സ്ത്രീകള്‍ കയ്യില്‍ കോണ്ടം കരുതണമെന്നും ബലാത്സംഗം ചെയ്യുന്നവരുമായി സഹകരിക്കണമെന്നും ഉപദേശിച്ച തെലുങ്ക് സംവിധായകന്‍ ഡാനിയേല്‍ ശ്രാവണിന്‍റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. തെലങ്കാനയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഡാനിയേല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അഭിപ്രായം പ്രകടിപ്പിച്ച് കുറിപ്പ് പങ്കുവെച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇയാളുടെ അമ്മ.

വിവാദ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയ ഒരു സംഘം സ്ത്രീകളോട് ഡാനിയേലിന്‍റെ അമ്മയാണെന്ന് പരിചയപ്പെടുത്തിയ സ്ത്രീ പ്രതികരിക്കുന്നതിന്‍റെ വീഡിയോ ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മകനെയോര്‍ത്ത് ലജ്ജിക്കുന്നെന്നും സ്ത്രീകളെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയതിന് ഡാനിയേല്‍ എല്ലാ സ്ത്രീകളോടും മാപ്പ് പറയണമെന്നും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.

കോണ്ടം കൈയില്‍ കരുതിയാണ് ലൈംഗികാതിക്രമത്തെ സ്ത്രീകള്‍ നേരിടേണ്ടത്, ബലാത്സംഗം ചെയ്യുന്നവരുമായി സ്ത്രീകള്‍ സഹകരിക്കുകയാണ് വേണ്ടതെന്നുമാണ് ഡാനിയേലിന്റെ വിവാദപരാമർശം. ‘അക്രമമില്ലാത്ത ബലാത്സംഗം’ സര്‍ക്കാര്‍ നിയമാനുസൃതമാക്കുക വഴി മാത്രമെ ഇത്തരം ക്രൂരമായ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുകയുള്ളുവെന്നും 18 വയസ് പൂർത്തിയായ ഇന്ത്യൻ പെൺകുട്ടികളെ കോണ്ടവും ഡെന്റല്‍ ഡാമുകളും കൈവശം വയ്ക്കുന്നതിനെ കുറിച്ച് ബോധവല്‍ക്കരിക്കണമെന്നും ഡാനിയേല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പരാമർശം വിവാദമായതോടെ ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിരുന്നു. ഡാനിയേലിനെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിലടക്കം ഉയര്‍ന്നത്.