വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബത്തിന്റെ വാഹനം നദിയില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്ന് അധികൃതര്‍. സന്ദീപ് തോട്ടപ്പള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദ്ധാര്‍ത്ഥ് (12) സാചി (ഒന്‍പത്) എന്നിവരെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനമുള്‍പ്പടെ ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായത്. പോര്‍ട്ലാന്‍ഡില്‍നിന്ന് സാന്‍ ഹൊസേയിലുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായത്. ഒഴുക്കുള്ള നദിയില്‍ ഇവര്‍ സഞ്ചരിച്ച ചുവപ്പ് നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം മലവെള്ള പാച്ചിലില്‍ ഒഴുകിപ്പോയതാകാമെന്നാണ് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ കരുതുന്നത്.
ഇവര്‍ സഞ്ചരിച്ച വാഹനത്തിന് സമാനമായ വാഹനം ഡോറ ക്രീക്കിന് അടുത്തുവച്ച് റോഡില്‍നിന്ന് ഈല്‍ നദിയിലേക്ക് വീണതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി യാത്രക്കാരെ രക്ഷപെടുത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ വാഹനം പൂര്‍ണമായി ഒഴുക്കില്‍പ്പെട്ട് നദിയില്‍ കാണാതായെന്നാണ് വിവരം.
കനത്ത മഴയെത്തുടര്‍ന്നുള്ള ശക്തമായ ഒഴുക്കു മൂലം വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. വാഹനം കണ്ടെത്താന്‍ നദിയില്‍ നിരീക്ഷണം നടത്തിവരികയാണെന്ന് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ പറഞ്ഞു. തോട്ടപ്പള്ളി കുടുംബാംഗങ്ങള്‍ സഞ്ചരിച്ച വാഹനത്തിന് സമാനമായ വാഹനം തന്നെയാണ് ഒഴുക്കില്‍പ്പെട്ടതെന്നും ഹൈവേ പട്രോള്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ മലയാളി കുടുംബത്തിന്റെ വാഹനം തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ഇവരുടെ വാഹനത്തിന് പിന്നിലായി സഞ്ചരിച്ചിരുന്ന ഒറിഗോണ്‍ സ്വദേശികളായ പാറ്റ് ബെര്‍കോവിസ്, ഭാര്യ ലോറ എന്നിവരാണ് വാഹനം ഒഴുക്കില്‍ പെടുന്നത് കണ്ടെന്ന വിവരം പോലീസിനെ അറിയിച്ചത്. ഇവരുടെ മുന്നില്‍ സഞ്ചരിച്ചിരുന്ന വാഹനം റോഡില്‍ നിന്നും തെന്നി താഴെ ഒഴുകിക്കൊണ്ടിരുന്ന വെള്ളത്തിലേക്ക് പതിക്കുന്നതായി കണ്ടു എന്നാണ് ഇവര്‍ പോലീസിനെ വിളിച്ചറിയിച്ചത്. വാഹനം നിര്‍ത്തി ഇവര്‍ നോക്കിയെങ്കിലും കുത്തിയൊഴുകുന്ന വെള്ളപ്പാച്ചില്‍ അല്ലാതെ മറ്റൊന്നും കാണാനായില്ല.
മുപ്പതോളം വരുന്ന തെരച്ചില്‍ സംഘം ഇന്നലെയും നദിയില്‍ തെരച്ചില്‍ നടത്തിയെങ്കിലും യാതൊരു സൂചനകളും ലഭിച്ചിട്ടില്ല. കനത്ത മഴയും നദിയിലെ ഒഴുക്കും തെരച്ചില്‍ സംഘത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
Leave a Reply