് പല പൊട്ടിത്തെറികളു൦, ശബ്തങ്ങളും പുറത്തുവരാറുണ്ട്. ഇപ്പോഴിത തൻ്റെ പരീക്ഷണ ശാലയിൽ കണ്ടത് കരച്ചിലാണ്. എല്ലാമോർത്തു് ശശി കൂടുതല്‍ ഉച്ചത്തില്‍ കരയുവാന്‍ തുടങ്ങി. ചാനലുകാര്‍ക്കും സങ്കടം വന്നു തുടങ്ങി. മിന്നൽപ്പിണർപോലെ തീയും പുകയും ഓരോ ഗ്രഹത്തിലേക്ക് പറപ്പിക്കുന്ന ശാസ്ത്രജ്ഞൻ മുന്നിലിരുന്ന് കരയുമ്പോള്‍ നാമെന്തുചെയ്യും. ശശിയുടെ കരച്ചിലിന്റെ താളത്തിനൊപ്പിച്ച് ശബ്ദത്തെ താളക്രമത്തിൽ സംഗീതമാക്കി. ചാനലുകാർ പരസ്പരം പിറുപിറുത്തു. ശുഭപ്രതീക്ഷയോട് ചോദിച്ചു.
“സാറെ കുടുംബത്തിൽ നിന്ന് എന്തെങ്കിലും പ്രശ്നമുണ്ടോ? അതോ സഹപാഠികൾ വല്ല പാരയും പണിതോ?
“ഒ… ഒന്നുമില്ല”. കരഞ്ഞുകൊണ്ട് ശശി പറഞ്ഞു.
“എന്തെങ്കിലും മാനസിക പ്രയാസങ്ങൾ വല്ലതുമുണ്ടോ? ഒന്നുമില്ലെന്ന് ഉത്തരം കൊടുത്തു.
ശശി തികഞ്ഞ ഒരു സാമൂഹ്യ ജീവിയായതിനാല്‍ സാമൂഹ്യപരമായ കാരണങ്ങളാവും കരച്ചിലിനു പിന്നില്‍ എന്നു സംശയിച്ചുകൊണ്ട് ചില സമകാലിക വിഷമതകളെക്കുറിച്ച് ചോദിക്കുവാന്‍ ചാനലുകാര്‍ തീരുമാനിച്ചു.
“കടംകയറി കേരളത്തിലെ അനേകം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഭരണത്തിലുള്ളവരുടെ ആശ്രിതർക്ക് തൊഴിൽ കിട്ടുന്നു. പാവങ്ങൾക്ക് തൊഴിൽ കിട്ടുന്നില്ല. പല പേരിൽ കൊലപാതകങ്ങൾ, സ്ത്രീപീഡനങ്ങൾ നടക്കുന്നു. രാഷ്ട്രീയക്കാർ മതങ്ങളെ തെരുവിലിറക്കി മനഃസമാധാനം നഷ്ടപ്പെടുത്തുന്നു. എങ്ങും കൈക്കൂലി, അനീതി നടക്കുന്നു. ഇതിൽ എന്തെങ്കിലും കണ്ടിട്ടാണോ അങ്ങ് കരയുന്നത്?
”അത് മാത്രമല്ല ” അമർഷത്തോടുള്ള വ്യക്തമായ ഉത്തരം ഉടനെ ലഭിച്ചു.
”ഇവിടെ കുന്നിടിച്ച് നിരപ്പാക്കി വെള്ളപൊക്കമുണ്ടാക്കുന്നതുപോലെ ഇതര ഗ്രഹങ്ങളും നമ്മൾ ഇടിച്ചു നിരപ്പാക്കുന്നു. ഞാനും അതിൽ പങ്കാളിയാണ്. അവിടുന്ന് എന്ത് പ്രളയമെന്ന് വരാനിരിക്കുന്നതെന്ന് നമ്മൾ അറിയുന്നില്ല. ശാന്തിയുടെയും സമാധാനത്തിന്റെയും വിളനിലമായിരുന്ന നമ്മുടെ നാട്ടില്‍ മനുഷ്യനേക്കാൾ മതത്തെ സ്‌നേഹിക്കുന്നവരും സകല ജീവിത മൂല്യങ്ങളേയും കാറ്റില്‍ പറത്തി ഭരണകൂടങ്ങൾ എങ്ങും ഇടിച്ചു നിരത്തുകയാണ്. എല്ലാം കാണുമ്പൊൾ കരച്ചിൽ വരുന്നു”
ചാനലുകാര്‍ക്ക് സമാധാനമായി. അമ്മയുടെ മുലഞെട്ടില്‍ നിന്നും ഊറിവരുന്ന സ്തന്യാമൃതം നുകരുവാന്‍ കുഞ്ഞ് കാത്തിരിക്കുന്നതുപോലെ ചാനലുകാർ ശശിയുടെ വാക്കുകള്‍ക്കായി ചെവിതുറന്ന് വച്ച് അയാളെ ഉറ്റുനോക്കി.
