മെട്രിസ് ഫിലിപ്പ്

സെവന്റീസ് കളിയെകുറിച്ചു ഓർക്കാറുണ്ടോ ആരെങ്കിലും. 1980-95 കാലഘട്ടങ്ങളിൽ, നാട്ടിൻപുറങ്ങളിലെ ഗ്രൗണ്ടുകളിൽ, രണ്ട് ടീം ആയി നിന്ന്കൊണ്ടുള്ള, ഈ കളിയിൽ, റബ്ബർ ബോൾ കൊണ്ടുള്ള ഏറുകിട്ടാത്തവരുണ്ടോ? ഗ്രൗണ്ടിന്റെ മധ്യഭാഗത്ത്, ഒരു വട്ടത്തിന്റെ നടുവിൽ, 7 കല്ലുകൾ മുകളിൽ, മുകളിൽ അടുക്കി അടുക്കി വെക്കും. മിക്കവാറും, പൊട്ടിയ ഓടിൻ കഷണങ്ങൾ ആയിരിക്കും. എന്നാൽ, പെട്ടെന്ന് ഈ കല്ലുകൾ അടുക്കി വെക്കാൻ സാധിക്കാത്ത രീതിയിൽ ഉള്ള കല്ലുകൾ ആയിരിക്കുകയും ചെയ്യും. കൃത്യമായ ഒരു അകലത്തിൽ നിന്ന് കൊണ്ട്, ചെറിയ റബ്ബർ ബോൾ കൊണ്ട് ഈ അടുക്കി വെച്ചിരിക്കുന്ന കല്ലുകൾ,എറിഞ്ഞു, തട്ടിതെറിപ്പിച്ചിട്ട്ഓടുക. എതിർ ടീം, ഈ ബോൾ കൊണ്ട്, ആ എറിഞ്ഞ ടീമിലെ അംഗങ്ങളെ, ഈ കല്ലുകൾ തിരിച്ച് അടുക്കാൻ സമ്മതിപ്പിക്കാതെ എറിഞ്ഞോടിക്കുക. ഏറുകൊണ്ടാൽ ഔട്ട് ആകും. ഈ കളി മിക്കവാറും മഴയുള്ള സമയത്താണ് കളിക്കുന്നത്. കാരണം, ഏറുകൊണ്ടാലും, പെട്ടെന്ന് വേദനിക്കരുത്.

ഉഴവൂർ കോളേജ് ഗ്രൗണ്ടിൽ, ധോത്തി ക്രിക്കറ്റ് ക്ലബ്ബിലെ അംഗങ്ങൾ, മഴകാലത്ത് സെവന്റീസ് കളിച്ചതുകൊണ്ട്, ദേഹത്തു റബ്ബർ ബോളിന്റെ ഏറുകൊണ്ടതിന്റെ പാട് ഉണ്ടെങ്കിൽ ഈ അവസരത്തിൽ ഒന്ന് തടവിനോക്കുന്നത് നന്നായിരിക്കും.

ഈ സെവന്റീസ് കളിയിലെ 7 കല്ലുകൾ, മനുഷ്യ ജീവിതത്തിന്റെ സ്വപ്നങ്ങളും, പ്രതീക്ഷകളും, നൊമ്പരങ്ങളും എല്ലാം ആയുള്ള വർണ്ണങ്ങൾ ആയി ഈ അവസരത്തിൽ കരുതികൂടെ. മനുഷ്യജീവിതത്തിന്റെ 7 അവസ്ഥകൾ. അതിൽ നല്ലതും ചീത്തയും സന്തോഷവും ദുഃഖവും എല്ലാം നിറഞ്ഞ 7 വർണ്ണങ്ങൾ.

കൊറോണ എന്ന മഹാമാരി കൊണ്ട് തകർന്ന് പോയ എത്രയോ സ്വപ്നങ്ങൾ ഉണ്ടാകാം ഒരോരുത്തരുടെയും ജീവിതത്തിൽ. മരണപെട്ടവർ, ജോലി നക്ഷ്ടപെട്ടവർ, ദുരിതം അനുഭവിക്കുന്നവർ, കുടുംബം, സ്വത്തുക്കൾ എല്ലാം എല്ലാം ഓരോ കല്ലുകൾ ആയി മനുഷ്യ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു.

മറ്റുള്ളവരുടെ ജീവിതത്തിലെ 7 വർണ്ണങ്ങളെ കുറിച്ച് നമ്മൾ ചിന്തിക്കാറുണ്ടോ? നമ്മൾ അറിഞ്ഞോ, അറിയാതെയോ, ഇത് പോലെ മറ്റുള്ളവർക്ക് വിനയാകുന്ന രീതിയിൽ എന്തെങ്കിലും വർണങ്ങളെ തകർത്തിട്ടുണ്ടോ,അതോ ചെയ്തിട്ടുണ്ടോ? ഈ ഏഴുകല്ലുകൾ പോലെ എഴുപത് കല്ലുകൾ ആയി, സ്വപ്‍നങ്ങൾ കൊണ്ട് നടക്കുന്നവർ ഉണ്ടാകും നമ്മുടെ സമൂഹത്തിൽ. അവരുടെ ആ സ്വപ്നങ്ങൾ തട്ടിതെറുപ്പിക്കതെ, അവരെ ചേർത്തുപിടിച്ചുകൊണ്ട്, അവരെ സഹായിക്കാം. നന്മ നിറഞ്ഞ മനസ്സുള്ളവരാകാം. ചിതറിതെറിച്ച കല്ലുകൾ, മറ്റുള്ളവരുടെ ഏറുകൊള്ളാതെ, അടുക്കിവെക്കാം. അപ്പോൾ ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്.

ജീവിതം ഒന്നേ ഉണ്ടാകു. ആ ജീവിതം എങ്ങനെ സന്തോഷത്തോടെ പൂർത്തിയാകാം എന്നാണ് ചിന്തിക്കേണ്ടത്. ഭഗവത് ഗീതയിൽ പറയുന്നപോലെ, “നീ നേടിയതെല്ലാം ഇവിടെ നിന്ന് ലഭിച്ചതാണ്, അത് നാളെ മറ്റൊരുടേതോ ആവും, മാറ്റം പ്രകൃതി നിയമമാണ്‌.”

അവശത അനുഭവിക്കുന്നവർക്ക്, ഒരു ചെറിയ കൈതാങ്ങ് ആകാം. ആകാശത്തു വിരിയുന്ന പ്രകൃതിയുടെ 7 വർണ്ണങ്ങൾ, നമ്മുടെ സഹോദരങ്ങളെ, ചേർത്തുപിടിച്ചുകൊണ്ട്, കാണിച്ചു കൊടുക്കാം. അങ്ങനെ നമ്മുടെയും, അവരുടെയും ജീവിതം ധന്യമാകും. എല്ലാവർക്കും നന്മനിറഞ്ഞ ഒരു ജീവിതം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.