ആലപ്പുഴ: കടൽഭിത്തിക്കിടയിൽ അകപ്പെട്ട് മരണമുഖത്തെത്തിയ കടലാമയെ ഗ്രീൻ റൂട്സ് പ്രവർത്തകർ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം പല്ലന ഹൈസ്കൂളിന് പടിഞ്ഞാറുവശത്തു നിന്നാണ് 35 കിലോയോളം ഭാരമുള്ള ആണ്കടലാമയെ രക്ഷപ്പെടുത്തിയത്. ശക്തമായ തിരയിൽ കടൽഭിത്തിക്കിടയിൽ അകപ്പെട്ട കടലാമയെ നാട്ടുകാർ രാവിലെ മുതൽ കണ്ടിരുന്നു. കടൽ പ്രക്ഷുബ്ധം ആയതിനാൽ രക്ഷപ്പെടുത്താനായില്ല ഉപയോഗശൂന്യമായി കടലിൽ ഒഴുകി നടന്ന വലയിൽ കുരുങ്ങിയ ഒലിവ് റിഡ്ലി ഇനത്തിൽ പെട്ട ആണ് കടലാമയാണ് ശക്തമായ കടൽ ക്ഷോഭത്തിൽ പെട്ട് പാറയിടുക്കിൽ അകപ്പെട്ടത്. പുറം തോടിനും ചിറകിനും ചെറിയ പരിക്കുകളുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ചാണ് ഗ്രീൻറൂട്സ് പ്രവത്തകർ രക്ഷാ പ്രവർത്തനത്തിനെത്തിയത്. സജി ജയമോഹൻ, നിവിൻ രവി എന്നിവരോടൊപ്പം നാട്ടുകാരായ റിട്ടയേർഡ് ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ മുഹമ്മദ് മുസ്തഫ, ഫൈസൽ, പടന്നയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. പിന്നീട് ആമയെ ആലപ്പുഴ ജില്ലാ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ സേവ്യറിന്റെ സാന്നിധ്യത്തിൽ തോട്ടപ്പള്ളിയിൽ നിന്നും കടലിലേയ്ക്കു വിട്ടു.
Leave a Reply