ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ കൊടുങ്കാറ്റും മഴയും ഭീഷണി ഉയർത്തുന്നു. സ്റ്റോം ഓസ്റ്റിന് പിന്നാലെ സ്റ്റോം ബൊലോ ശനിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീശുമെന്നാണ് കാലാവസ്ഥാ പ്രവചനം. സ്കോട്ട് ലൻഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വടക്കൻ അയർലൻഡിന്റെ ചില ഭാഗങ്ങളിലും വടക്കൻ ഇംഗ്ലണ്ടിലും ശനിയാഴ്ച രാത്രി ഒൻപത് മുതൽ ഞായറാഴ്ച രാത്രി ഒൻപത് വരെ അംബർ കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 60 മുതൽ 70 മൈൽ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും തുറന്ന സ്ഥലങ്ങളിലും കാറ്റിന്റെ വേഗം മണിക്കൂറിൽ 80 മൈൽ (128 കിലോമീറ്റർ) വരെ എത്തിയേക്കാം. ഗതാഗത തടസ്സങ്ങൾക്കും വൈദ്യുതി മുടക്കത്തിനും പ്രാദേശിക വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

വെള്ളിയാഴ്ച വീശിയ സ്റ്റോം ഓസ്റ്റിൻ തെക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും വ്യാപക നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതോടെ റോഡുകളിലും റെയിൽപാതകളിലും ഗതാഗതം തടസ്സപ്പെട്ടു. ബ്രൈറ്റണിലെ ചരിത്രപ്രസിദ്ധമായ വെസ്റ്റ് പിയറിന്റെ ഒരു ഭാഗം കടലിലേക്ക് തകർന്നുവീണു. നാഷണൽ ഗ്രിഡിന്റെ കണക്കനുസരിച്ച് 60,000ത്തിലധികം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും വെള്ളിയാഴ്ച വൈകുന്നേരവും 10,000ത്തിലധികം വീടുകൾ വൈദ്യുതിയില്ലാതെ തുടരുകയായിരുന്നു. പുതിയ കൊടുങ്കാറ്റിനെ തുടർന്ന് കൂടുതൽ വൈദ്യുതി മുടക്കമുണ്ടാകാമെന്ന ആശങ്കയുമുണ്ട്. ശനിയാഴ്ച രാത്രി ഒൻപതിന് ശേഷം ചില ട്രെയിൻ സർവീസുകൾ റദ്ദാക്കുമെന്ന് സ്കോട്ട്‌റെയിൽ അറിയിച്ചിട്ടുണ്ട്.

വാരാന്ത്യത്തിലും ശക്തമായ കാറ്റും കനത്ത മഴയും തുടരുമെന്നാണ് പ്രവചനം. മഴവെള്ളം റോഡുകളിൽ കെട്ടിനിൽക്കുന്നതും കാറ്റിനൊപ്പം മഴ ശക്തമാകുന്നതും ഡ്രൈവിങ് അപകടകരമാക്കും. ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുമുണ്ട്. ഞായറാഴ്ചയോടെ രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും മഴ ക്രമേണ കുറയുമെങ്കിലും വടക്കുകിഴക്കൻ സ്കോട്ട് ലൻഡിൽ മഴ തുടർന്നേക്കാം. തിങ്കൾ, ചൊവ്വ ദിവസങ്ങളിലും അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപപ്പെടുന്ന മറ്റൊരു ന്യൂനമർദം ബ്രിട്ടനിൽ മഴയ്ക്കും ശക്തമായ കാറ്റിനും കാരണമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഈ ന്യൂനമർദം പുതിയ കൊടുങ്കാറ്റായി പേരിടേണ്ടത്ര ശക്തമാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.











Leave a Reply