തന്റെ ഉദരത്തിലുളള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കാന്‍സര്‍ ചികിത്സ വേണ്ടന്നു വയ്ക്കുകയും, കുഞ്ഞിന്റെ ജനന ശേഷം മരണമടയുകയും ചെയ്ത ചിയാറോ കോര്‍ബല്ലാ പെട്രീലോയുടെ നാമകരണ നടപടികള്‍ വത്തിക്കാന്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം രണ്ടാം തീയതി റോമിലെ വികാരി ജനറല്‍ കര്‍ദിനാള്‍ ആഞ്ചലോ ഡി ഡൊണടിസാണ് നടത്തിയത്. ‘ദൈവദാസി’ എന്നു വിശേഷിപ്പിച്ചാണ് പെട്രീലോയുടെ അത്ഭുതത്തിനുള്ള സാക്ഷ്യം ക്ഷണിച്ചിട്ടുള്ളത്. നാമകരണ പ്രക്രിയ്ക്കു പരിഗണിക്കുന്നവരെയാണ് സാധാരണയായി ഇങ്ങനെ വിശേഷിപ്പിക്കുന്നത്.

ആരെയും കണ്ണീരില്‍ ആഴ്ത്തുന്നതാണ് ചിയാറോയുടെ ജീവിത കഥ. ഇറ്റാലിയില്‍ ജനിച്ചു വളര്‍ന്ന ചിയാറോ തന്റെ തന്റെ ഭാവിവരനായ എന്റിക്കോ പെട്രീലോയെ ആദ്യമായി കണ്ടു മുട്ടുന്നത് 2002ല്‍ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മെഡ്ജുഗോര്‍ജില്‍ വച്ചാണ്. അന്ന് അവര്‍ക്ക് 18 വയസ്സായിരുന്നു. 2008 സെപ്റ്റംബറില്‍ ഇരുവരും വിവാഹിതരായി. വിവാഹശേഷം നിരവധി പരീക്ഷണങ്ങളാണ് ദമ്പതികള്‍ക്ക് നേരിടേണ്ടി വന്നത്. രണ്ടുവട്ടം ഗര്‍ഭണി ആയെങ്കിലും കുഞ്ഞു ജനിച്ച് അരമണിക്കൂറിനുള്ളില്‍ മരിച്ചുപോയി. ആദ്യ കുഞ്ഞ് ഉദരത്തില്‍ ആയിരുന്ന സമയത്ത് നടത്തിയ അള്‍ട്രാസൗന്‍ഡ് സ്‌കാനിങ്ങില്‍ കുഞ്ഞിന് അനെന്‍സെഫലി എന്ന രോഗമാണെന്നു മനസ്സിലായി.

മരിയ എന്നു പേരിട്ട ആ കുഞ്ഞ് ജനിച്ചു വീണ് അരമണിക്കൂറിനുളളില്‍ മരിച്ചു. രണ്ടാമത്തെ കുഞ്ഞ് ഉദരത്തില്‍ ആയിരുന്നപ്പോള്‍ നടത്തിയ സ്‌കാനിങ്ങില്‍ അവരെ തേടി മറ്റൊരു ദുരന്ത വാര്‍ത്ത എത്തി. കുഞ്ഞിന് കാലുകള്‍ ഇല്ലായിരുന്നു. എന്നാല്‍ വളരെ സന്തോഷത്തോടെ തന്നെ കുഞ്ഞിനെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. എന്നാല്‍ കുഞ്ഞിന് ജീവനു ഭീഷണിയായ മറ്റുചില രോഗങ്ങളും ഉണ്ടെന്നു പിന്നീട് മനസ്സിലായി. ഡേവിഡ് എന്നു പേരിട്ട കുട്ടിക്കും ആയുസ്സുണ്ടായിരുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2010 ല്‍ ചിയാറോ മൂന്നാമതും ഗര്‍ഭണിയായി. കുഞ്ഞ് ഫ്രാന്‍സിസ്‌കോ ഉദരത്തില്‍ ആയിരുന്ന സമയത്ത് ചിയാറോയ്ക്ക് നാവില്‍ കാന്‍സര്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ചികില്‍സ ഉടനെ തുടങ്ങണം എന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ഉദരത്തില്‍ ഉള്ള കുഞ്ഞിന്റെ ജീവനെ അതു ബാധിച്ചേക്കും എന്നു ചിയാറോ ഭയന്നു. സ്വന്തം ജീവനേക്കാള്‍ പ്രാധാന്യം കുഞ്ഞിന്റെ ജീവനുനല്‍കിയ ചിയാറോ ചികിത്സ തേടാന്‍ വിസമ്മതിച്ചു. 2011 ഒക്ടോബറില്‍ ഫ്രാന്‍സിസ്‌കോ ജനിച്ചതിനു ശേഷമാണ് ചിയാറോയ്ക്ക് ചികിത്സ ആരംഭിച്ചത്. അപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ചിരുന്നു. ചിയാറോയ്ക്ക് സംസാരിക്കാനും, കാണാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി. അവസാന നാളുകളില്‍ അവര്‍ ഏറെ വേദന സഹിച്ചാണ് ലോകത്തോടു വിടപറഞ്ഞത്. ചിയാറോയുടെ ജീവിതം പിന്നീട് ‘ചിയാറോ കോര്‍ബല്ലാ പെട്രീലോ– ആനന്ദത്തിന്റെ സാക്ഷി’ എന്ന പേരില്‍ പുസ്തകമായി. അടിയുറച്ച വിശ്വാസമാണ് ദമ്പതികളെ മുന്നോട്ടു നയിച്ചിരുന്നത്.

‘തന്നെക്കാളും അവളെ സ്‌നേഹിക്കുന്ന യേശുവിന്റെ അടുത്തേയ്ക്കാണ് അവളു പോകുന്നതെങ്കില്‍ ഞാന്‍ എന്തിനു വിഷമിക്കണം’ എന്നാണ് ആശ്വസിപ്പിക്കാന്‍ വരുന്നവരോടായി എന്റിക്കോ പറയാറ്. 2012 ജൂണ്‍ 13 ന് ചിയാറോ ലോകത്തോടു വിട പറഞ്ഞു. മനുഷ്യകുലത്തോടുളള സ്‌നേഹം മൂലം കുരിശു മരണം പുല്‍കിയ യേശുവിന്റെ അതേ പാത പിന്തുടര്‍ന്ന് സ്വന്തം ജീവനേക്കാള്‍ ഉദരത്തിലുളള ജീവനു വില കല്‍പ്പിച്ചു മരണമടഞ്ഞ ചിയാറോയുടേത് വിശുദ്ധ ജീവിതമായാണ് പലരും വിലയിരുത്തുന്നത്.