ചെന്നൈ: മാതാപിതാക്കള്‍ നോക്കിനില്‍ക്കെ കോളേജ് ഹോസ്റ്റലിന്റെ അഞ്ചാംനിലയില്‍നിന്ന് ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കി. ശ്രീപെരുമ്പുത്തൂരിനടുത്ത തണ്ടലത്തുള്ള സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിനി അഭിനയ(19)യാണ് മരിച്ചത്.അരിയല്ലൂരില്‍ സിമന്റ് ഫാക്ടറിയില്‍ മാനേജരായ കര്‍ണാടകസ്വദേശി തങ്കകുമാറിന്റെ മകളാണ്. അടുത്തിടെ കോളേജ് തുറന്നപ്പോള്‍ നാട്ടില്‍നിന്ന് ചെന്നൈയിലെത്തിയ അഭിനയ കാമ്പസിനടുത്തുള്ള ഹോസ്റ്റലിലായിരുന്നു താമസം. ചെന്നൈയിലേക്ക് പോകുന്നില്ലെന്ന് അഭിനയ വാശിപിടിച്ചിരുന്നെങ്കിലും മകളുടെ പഠനം മുടക്കേണ്ടെന്നുകരുതി നിര്‍ബന്ധിച്ച് അയക്കുകയായിരുന്നു. പഠനത്തില്‍ താത്പര്യം കാട്ടാത്തതിനാല്‍ അഭിനയയെ നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് തങ്കകുമാറും ഭാര്യയും തിങ്കളാഴ്ച ചെന്നൈയിലെത്തിയത്.

  ഇന്ന് വിജയദശമി, അറിവിന്റെ ആദ്യാക്ഷരം നുകർന്ന് കുരുന്നുകൾ; ക്ഷേത്രങ്ങളിൽ വലിയ തിരക്ക്....

നാട്ടിലേക്ക് പുറപ്പെടുംമുമ്പ് ഹോസ്റ്റല്‍ മുറിയില്‍നിന്ന് സാധനമെടുക്കാനെന്നുപറഞ്ഞുപോയ അഭിനയ അഞ്ചാംനിലയിലെ ബാല്‍ക്കണിയില്‍നിന്ന് ചാടുകയായിരുന്നു. രക്ഷിതാക്കള്‍ കെട്ടിടത്തിനുതാഴെ നില്‍പ്പുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിനയയെ ഉടന്‍ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ശ്രീപെരുമ്പുത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കോളേജില്‍നിന്നോ വീട്ടില്‍നിന്നോ സുഹൃത്തുക്കളില്‍നിന്നോ അഭിനയയ്ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടത്തുന്നതായി ശ്രീപെരുമ്പുത്തൂര്‍ പോലീസ് അറിയിച്ചു.