ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഒരു ഇന്ത്യൻ വംശജൻ സ്ഥാനം ഏൽക്കാനുള്ള എല്ലാ വഴികളും തെളിഞ്ഞു. പുതിയ നാടകീയ നീക്കങ്ങൾ ഒന്നുമില്ലെങ്കിൽ മുൻ ചാൻസിലർ റിഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി അലങ്കരിക്കും. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ബോറിസ് ജോൺസൺ രംഗത്ത് വന്നെങ്കിലും 57 പേരുടെ പരസ്യ പിന്തുണ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. എന്നാൽ റിഷി സുനക് 100 എംപിമാരുടെ പിന്തുണ എന്ന കടമ്പ നേരത്തെ കടന്നിരുന്നു.

പെന്നി മൊർഡോണ്ട് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെങ്കിലും ആവശ്യമായ പിന്തുണ ഇനിയും ഉറപ്പാക്കാനായിട്ടില്ല. എന്ന് ഉച്ചയ്ക്ക് 2.00 വരെയാണ് അവസാനഘട്ട സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിനുള്ള സമയപരിധി. നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ഋഷി സുനക്കിക് 180 എംപിമാരുടെ പിന്തുണയാണുള്ളത്. എന്നാൽ പെന്നി മൊർഡോണ്ടിന് 25 പേരുടെ പിന്തുണ നേടാനെ ഇതുവരെ ആയിട്ടുള്ളൂ.

ബോറിസ് ജോൺസൺ സ്വയം പിന്മാറ്റം പ്രഖ്യാപിച്ചതിനെ റിഷി സുനക് സ്വാഗതം ചെയ്തു. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ പാർട്ടി തല നേതൃത്വനിലയിലേക്ക് മുന്നേറാനാണ് ബോറിസ് ജോൺസൺ തൻറെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. പ്രതിപക്ഷ നിരയിൽ നിന്ന് ശക്തമായ രാഷ്ട്രീയ അക്രമം ആണ് ഭരണപക്ഷത്തിനെതിരെ ഉണ്ടായിരിക്കുന്നത്. പാർലമെൻറ് പിരിച്ചുവിട്ട് പൊതു തിരഞ്ഞെടുപ്പിലൂടെ പുതിയ സർക്കാരിനെ അവരോധിക്കണമെന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ ശക്തമായി ആവശ്യപ്പെട്ടു.

ഇന്ത്യൻ കമ്പനിയായ ഇൻഫോസിൻെറ സ്ഥാപകനായ നാരായണമൂർത്തിയുടെ മരുമകനാണ് റിഷി സുനക്. കഴിഞ്ഞ പാർട്ടി തല നേതൃ മത്സരത്തിൽ അവസാന ഘട്ടത്തിൽ ലിസ് ട്രസിനോട് പരാജയമടയുകയായിരുന്നു.
ഫിലോസഫിയിലും പൊളിറ്റിക്സിലും എക്കണോമിക്സിലും ബിരുദം കരസ്ഥമാക്കിയ ശേഷം കാലിഫോർണിയ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ആണ് ഋഷി സുനാക് പഠനം തുടർന്നത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ വച്ചാണ് ഋഷി സുനാക്ക് നാരായണമൂർത്തിയുടെ മകളായ അക്ഷിത മൂർത്തിയെ കണ്ടുമുട്ടിയത്. 2009-ൽ ബാംഗ്ലൂരിൽ വച്ചായിരുന്നു ഇവരുടെ വിവാഹം . രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കാലിഫോർണിയ, ഇന്ത്യ, ബ്രിട്ടൺ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള നിക്ഷേപ സ്ഥാപനങ്ങളിൽ അദ്ദേഹം ജോലി ചെയ്തിരുന്നു. പിന്നീട് 536 മില്യൺ പൗണ്ടിൻെറ പ്രാരംഭ നിക്ഷേപവുമായി 2010 -ൽ അദ്ദേഹം സ്വന്തം ബിസിനസ് ആരംഭിച്ചു.