തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസ്സുകാരന്റെ ആരോഗ്യനില മോശമായി തുടരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. അമ്മയും രണ്ടാനച്ഛനും പുറത്തുപോയി വന്നപ്പോള്‍ ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ച് ഏഴുവയസ്സുകാരനോട് രണ്ടാനച്ഛന്‍ ചോദിച്ചു. വ്യക്തമായ ഉത്തരം കിട്ടാത്തതിനെ തുടര്‍ന്നാണ് രണ്ടാനച്ഛന്‍ മൂത്ത കുഞ്ഞിനെ മര്‍ദ്ദിച്ചത്. രണ്ടാനച്ഛന്‍ കുട്ടിയെ നിലത്തിട്ട് പല തവണ ചവിട്ടിയെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. തടയാന്‍ ശ്രമിച്ച അമ്മയുടെ മുഖത്ത് അടിക്കുകയും ചെയ്തു. ഇത് കണ്ട് പേടിച്ച് കരഞ്ഞ മൂത്തകുട്ടിയെ ഇയാള്‍ നിലത്തിട്ട് പല തവണ തലയില്‍ ചവിട്ടി. ഇളയ കുഞ്ഞിനും മര്‍ദ്ദനമേറ്റു. ഏഴുവയസ്സുകാരന്റെ തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തേയും ഇയാള്‍ കുഞ്ഞുങ്ങളെ അടിച്ചിട്ടുണ്ടെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കുട്ടിയെ അബോധാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.   ഗുരുതര പരുക്കേറ്റ കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അബോധാവസ്ഥയിലായ ബാലന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. അമ്മയുടേയും ഇളയ കുട്ടിയുടെയും മൊഴി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. പത്ത് മാസം മുമ്പാണ് കുട്ടികളുടെ പിതാവ് മരിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരനെ കുട്ടികളുടെ അമ്മ വിവാഹം കഴിക്കുകയായിരുന്നു. പൊലീസ് നിരീക്ഷണത്തിലുള്ള ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ ഇളയ സഹോദരനെയും (നാല്) രണ്ടാനച്ഛന്‍ ആക്രമിച്ചതായി പൊലീസ് പറഞ്ഞു. ഈ മര്‍ദനത്തില്‍ കുട്ടിയുടെ പല്ലു തകര്‍ന്നു. കാലുകളില്‍ അടിയേറ്റ പാടുകളുണ്ട്. ഈ കുട്ടിയെ തൊടുപുഴയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ടൊടെയാണ് തൊടുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഏഴ് വയസുകാരനെ ഗുരുതരാവസ്ഥയില്‍ എത്തിച്ചത്. അസ്വാഭാവികത തോന്നിയ ഡോക്ടര്‍മാര്‍ പൊലീസിനെ വിവരമറിയിച്ചു. തലയ്ക്കാണ് ഗുരുതമായി പരിക്കേറ്റത്. സോഫയില്‍ നിന്ന് വീണാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് അമ്മ പറഞ്ഞതെങ്കിലും മുറിവുകള്‍ അങ്ങനെ ഉണ്ടായതല്ലെന്ന് ലക്ഷണങ്ങളില്‍നിന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമായി. തുടര്‍ന്ന് കൂടുതല്‍ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൊലീസ് എത്തിയതോടെയാണ് കാര്യങ്ങള്‍ക്ക് വ്യക്തത വന്നത്. രണ്ടാമത്തെ കുട്ടിക്ക് പരിക്കുണ്ടായതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കിയത്. കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദ് എന്ന യുവാവിനെ തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുക്കുമെന്നും ഡിവൈഎസ്പി കെ.പി.ജോസ് പറഞ്ഞു.

ഏതെങ്കിലും ഭാരമുള്ള വസ്തുകൊണ്ട് കുട്ടിയെ അടിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സഹോദരനില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. കുട്ടിയുടെ മൊഴി പൂര്‍ണ്ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. എന്നാല്‍ ഏഴു വയസുകാരന്റെ പരിക്ക് വിലയിരുത്തുമ്പോള്‍ അതിക്രൂരമായ മര്‍ദ്ദനം നടന്നുവെന്നാണ് നിഗമനം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ഇളയ കുട്ടിയെ താല്‍ക്കാലിക സംരക്ഷണത്തിനു വല്യമ്മയെ ഏല്‍പിച്ചു. യുവതിയുടെ ആദ്യ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ അടുത്ത ബന്ധുവായ അരുണ്‍ യുവതിക്കും മക്കള്‍ക്കുമൊപ്പം താമസിക്കുകയായിരുന്നു. ഇവര്‍ നിയമ പ്രകാരം വിവാഹിതരല്ലെന്നാണ് സൂചന.

തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ ബാലന് കാഴ്ചശക്തിയില്ലെന്നും ഡോക്ടര്‍ അറിയിച്ചു. രണ്ടാനച്ഛന്‍ ജ്യേഷ്ഠനെയും തന്നെയും മര്‍ദ്ദിച്ചെന്ന് അനുജന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മൊഴി നല്‍കി. ജ്യേഷ്ഠനെ വടി ഉപയോഗിച്ച് തലയിലും മുഖത്തും കണ്ണിനും അടിച്ച് നിലത്തു വീഴിച്ചെന്നും ചോര വന്നുവെന്നും കുട്ടി പറഞ്ഞു. ചോര തൂത്തുകളഞ്ഞത് താനാണെന്നുമാണ് കുട്ടിയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അരുണ്‍ ആനന്ദിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75-ാം വകുപ്പു പ്രകാരം കേസെടുക്കാന്‍ ആവശ്യപ്പെട്ട് തൊടുപുഴ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോസഫ് അഗസ്റ്റിന്‍ പറഞ്ഞു. രണ്ടാനച്ഛന്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് തൊടുപുഴ സിഐ അഭിലാഷ് ടോമി പറഞ്ഞു.