ബെംഗളൂരു∙ കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ട സാഹചര്യത്തിൽ ബൗറിങ് ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ശിവാജിനഗർ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയ്ക്കിടെയാണ് സംഭവം ഉണ്ടായത്. ആശുപത്രി മതിലിനോട് ചേർന്ന് അഭയം തേടിയവരിലേക്കാണ് മതിൽ ഇടിഞ്ഞുവീണതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
എറണാകുളം രാമമംഗലം സ്വദേശികളായ സ്മിതയും ലതയും അപകടത്തിൽ മരിച്ച മലയാളികളാണ്. കുടുംബശ്രീ യൂണിറ്റ് സംഘടിപ്പിച്ച വിനോദയാത്രയുടെ ഭാഗമായി എത്തിയ സംഘത്തിലായിരുന്നു ഇവർ. ആകെ 56 പേർ ഉൾപ്പെട്ട സംഘമാണ് ബെംഗളൂരുവിലെത്തിയത്. മഴയും കാറ്റും ശക്തമായതിനെ തുടർന്ന് മതിലിനോട് ചേർന്ന് ടാർപോളിൻ കെട്ടിയ ഭാഗത്തേക്ക് മാറിയപ്പോൾ ദുരന്തമുണ്ടായി. സംഘത്തിലെ മൂന്ന് മലയാളി സ്ത്രീകൾക്കും പരിക്കേറ്റിട്ടുണ്ട്.
അപകടത്തെ തുടർന്ന് നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഏഴുപേർ മരിച്ചതും ഏഴുപേർക്ക് പരിക്കേറ്റതുമാണെന്ന് ശിവാജിനഗർ എംഎൽഎ റിസ്‌വാൻ അർഷാദ് അറിയിച്ചു. വിവരമറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലത്തെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപയുടെ ധനസഹായവും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും സർക്കാർ പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.











Leave a Reply