കാസർകോട് വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ ദീപു ഫിലിപ്പിന്റെ ഭാര്യ ബേബിയാണ് ദുരിത ജീവിതം തള്ളി നീക്കുന്നത്. ഒളിച്ചോടിയ ഭർത്താവിനെ ഫെയ്സ്ബുക്കിൽ കണ്ടതോടെ തിരിച്ചുകിട്ടാനായി പൊലീസിന്റെ സഹായം തേടി യുവതിയും പിഞ്ചു കുഞ്ഞുങ്ങളും. ജോലി അന്വേഷിക്കാനെന്ന പേരില്‍ മുങ്ങിയ ഭർത്താവിനെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലായിരുന്നു. വിവാഹ ശേഷം ബേബി രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുമ്പോള്‍ ജോലി അന്വേഷിക്കാനെന്ന പേരിൽ ദീപു ഒൻപതു മാസം മുൻപ് എറണാകുളത്തേക്കു പോയി. പിന്നീട് യാതൊരു വിവരവുമുണ്ടായിരുന്നില്ല.

രണ്ടാമെത്തെ കുഞ്ഞും ഇതിനിടയിൽ ജനിച്ചു. ബേബിക്കും കുഞ്ഞുങ്ങൾക്കും ജീവിക്കാൻ വകയില്ലാതായി. അങ്ങനെയിരിക്കെയാണ് അയൽവാസിയുടെ ഫെയ്സ ബുക്ക് അക്കൗണ്ടില്‍ ബേബി ദീപുവിനെ കണ്ടതും പൊലീസിനെ സമീപിച്ചതും.

കാസർകോട് ബന്തടുക്ക പടുപ്പ് സ്വദേശിനിയായ ബേബി എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ തയ്യൽ ജോലിക്കാരിയായിരുന്നു. കാസര്‍കോടേക്കുള്ള യാത്രയ്ക്കിടെയാണ് ദീപുവിനെ പരിചയപ്പെടുന്നത്. ഇത് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലും നീണ്ടു. താന്‍ ഹിന്ദുവാണെന്നും അച്ഛനും അമ്മയുമില്ലെന്നുമാണ് ദീപു ബേബിയോട് പറഞ്ഞിരുന്നത്. എറണാകുളം കാക്കനാട് ശിവക്ഷേത്രത്തിൽ വെച്ച് 2009 ഫെബ്രുവരി മാസം പതിമൂന്നാം തീയതി ഇരുവരും വിവാഹിതരായി. ഇതിനിടെ ഇരുവര്‍ക്കും ഒരു കുഞ്ഞുണ്ടായി.

വിവാഹ ശേഷം എറണാകുളത്തെ വാടകവീട്ടില്‍ വച്ചാണ് തനിക്ക് അച്ഛനും അമ്മയും ഒരു സഹോദരിയുമുണ്ടെന്നും ക്രിസ്ത്യാനിയാണെന്നും നാട്ടിൽ പോയാൽ മതം മാറണമെന്നും ദീപു ബേബിയോട് പറഞ്ഞത്. അങ്ങനെ ഇരുവരും കാസര്‍കോട് വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ ദീപിന്റെ വീട്ടിലെത്തി. പുന്നക്കുന്ന് പള്ളിയിൽ പോയി ബേബി മതം മാറി. ക്രിസ്ത്യൻ ആചാര പ്രകാരം വീണ്ടും വിവാഹിതരായി. നായ്ക്ക വിഭാഗത്തിൽപ്പെട്ട തന്നെ ദീപു വിവാഹം കഴിച്ചത് ഭർത്താവിന്റെ അമ്മയ്ക്കും സഹോദരിക്കും ഇഷ്ടമായിരുന്നില്ലെന്ന് ബേബി പറയുന്നു. ഇതിനിടെ ബേബി രണ്ടാമതും ഗര്‍ഭിണിയായി.

ഭര്‍ത്താവിന്റെ വീട്ടില്‍ ഇപ്പോഴും ദീപുവിന്റെ മുറിയില്‍ കയറാന്‍മാത്രമേ തനിക്ക് അധികാരമുള്ളൂവെന്ന് ബേബി പറഞ്ഞു. പറക്കമുറ്റാത്ത രണ്ട് കുട്ടികളെയും കൊണ്ട് ജോലിക്ക് പോകാന്‍ സാധിക്കില്ല. നാട്ടുകാരുടെയും അയൽവാസികളുടെയും സഹായം കൊണ്ടാണ് പട്ടിണിയില്ലാതെ കഴിയുന്നത്. ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും സന്ധ്യയാകുമ്പോൾ കുട്ടികളെയും കൊണ്ട് അയൽ വീട്ടിൽ അന്തിയുറങ്ങാൻ പോകും. വെള്ളരിക്കുണ്ട് പോലീസിലും ഭീമനടി ഗ്രാമീണ കോടതിയിലും ബേബി ഭർത്താവ് ദീപുവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. തുടര്‍ന്ന് പൊലീസ് കോടതിയിൽ ഹാജരാക്കിയ ദീപു ഭാര്യയേയും മക്കളെയും നോക്കിക്കൊള്ളാമെന്നു പറഞ്ഞെങ്കിലും അവിടെ നിന്നു വീണ്ടും മുങ്ങി. ദീപു ഇപ്പോൾ എറണാകുളത്ത് മറ്റൊരു വിവാഹം കഴിച്ചതായും ബേബി പറയുന്നു. ഇതിനിടെയാണ് അയല്‍വാസിയുടെ ഫോണില്‍ ദീപുവിന്റെ ഫെയ്സ്ബുക്ക് പേജ് കാണുന്നത്.