ജൂനിയര്‍ അഭിഭാഷകയെ ക്രൂര മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ ഒളിവില്‍ പോയ അഭിഭാഷകന് ബെയ്ലിന് ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷന് കടവില്‍ നിന്നാണ് ഇയാള്‍ പിടിയായതെന്നാണ് റിപ്പോര്‍ട്ട്. തുമ്പ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിക്കായി പൊലീസ് പൂന്തുറയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും തിരച്ചില്‍ നടത്തിയിരുന്നു.
വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെയാണ് സീനിയര്‍ അഭിഭാഷകനായ ബെയ്ലിന് മര്‍ദിച്ചത്. ബെയ്ലിന് മോപ് സ്റ്റിക് കൊണ്ട് മര്‍ദിക്കുകയായിരുന്നു. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫീസില്‍വെച്ചായിരുന്നു സംഭവം.
സംഭവത്തില്‍ ബെയ്ലിന് ദാസിനെ ബാര്‍ അസോസിയേഷനില്‍നിന്ന് താത്കാലികമായി പുറത്താക്കിയിരുന്നു. മര്‍ദനമേറ്റ ജെ.വി. ശ്യാമിലിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. ഇതോടെ ബെയ്ലിന് ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇത് പരിഗണിക്കാനിരിക്കെയാണ് ഇപ്പോള്‍ ബെയ്ലിന് ദാസ് പിടിയിലായിരിക്കുന്നത്.
തന്റെ ജൂനിയറായ പാറശാല കരുമാനൂര്‍ കോട്ടവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്യാമിലിയെ (26) മര്‍ദിച്ച ശേഷം ബെയ്ലിന് ദാസ് വലിയതുറ കോസ്റ്റല്‍ സ്പെഷല്‍റ്റി ആശുപത്രിയിലെത്തി ചികിത്സ തേടിയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. മുഖത്തു പരുക്കേറ്റെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്. ശ്യാമിലിക്കെതിരെ കൗണ്ടര്‍ കേസെടുപ്പിക്കാനായിരുന്നു ഈ നീക്കമെന്നാണു പൊലീസ് കരുതുന്നത്.
Leave a Reply