സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മലയാളി ജയിലില്‍. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയാണ് അറസ്റ്റിലായി ഒരു മാസമായി റിയാദ് മലസ് ജയിലില്‍ കഴിയുന്നത്.

സ്വന്തം ഫെയ്‌സ്ബുക്ക് ഐഡിയില്‍ നിന്നു പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തുവെന്നതാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. സ്വന്തം ഐഡിയില്‍ നിന്നാണെങ്കിലും മന:പ്പൂര്‍വ്വമല്ല താന്‍ ഇങ്ങനൊരു വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് ഇയാളുടെ വിശദീകരണം. അതേസമയം ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ സ്വന്തം ഫെയ്‌സ്ബുക്കില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

പൊതുജന പരാതി പ്രകാരമാണ് മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ കേസ് അധികം വൈകാതെ തന്നെ കോടതിയില്‍ വിചാരണയ്‌ക്കെത്തുമെന്നാണ് വിവരം ലഭിച്ചതെന്ന് മലപ്പുറം കെംഎംസിസി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ സിദ്ദീഖ് തുവ്വൂര്‍ വ്യക്തമാക്കി.

അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച ഫെയ്‌സ്ബുക്ക് ഐഡി, ഇന്റര്‍നെറ്റ് കണക്ഷന്‍, മൊബൈല്‍ ഫോണ്‍ എന്നീ തെളിവുകള്‍ ലഭിച്ചതോടെയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനില്‍ ഉടന്‍ ഹാജരാവണമെന്ന് മലപ്പുറം സ്വദേശിയുടെ ഏജന്റിനു നിര്‍ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്നു സ്‌പോണ്‍സര്‍ക്കൊപ്പമാണ് ഇയാള്‍ സ്റ്റേഷനിലെത്തിയത്.

ഇത്തരം കേസുകളില്‍ പരാതി ലഭിച്ചാല്‍ കേസ് അന്വേഷിക്കുന്ന പോലീസ് സ്‌പോണ്‍സര്‍മാര്‍ വഴിയാണ് പ്രതികളെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുന്നത്.