കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പിതാവായ ജഡ്ജിക്കെതിരേ കേസെടുക്കും. പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ നൽകിയെന്ന കാര്യത്തിലാണ് നടപടി പരിഗണിക്കുന്നത്. അപകടത്തിൽ മാഞ്ഞാലി സ്വദേശി ജയപാലകൃഷ്ണനാണ് മരിച്ചത്. തട്ടുകടയിലെ ജോലി കഴിഞ്ഞ് ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇയാളുടെ സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു.

കാറിന്റെ ആർ.സി. ഉടമ പിതാവായ അഡീഷനൽ സെഷൻസ് ജഡ്ജിയാണ്. മകൻ കാർ എടുത്തുപോയ വിവരം അറിയില്ലായിരുന്നുവെന്നും മകൻ ആദ്യമായാണ് വാഹനം ഓടിച്ചതെന്നും പിതാവ് പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. ആലുവയിലെ ഫ്ലാറ്റിൽനിന്നാണ് പതിനേഴുകാരൻ കാർ എടുത്തത്. ചേരാനല്ലൂരിൽനിന്ന് തിരികെ ആലുവയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ശക്തമായ മഴ കാരണം സ്കൂട്ടർ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് കുട്ടിയുടെ മൊഴി. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. സ്കൂട്ടറിലുണ്ടായിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങളും റോഡിൽ ദൂരത്തേക്ക് ചിതറിത്തെറിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാഹനമോടിച്ച പതിനേഴുകാരനെയും ബെൻസ് കാറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അശ്രദ്ധമായും അപകടകരമായും പൊതുവഴിയിൽ വാഹനമോടിച്ചതിനും മരണത്തിന് കാരണമായതിനും ഭാരതീയ ന്യായ സംഹിതയിലെ 281, 106(1) വകുപ്പുകൾ പ്രകാരമാണ് കുട്ടിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുട്ടി ലഹരി ഉപയോഗിച്ചിരുന്നോയെന്ന് പരിശോധിക്കാൻ രക്തസാംപിൾ ശേഖരിച്ചിട്ടുണ്ട്. പരിശോധനാഫലവും തുടർ അന്വേഷണവും നിർണായകമാകും. പ്രായപൂർത്തിയാകാത്തയാൾക്ക് വാഹനം നൽകിയതിൽ വാഹനത്തിന്റെ ഉടമയായ പിതാവിന്റെ ഉത്തരവാദിത്വവും പൊലീസ് പരിശോധിച്ചുവരികയാണ്.