ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്ന് സൗരയൂഥത്തിന് പുറത്ത് ജീവൻ നിലനിൽക്കാമെന്നതിന്റെ തെളിവുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. 124 പ്രകാശവർഷം അകലെയുള്ള K2-18 b എന്ന ഗ്രഹത്തെ കുറിച്ച് പഠനം നടത്തിയതിന് പിന്നാലെ ആണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്. നിരീക്ഷണത്തിൽ K2-18 bയിൽ ഡൈമെഥൈൽ സൾഫൈഡ് (DMS), ഡൈമെഥൈൽ ഡൈസൾഫൈഡ് (DMDS) എന്നീ രണ്ട് പദാർത്ഥങ്ങളുടെ രാസ ലക്ഷണങ്ങൾ കണ്ടെത്തുകയായിരുന്നു. ഭൂമിയിൽ, ഈ രാസവസ്തുക്കൾ ജീവജാലങ്ങൾ മാത്രമേ നിർമ്മിക്കുന്നുള്ളൂ. അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് ഇത് തെളിയിക്കുന്നില്ലെങ്കിലും, പ്രപഞ്ചത്തിൽ നമ്മൾ ഒറ്റയ്ക്കാണോ എന്ന വലിയ ചോദ്യത്തിന് ഉത്തരം നൽകുന്നതിൽ ഈ കണ്ടുപിടിത്തം പ്രധാന പങ്ക് വഹിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭൂമിക്കപ്പുറത്തുള്ള ജീവൻ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലെ ഒരു വഴിത്തിരിവായി ഭാവിയിൽ ഈ കണ്ടെത്തലിനെ നമുക്ക് കാണാൻ കഴിയുമെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ പ്രൊഫ. നിക്കു മധുസൂദനൻ പറഞ്ഞു. എന്നാൽ കണ്ടെത്തലിൽ ഇപ്പോഴും കുറച്ച് അവ്യക്തകൾ നിലനിൽക്കുന്നുണ്ട്. K2-18 b യിൽ ജീവൻ നിലനിർത്താൻ അനുയോജ്യമായ സാഹചര്യങ്ങളുണ്ടോ എന്ന് ഇപ്പോഴും വ്യക്തമല്ല. നിലവിൽ കണ്ടെത്തിയ രണ്ട് രാസവസ്തുക്കളും (DMS, DMDS), ഭൂമിയിലെ സമുദ്രജീവികളാണ് കൂടുതലും നിർമ്മിക്കുന്നത്. എന്നാൽ ഇവയെ മറ്റെവിടെയെങ്കിലും ജീവന്റെ കൃത്യമായ അടയാളങ്ങളായി കണക്കാക്കാമോ എന്ന് ഉറപ്പില്ല. ഭൂമിയുടെ ഒമ്പത് മടങ്ങ് ഭാരമുള്ള ലിയോ നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ ഗ്രഹമാണ് K2-18 b. നേരത്തെ, 2019 ൽ, ഹബിൾ ദൂരദർശിനി ഗ്രഹത്തിൻെറ അന്തരീക്ഷത്തിൽ ജലബാഷ്പം കണ്ടെത്തിയതായി ആദ്യം റിപ്പോർട്ട് ചെയ്‌തെങ്കിലും ഇത് പിന്നീട് മീഥേൻ ആണെന്ന് കണ്ടെത്തി.

കേംബ്രിഡ്ജ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞരുടെ സമൂഹം ഇപ്പോൾ വിശ്വാസിക്കുന്നത് K2-18 bൽ ആഴമേറിയ ഒരു സമുദ്രം ഉണ്ടായിരിക്കാമെന്നാണ്. K2-18 b പോലുള്ള ഗ്രഹങ്ങൾ നേരിട്ട് സന്ദർശിക്കാനോ ഫോട്ടോ എടുക്കാനോ കഴിയാത്തത്ര അകലെയാണ്. ഇത്തരം ഗ്രഹങ്ങളുടെ നക്ഷത്രപ്രകാശം വിശകലനം ചെയ്തുകൊണ്ടാണ് ശാസ്ത്രജ്ഞർ ഇവയെ പഠിക്കുന്നത്. ദി ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്‌സിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ അനുസരിച്ച്, K2-18 b ഗ്രഹത്തിലെ DMS, DMDS എന്നിവയുടെ അളവ് (ഓവർലാപ്പിംഗ് സിഗ്നലുകൾ ഉള്ളവ) ഭൂമിയിൽ നമ്മൾ കണ്ടെത്തുന്നതിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് കൂടുതലാണെന്ന് വെളിപ്പെടുത്തി. അജ്ഞാത പ്രക്രിയകളാകാം ഇതിന് കാരണമെന്നു കേംബ്രിഡ്ജ് സർവകലാശാലയിലെ വിദഗ്ദ്ധർ പറയുന്നു. എന്നാൽ ജീവശാസ്ത്രം ഉൾപ്പെടുത്താതെ ഈ തന്മാത്രകളുടെ സാന്നിധ്യം വിശദീകരിക്കാൻ നിലവിൽ ഒരു മാർഗവുമില്ല. കേംബ്രിഡ്ജ് ടീം വിശ്വസിക്കുന്നതുപോലെ K2-18 b ജലസമുദ്ര ഗ്രഹമാകാം അല്ലെങ്കിൽ ഒരു വാതക ഗ്രഹമോ അല്ലെങ്കിൽ മാഗ്മ സമുദ്രങ്ങളുള്ള ഗ്രഹം ആകാനുള്ള സാധ്യതയും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.