ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുട്ടികളുടെ 1000- ലധികം അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച ലൈംഗിക കുറ്റവാളിക്ക് യുകെയിൽ ശിക്ഷ വിധിച്ചു. ഇയാൾക്ക് 5 വർഷത്തേയ്ക്ക് ഏതെങ്കിലും എ ഐ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) ട്യൂളുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 48 കാരനായ ആന്റണി ഡോവർ എന്നയാളാണ് പ്രതി. ഇത് കൂടാതെ കമ്മ്യൂണിറ്റി ഓർഡറും 200 പൗണ്ടിന്റെ പിഴ ശിക്ഷയും നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവത്തിന്റെ പേരിൽ യുകെയിൽ ശിക്ഷ വിധിക്കുന്ന ഏറ്റവും പുതിയ കേസാണിത്.
ടെക്സ്റ്റ് ടു ഇമേജ് ടൂളുകൾ ഉപയോഗിച്ചാണ് ഇയാൾ കുട്ടികളുടെ നഗ്നചിത്രങ്ങൾ നിർമ്മിച്ചു വന്നിരുന്നത്. എഴുതി കൊടുക്കുന്ന വിവരണങ്ങളുടെ അടിസ്ഥാനത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കുന്ന രീതിയാണിത് . സാധാരണഗതിയിൽ ഉപയോഗിക്കുന്ന ഇത്തരം ടെക്സ്റ്റ് ടു ഇമേജ് സോഫ്റ്റ്‌വെയറുകൾ അനുവദനീയമല്ലാത്ത നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ ഇമേജുകൾ നിർമ്മിക്കില്ല. എന്നാൽ സൈബർ കുറ്റവാളികൾ ഇതിനായി ഡീപ്പ് ഫെയ്ക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
കുട്ടികളുടേതെന്ന് തോന്നിപ്പിക്കുന്ന ലൈംഗിക ചിത്രങ്ങൾ കൃത്രിമമായി നിർമ്മിക്കുന്നത് കടുത്ത ശിക്ഷ നൽകുന്ന നിയമം 1990 -ൽ തന്നെ നിലവിൽ വന്നിരുന്നു. എ ഐ ജനറേഷൻ സാങ്കേതികവിദ്യ പ്രചാരത്തിൽ വന്നതോടെ ഇത്തരം കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. സമാനമായ ഒരു സംഭവത്തിൽ വെയ്ൽസിലെ ബെൻബിഗ് ഷെയറിൽ നിന്നുള്ള ഒരു 17 കാരൻ കൃത്രിമ സ്വഭാവമുള്ള ലൈംഗിക വീഡിയോകളും ചിത്രങ്ങളും നിർമ്മിച്ചതിന് കഴിഞ്ഞ ഫെബ്രുവരിയിൽ ശിക്ഷിക്കപ്പെട്ടിരുന്നു.
ഡീപ്പ് ഫെയക്ക് ഇമേജുകൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടെ ഉപയോഗത്തെ കുറിച്ച് കടുത്ത ആശങ്കയാണ് ഉയർന്നു വന്നിരിക്കുന്നത്. 12 വയസ്സുള്ള തൻറെ മകൻ സുഹൃത്തുക്കളുടെ നഗ്ന വീഡിയോ നിർമ്മിക്കാൻ എ ഐ ആപ്പ് ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് അടുത്തയിടെ നടന്ന ഒരു കേസിന്റെ വിസ്താരവേളയിൽ ഒരു പിതാവ് പറഞ്ഞത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.
Leave a Reply