കൊച്ചി ∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി. തങ്കച്ചൻ (86) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാലു തവണ എംഎൽഎയായും ഒരു തവണ മന്ത്രിയായും പ്രവർത്തിച്ച തങ്കച്ചൻ, 2004 മുതൽ 2018 വരെ യുഡിഎഫ് കൺവീനറായിരുന്നു.

1939 ജൂലൈ 29-ന് അങ്കമാലി നായത്തോട് പൈനാടത്ത് ഫാ. പൗലോസിന്റെ മകനായി ജനിച്ച അദ്ദേഹം, നിയമബിരുദം നേടിയ ശേഷം അഭിഭാഷകനായി പ്രവർത്തിച്ചു. 1968-ൽ പെരുമ്പാവൂർ നഗരസഭ ചെയർമാനായപ്പോൾ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർമാനായിരുന്നു. കോൺഗ്രസിന്റെ മണ്ഡലം വൈസ് പ്രസിഡന്റായും പിന്നീട് ബ്ലോക്ക് പ്രസിഡന്റ്, എറണാകുളം ഡിസിസി പ്രസിഡന്റ്, കെപിസിസി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1991-ൽ നിയമസഭാ സ്പീക്കറായും 1995-ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായും സേവനമനുഷ്ഠിച്ചു. കൃഷിക്കു സൗജന്യ വൈദ്യുതി നൽകുന്ന സുപ്രധാന തീരുമാനം എടുത്തത് അദ്ദേഹം ആയിരുന്നു . യുഡിഎഫ് കൺവീനറായിരുന്ന കാലത്ത് മുന്നണിയിലെ കക്ഷികളെ ഏകോപിപ്പിക്കുന്നതിൽ മികവ് തെളിയിക്കുകയും കോൺഗ്രസിലെ വിഭാഗീയത നിലനിന്നിരുന്ന കാലത്ത് സമന്വയത്തിന്റെ മാതൃകയാകുകയും ചെയ്തു.

ഭാര്യ പരേതയായ ടി.വി. തങ്കമ്മ. മക്കൾ: ഡോ. രേഖ, ഡോ. രേണു, വർഗീസ് പി. തങ്കച്ചൻ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നെടുമ്പാശേരിക്കും അങ്കമാലിക്കും ഇടയിലുള്ള അകപ്പറമ്പിലെ യാക്കോബായ പള്ളിയിൽ നടക്കും. മൃതദേഹം വെള്ളിയാഴ്ച രാവിലെ പെരുമ്പാവൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള സൗകര്യം വീട്ടിലാണ് ഒരുക്കിയിരിക്കുന്നത്.