ബിഷപ്പ് മാർ‌ മാറി ഇമ്മാനുവേലിന് നേരെ സിഡ്നിയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ് പള്ളിയിൽ ഏപ്രിൽ 15 നുണ്ടായ വധശ്രമത്തെ തുടർന്ന് ഇന്ന് ഓസ്ട്രേലിയൻ ഫെഡറൽ പൊലിസിന്റെ ആഭിമുഖ്യത്തിൽ സിഡ്നിയിൽ വ്യാപകമായ തീവ്രവാദ തിരച്ചിൽ നടന്നു. 400 പൊലിസുകാർ ചേർന്ന് 13 ഇടങ്ങളിൽ നടത്തിയ തിരച്ചിലിൽ ഏഴ് യുവാക്കളെ അറസ്റ്റ് ചെയ്യുകയും അഞ്ച് പേരെ പൊലീസ് ചോദ്യം ചെയ്യുകയുമാണെന്നാണ് വിവരം. എന്നാൽ പിടിയിലായ കൗമാരക്കാരുടെ വിവരങ്ങൾ ലഭ്യമല്ല. അറസ്റ്റിലായവർ പ്രായപൂർത്തിയാകാത്തവരാണെന്നും പ്രതികളെല്ലാം പരസ്പരം അറിയാവുന്നവരാണെന്നും അന്വേഷണം തുടരുകയാണെന്നും പൊലിസ് പറഞ്ഞു.

അക്രമ സ്വഭാവമുള്ള മതതീവ്രവാദ ചിന്തകൾ നിരവധി യുവാക്കൾ വെച്ച് പുലർത്തുന്നുണ്ട്. അത് സംബന്ധിച്ച് ഇവർ തമ്മിൽ വാർത്ത വിനിമയം നടന്നിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. ബാങ്ക്‌സ്‌ടൗൺ, പ്രെസ്റ്റൺസ്, കാസുല, ലുർനിയ, റൈഡാൽമെയർ, ഗ്രീനേക്കർ, സ്‌ട്രാത്ത്‌ഫീൽഡ്, ചെസ്റ്റർ ഹിൽ, പഞ്ച്‌ബൗൾ ഗൗൾബേൺ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.

ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് കമ്മീഷണർ റീസ് കെർഷാവ് നടപടിയെ”മേജർ ഓപ്പറേഷൻ” എന്ന് വിശേഷിപ്പിച്ചു. എ.എഫ്.പി, ന്യൂ സൗത്ത് വെയിൽസ് പൊലീസ്, ന്യൂ സൗത്ത് വെയിൽസ് ക്രൈം കമ്മീഷൻ എന്നിവയ്‌ക്കൊപ്പം ഓസ്ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർ​ഗനൈസേഷനും ഓപ്പറേഷനിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡയറക്ടർ ജനറൽ മൈക്ക് ബർഗെസ് പറഞ്ഞു. ഉദ്യോഗസ്ഥർ സംയുക്ത തീവ്രവാദ വിരുദ്ധ ടീമിൽ ഉൾപ്പെട്ടവരുമാണെന്ന് നാഷണൽ പ്രസ് ക്ലബ്ബ് പ്രസംഗത്തിന് ശേഷം മൈക്ക് ബർഗെസ് പറഞ്ഞു. പൊതു സുരക്ഷയ്ക്ക് നിലവിൽ ഒരു ഭീഷണിയുമില്ലെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേ സമയം ബിഷപ് മാർ മാറി ഇമ്മാനുവേലിന് നേരെ ആക്രമണം നടത്തിയ കൗമാരക്കാരനെതിരേ പൊലീസ് തീവ്രവാദക്കുറ്റം ചുമത്തി. രാജ്യത്തെ നടുക്കിയ സംഭവത്തിൽ ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാണ് കുട്ടിക്കുറ്റവാളിക്കെതിരേ ചുമത്തപ്പെട്ടിരിക്കുന്നത്. സിഡ്‌നിയിലെ കുട്ടികളുടെ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആക്രമണത്തിനിടെ പരിക്കേറ്റ് പൊലീസ് കാവലിൽ കഴിയുന്ന അക്രമി ആശുപത്രിക്കിടക്കയിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി വെള്ളിയാഴ്ച കോടതിയിൽ ഹാജരായി.

മതതീവ്രവാദ പ്രേരണയാലാണ് പതിനാറുകാരൻ ആക്രമണം നടത്തിയതെന്നാണ് ഓസ്‌ട്രേലിയൻ പൊലീസിന്റെ കണ്ടെത്തൽ. ആറു തവണയാണ് ബിഷപ്പിനെ ഇയാൾ കത്തി കൊണ്ട്‌ കുത്തിയത്. പ്രതിയെ തീവ്രവാദ വിരുദ്ധ ടീമിലെ പൊലീസ് വ്യാഴാഴ്ച ചോദ്യം ചെയ്യുകയും തീവ്രവാദ പ്രവർത്തനത്തിന് കുറ്റം ചുമത്തുകയും ചെയ്തു. തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്.