ശബരിമലയില്‍ ആചാരലംഘനം നടന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് കൊല്ലത്തെ വ്യവസായി സുനിലിന് എതിരെ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. വിഷു ഉല്‍സവത്തിനായി ശബരിമല നട നേരത്തെ തുറന്നതിലും പൂജകള്‍ക്ക് അനുമതി നല്‍കിയതിലും വീഴ്ചയുണ്ടായതായി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നടന്‍ ജയറാം സോപാനത്തില്‍ ഇടക്ക വായിച്ചത് ചട്ടം ലംഘിച്ചാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദേവസ്വം മന്ത്രിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിഷു ഉല്‍സവത്തിനായി ഏപ്രില്‍ പത്തിന് വൈകിട്ടാണ് നട തുറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് മറികടന്ന് ശബരിമല നട അന്നേദിവസം രാവിലെ തുറക്കുകയും വിശേഷാല്‍ പൂജകളുള്‍പ്പെടെ നടത്താന്‍ ഒരാള്‍ക്ക് മാത്രമായി അനുമതി നല്‍കുകയും ചെയ്തു. ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറുടെ അറിവോടെയാണ് വീഴ്ച സംഭവിച്ചത്.കൊല്ലത്തെ വ്യവസായി സുനില്‍ ഈ ദിവസത്തെ പൂജകള്‍ക്കായി നേരത്തെ അനുമതി വാങ്ങിയിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഉദ്യോഗസ്ഥരും സുനിലും തമ്മില്‍ ധാരണയുണ്ടായിരുന്നു. ആചാരലംഘനം തടയാന്‍ തന്ത്രിയുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായില്ല. സന്നിധാനത്തെ ഉച്ചപൂജയ്ക്കിടെ നടന്‍ ജയറാം ഇടയ്ക്ക കൊട്ടിയത് ആചാരലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആചാരലംഘനത്തിന് നാലുപേര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.