കൊച്ചി : അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോയാര്‍ഡില്‍ നുഴഞ്ഞുകയറി ഭീഷണി സന്ദേശം എഴുതിയത് ഗുരുതര സുരക്ഷാ വീഴ്‌ചയെന്നു വിലയിരുത്തല്‍. സന്ദേശം എഴുതിയത് രണ്ടുപേരാണെന്നു പോലീസ് കണ്ടെത്തി. ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
യാര്‍ഡില്‍ നുഴഞ്ഞുകയറിയ അജ്‌ഞാതന്‍ പമ്പ എന്ന ട്രെയിനിന്റെ പുറത്ത് ഗ്രാഫിറ്റി പത്തില്‍ ‘ബേണ്‍’ എന്നും “ആദ്യ സ്‌ഫോടനം കൊച്ചിയില്‍” എന്നും എഴുതിവച്ചതു കടുത്ത സുരക്ഷാഭീഷണി ഉയര്‍ത്തുന്നതാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. രണ്ടിടത്ത് ‘22’ എന്നും എഴുതിയിട്ടുണ്ട്. കേരളത്തില്‍ മതതീവ്രവാദം ശക്‌തമാകുന്നതിനിടെയാണ് സംഭവം. കേരളം തീവ്രവാദികളുടെ പ്രധാന താവളമാണെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
പോലീസിനു പുറമേ എന്‍.ഐ.എയും കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. കഴിഞ്ഞ 22 നാണു യാര്‍ഡില്‍ പാര്‍ക്ക് ചെയ്‌തിരുന്ന ട്രെയിനിന്റെ പുറത്ത് ഇംഗ്ലീഷില്‍ പല നിറത്തിലെ സ്‌പ്രേ പെയിന്റുകൊണ്ടു ഭീഷണി എഴുതിവച്ചത്. എന്‍.ഐ.എ. രാജ്യദ്രോഹത്തിനു കേസെടുത്തെങ്കിലും സംഭവം പുറത്തുവിട്ടിരുന്നില്ല. മെട്രോ പോലീസ് എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ട്രെയിനിന്റെ മൂന്നു ബോഗികളിലും മെട്രോ ലോഗോയ്‌ക്കൊപ്പമാണു ലിഖിതങ്ങള്‍ എന്നു പറയുന്നു. ഈ ട്രെയിനിന്റെ സര്‍വീസ് നിര്‍ത്തിവച്ചു. കൊച്ചി സിറ്റി പോലീസും മെട്രോ അധികൃതരും ഇതുസംബന്ധിച്ച് ഒന്നും പുറത്തുവിട്ടിട്ടില്ല.
എറണാകുളം – ആലുവ റൂട്ടില്‍ മുട്ടം സ്‌റ്റേഷനും അമ്പാട്ടുകാവ് സ്‌റ്റേഷനും ഇടയിലാണ് 45 ഏക്കറിലുള്ള മുട്ടം മെട്രോ യാര്‍ഡ്. സര്‍വീസിനുശേഷം എല്ലാ ട്രെയിനുകളും യാര്‍ഡിലെത്തിച്ചു ദിവസവും പരിശോധന നടത്താറുണ്ട്. യാര്‍ഡിനു ചുറ്റുമായി പത്തടി ഉയരമുള്ള മതില്‍ക്കെട്ടിനു മുകളില്‍ കമ്പി വേലിയുമുണ്ട്. യാര്‍ഡിനോടു ചേര്‍ന്നു ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സായി രണ്ടു ഫ്‌ളാറ്റുകളുമുണ്ട്. മെട്രോയുടെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂം, ഓട്ടോമാറ്റിക്ക് ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാനം, വൈദ്യുതി സബ്‌സേ്‌റ്റഷന്‍ തുടങ്ങിയവ മെട്രോ യാര്‍ഡിലാണ്. 24 മണിക്കൂറും ജോലിക്കാരുമുണ്ട്. ഈ സുരക്ഷാ മേഖലയിലാണു നുഴഞ്ഞു കയറ്റം.
മെട്രോ ട്രെയിനില്‍ ഭീഷണിസന്ദേശമെഴുതിയതു കരാര്‍ തൊഴിലാളികളെന്നു സൂചന. ഇവര്‍ ഇരതസംസ്‌ഥാനക്കാര്‍ ആകാനാണു സാധ്യതയെന്നാണു വിവരം. മെട്രോയുമായി ബന്ധപ്പെട്ട കരാര്‍ ജോലിക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി സ്‌പ്രേ പെയിന്റ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ബോഗികളില്‍ സ്‌ക്രാച്ച് ഉണ്ടാകുമ്പോള്‍ മായ്‌ക്കാനും മറ്റും പല നിറത്തിലുള്ള ഇന്‍സ്‌റ്റന്റ് സ്‌പ്രേ പെയിന്റാണ് ഉപയോഗിക്കുന്നത്. കൂടാതെ പല കാര്യങ്ങള്‍ മാര്‍ക്ക് ചെയ്യാനും സ്‌പ്രേ പെയിന്റാണ് ഉപയോഗിക്കുന്നത്. ഇത്തരം പെയിന്റാണു ഭീഷണി എഴുതാനും ഉപയോഗിച്ചതെന്നാണു കരുതുന്നത്. അന്യസംസ്‌ഥാനക്കാരാണെങ്കില്‍ അവരെ മറ്റാരെങ്കിലും പ്രേരിപ്പിച്ചിട്ടാണോ എന്നതും അന്വേഷിക്കുന്നുണ്ട്.
രാത്രി സര്‍വീസ് അവസാനിപ്പിച്ചശേഷം കൊണ്ടിട്ടപ്പോഴായിരിക്കാം എഴുതിയതെന്നു കരുതുന്നു. സര്‍വീസ് നടത്തുമ്പോള്‍ മിനിട്ടുകള്‍ മാത്രം സ്‌റ്റേഷനുകളില്‍ നിര്‍ത്തുന്നതിനാല്‍ ഇത്രയും നീണ്ട സന്ദേശം എഴുതാന്‍ സമയം കിട്ടില്ല. സുരക്ഷാ ഉദ്യോഗസ്‌ഥരുടെയോ കാമറകളുടെയോ കണ്ണില്‍പ്പെടാതെ യാര്‍ഡിനകത്തേക്കും പുറത്തേക്കും പോവുക എളുപ്പമല്ല. അതിനാലാണു ജീവനക്കാരില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നു സംശയിക്കുന്നത്. തൊട്ടടുത്തുള്ള സ്‌റ്റേഷനുകളുടെ പ്ലാറ്റ് ഫോമില്‍നിന്നു പാളത്തിലിറങ്ങി നടന്നും യാര്‍ഡിലെത്താം. പ്ലാറ്റ് ഫോം പൂര്‍ണമായും കാമറ നിരീക്ഷണത്തിലാണ്. യാര്‍ഡില്‍ സായുധരായ 12 പോലീസുകാര്‍ എപ്പോഴും കാവലുണ്ട്.
സംസ്‌ഥാന പോലീസിന്റെ ഭാഗമായ സംസ്‌ഥാന വ്യവസായ സുരക്ഷാ സേനയ്‌ക്കാണു യാര്‍ഡ് ഉള്‍പ്പെടെയുള്ള മെട്രോ സംവിധാനത്തിന്റെ സുരക്ഷാ ചുമതല. ഇവരുടെ കണ്ണുവെട്ടിച്ചാണു ഭീഷണി എഴുതിയത്.
Leave a Reply