ലണ്ടന്‍: അമേരിക്കയുടെ തീരുമാനത്തിന്റെ ചുവട് പിടിച്ച് വിമാന യാത്രക്കാര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിക്കാന്‍ ബ്രിട്ടന്‍ എടുത്ത തീരുമാനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച് വ്യോമയാന സുരക്ഷാ വിദഗ്ദ്ധര്‍. ആറ് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടര്‍ക്കി, ലെബനന്‍, ജോര്‍ദാന്‍, ഈജിപ്റ്റ്, ടുണീഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് നിരോധിക്കപ്പെട്ടവയുടെ പട്ടികയിലുള്ളത്. മൊബൈല്‍ ഫോണിനേക്കാള്‍ വലിപ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനാണ് വിലക്ക്.
എന്നാല്‍ വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഈ തീരുമാനത്തെ അതിശയത്തോടെയാണ് നോക്കിക്കാണുന്നത്. സ്‌ഫോടകവസ്തു ഘടിപ്പിച്ച ലാപ്‌ടോപ്പും അല്ലാതെയുള്ളവയും തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മുടെ നിരീക്ഷണ സംവിധാനങ്ങള്‍ വന്‍ പരാജയമാണെന്ന് ഏവിയേഷന്‍ സെക്യൂരിറ്റി ഇന്റര്‍നാഷണല്‍ മാഗസിന്‍ എഡിറ്റര്‍ ഫിലിപ്പ് ബോം പറഞ്ഞു. ക്യാബിന്‍ ബാഗേജില്‍ ലാപ്‌ടോപ്പുകള്‍ പോലെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നത് വിലക്കിക്കൊണ്ട് റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് ട്വീറ്റ് ചെയ്തതോടെയാണ് വിഷയം ഉയര്‍ന്നത്.
പത്ത് എയര്‍ലൈനുകളില്‍ എത്തുന്ന യാത്രക്കാര്‍ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവ കൊണ്ടുവരുന്നത് അമേരിക്ക ഇന്നലെയാണ് വിലക്കിയത്. ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചതിനു പിന്നാലെ ബ്രിട്ടനും ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ ക്യാബിന്‍ ബാഗേജില്‍ ഇത്തരം ഉപകരണങ്ങള്‍ നിരോധിച്ചു. കഴിഞ്ഞ വര്‍ഷം സോമാലിയയില്‍ വിമാനത്തിലുണ്ടായ സ്‌ഫോടനം ഇത്തരം ഉപകരണത്തില്‍ ഒളിപ്പിച്ച് കടത്തിയ ബോംബ് ഉപയോഗിച്ചായിരുന്നുവെന്നാണ് ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം.
സെക്യൂരിറ്റി ചെക്ക് പോയിന്റ് കഴിഞ്ഞതിനു ശേഷമാണ് മൊഗാദിഷുവില്‍ നിന്ന് ജിബൂട്ടിയിലേക്ക് പോയ ഡാലോ എയര്‍ലൈന്‍ വിമാനത്തിലെ യാത്രക്കാരന് ലാപ്‌ടോപ്പ് ലഭിച്ചതെന്ന് ഫിലിപ്പ് ബോം പറയുന്നു. അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന മൊറോക്കോ, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് ബ്രിട്ടന്‍ വിലക്ക് ഏര്‍പ്പെടുത്താത്തതിലും ആശ്ചര്യം പ്രകടിപ്പിക്കുകയാണ് വിദഗ്ദ്ധര്‍