ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യരുടെ പകരക്കാരനായി സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താതിരുന്നതിനു പിന്നില്‍ വില്ലനായത് നായകന്‍ രോഹിത് ശര്‍മയെന്നു റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയയുമായുള്ള പരമ്പരയില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താമെന്നായിരുന്നു സെലക്ടര്‍മാരുടെ അഭിപ്രായമെന്നും പക്ഷെ നായകന്‍ രോഹിത് ശര്‍മ ഇതിനെ എതിര്‍ക്കുകയായിരുന്നുവെന്നും
ക്രിക്ക് അഡിക്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദിനത്തില്‍ സഞ്ജുവിനെ ആവശ്യമില്ലെന്നും കെഎല്‍ രാഹുല്‍ ധാരാളമാണെന്നും രോഹിത് നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സഞ്ജുവിനെ സെലക്ടര്‍മാര്‍ തഴഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നാലാം നമ്പരില്‍ സൂര്യകുമാര്‍ യാഗവ് ബാറ്റിംഗില്‍ ദയനീയ പരാജയമായതോടെയാണ് സഞ്ജുവിനെ തഴഞ്ഞത് വീണ്ടും ചര്‍ച്ചയാവുന്നത്. ശ്രേയസിനു പകരം സഞ്ജു തീര്‍ച്ചയായും ടീമില്‍ വേണമായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അവസാന ഏകദിനത്തിലെങ്കില്‍ താരത്തെ ഇറക്കണമെന്നാണ് പൊതുവികാരം.

മുംബൈയിലും വിശാഖപട്ടണത്തും നടന്ന മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായതിന് പിന്നാലെയാണ് സൂര്യകുമാര്‍ യാദവ് വിമര്‍ശനത്തിന് വിധേയനായത്. വലംകൈയ്യന്‍ ബാറ്റര്‍ രണ്ട് തവണയും സ്റ്റാര്‍ക്കിന് മുന്നിലാണ് കീഴടങ്ങിയത്. അതിനാല്‍, മൂന്നാം ഏകദിനത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങളുണ്ട്. എന്നിരുന്നാലും മോശം ഫോമിലും താരത്തെ പിന്തുണയ്ക്കുമെന്ന് നിലപാടിലാണ് രോഹിത് ശര്‍മ്മ.