”ഞാന്‍ കരയുന്നത് ചിലപ്പോള്‍ എൻ്റെ മനസ്സിന്റ കുറ്റബോധമാകാം” ഇങ്ങനെ പറഞ്ഞുകൊണ്ട് ശശി
തന്റെ വചനപ്രഘോഷണം ആരംഭിച്ചു.
”കന്യകയുടെ ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിക്കാന്‍ വെമ്പല്‍കൊള്ളുന്ന അനേകായിരം ജീവികളിൽ ഒന്ന് മാത്രം ലോകനീതിയുടെ ഉള്‍പ്രേരണയാല്‍ സ്വയം സഞ്ചരിച്ച് മാതപേടകത്തില്‍ പ്രവേശിച്ചതു മുതല്‍ പുറത്ത് വന്ന്, സകല ലോകരസങ്ങളേയും അനുഭവിക്കാന്‍ തക്കവണ്ണം ഇന്ദ്രിയ-അതിന്ദ്രിയ ഉപകരണങ്ങളുമായി ജീവിതം ആരംഭിച്ചതേ കരഞ്ഞുകൊണ്ടായിരുന്നു. അങ്ങനെ കരഞ്ഞു കരഞ്ഞ് ഞാന്‍ വളര്‍ന്നു. ആരും, വ്യക്തമായി മനസ്സിലാക്കാതെ സംഭവങ്ങളെ ചരിത്രമെന്ന് തെറ്റിദ്ധരിച്ച് അവയെല്ലാം വാരിവലിച്ച് ഉറക്കമിളച്ചിരുന്ന് പഠിച്ച് ബിരുദം വാങ്ങി. ശാസ്ത്ര രംഗത്തെ ശിഷ്യരെ താൻ കടിച്ചുകീറി. ഇപ്പോഴവർ ഗ്രഹങ്ങളെ ഇടിച്ചു നിരത്തുന്നു. സാമൂഹ്യ പരിശീലനം ലഭിച്ചവർ ദേശങ്ങളെ ഇടിച്ചു നിരത്തുന്നു. യേശുവിനെ ഒറ്റികൊടുത്തതുപോലെ എല്ലാവരും മുപ്പതുവെള്ളിക്കാശിന് ഓരോന്നിനെ ഒറ്റികൊടുത്തു ജീവിക്കുന്നു”.
ശശി കരയുകയോ ചിരിക്കുകയോ ചെയ്യട്ടെ എന്നു കരുതി ഈ പ്രശ്‌നത്തെ തള്ളി കളയരുത്. ഒരു നൂലില്‍ കൊരുത്ത മുത്തുകള്‍പോലെ സകലമനുഷ്യരും പരസ്പരം ബന്ധമുള്ളവരാണ്. അപ്പോൾ ശശിയുടെ ദുഃഖം നമ്മുടെ ദുഃഖമാണ്. ഈ ലോകത്തിന്റെ ദുഃഖമാണ്.
ഒരു ജീവിതകാലം മുഴുവന്‍ കരയുവാനായി അവസരം ലഭിച്ചിട്ടും സമൂഹത്തെ ബോധിപ്പിക്കുവാനായി കൃത്രിമമായി ചിരിച്ചുകൊണ്ട് ജീവിച്ചു. ഇനിയും അതിന് തയ്യാറല്ല. കരഞ്ഞുകലങ്ങിയ മിഴികൾ തളരുക മാത്രമല്ല അയാളുടെ നാവും മനസ്സും നിറയെ ഉപ്പുനിറഞ്ഞിരിക്കുന്നു. അതിനാല്‍ ജീവന്റെ ഉപ്പിനെ തിരിച്ചറിഞ്ഞ ശശി പൂര്‍വ്വാധികം ഭംഗിയായി കരയട്ടെ. എല്ലാം പാപഭാരവും കരഞ്ഞു തീർക്കട്ടെ. ചാനലുകാർ പുറത്തിറങ്ങുമ്പോഴും ശശി തൻ്റെ നീണ്ട താടി മാറിമാറി തലോടികൊണ്ടിരിന്നു.
Leave a Reply