പുതിയ കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. മെയ് 20ന് വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ. ചടങ്ങില്‍ പരമാവധി 200 പേര്‍ക്കാണ് പ്രവേശനം.

ഇത്തവണ സത്യപ്രതിജ്ഞ രാജ്ഭവനില്‍ വച്ച് നടത്താന്‍ ആദ്യം നിര്‍ദേശമുണ്ടായിരുന്നു. പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഒറ്റഘട്ടമായി ആയിരിക്കും നടത്തുന്നത്. 20ന് മുന്‍പ് ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കും. ഇടത് മുന്നണി യോഗത്തില്‍ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകും. 20ാം തിയതി മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറുമെന്നും വിവരം.

ആകെയുള്ള 140 അംഗങ്ങളുള്ള സഭയിൽ 99 പേരാണ് ഇടതുമുന്നണിയിൽ നിന്ന് ഇത്തവണ നിയമസഭയിലേക്ക് ജയിച്ചുകയറിയത്. ഇതിൽ സ്വതന്ത്രർ ഉൾപ്പെടെ 67 പേർ സിപിഎമ്മിനുണ്ട്. അതേസമയം,17 പേരാണ് സിപിഐയിൽ നിന്ന് ജയിച്ചത്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ നിന്നും നിന്ന് അഞ്ച് പേരും ജെഡിഎസ്, എൻസിപി എന്നീ പാർട്ടികളിൽ നിന്ന് രണ്ട് പേർ വീതവും വിജയിച്ചു. കേരള കോൺഗ്രസ് ബി, എൽജെഡി തുടങ്ങിയ മറ്റ് ഇടത് കക്ഷികൾ ഓരോ സീറ്റിലും വിജയിച്ചിട്ടുണ്ട്.