ഷാജി കൈലാസിന്റെ സിനിമയിലൂടെയായിരുന്നു റിസബാവയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഷാജി കൈലാസിന്റെ നിരവധി ചിത്രങ്ങളിൽ റിസ ബാവ വേഷമിട്ടിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത അവസാന ചിത്രത്തിൽ പൊലീസ് ഓഫിസറായിട്ടായിരുന്നു റിസബാവയുടെ വേഷം. ശസ്ത്രക്രിയയ്ക്ക് തൊട്ടടുത്ത ദിവസമായിരുന്നു ചിത്രീകരണം. എന്നിട്ടും ജോലിയോടുള്ള ആത്മാർത്ഥതയും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേഷവും കാരണം റിസ ബാവ സെറ്റിൽ ഓടിയെത്തിയതിനെ കുറിച്ച് ഷാജി കൈലാസ് പറയുന്നത്

ഷാജി കൈലാസിന്റെ വാക്കുകൾ :

‘ഷാജി, ഇന്നലെയാണ് എന്റെ ഓപറേഷൻ കഴിഞ്ഞത്. സിനിമ എന്ന് കേട്ടതുകൊണ്ട് ഓടി വന്നതാണ്, ശസ്ത്രക്രിയയുടെ വേദനയോടുകൂടി…ഷൂസ് ഇടാൻ പറ്റുന്നില്ല, ബ്ലീഡിം​ഗ് വരും’. അദ്ദേഹമെന്ന നടന്റെ അഭിനയത്തോടുള്ള ആത്മാർത്ഥതയായിരുന്നു അത്. അദ്ദേഹത്തിന് വേണ്ടി ഞാൻ ആ ഷോട്ട് മാറ്റി, മുക്കാൽ ഭാ​ഗം മാത്രം കാണിക്കുന്ന രീതിയിൽ ഷോട്ട് ചിത്രീകരിക്കുകയായിരുന്നു.

ഡോ. പശുപതി എന്ന ഷാജി കൈലാസ് ചിത്രത്തിലൂടെയായിരുന്നു റിസബാവയുടെ അരങ്ങേറ്റം.ആദ്യം സായ് കുമാറിനെയായിരുന്നു കഥാപാത്രത്തിനായി തെരഞ്ഞെടുത്തിരുന്നത്. എന്നാൽ അവസാന നിമിഷത്തിൽ ഷെഡ്യൂളുകൾ തമ്മിൽ ക്ലാഷ് വന്നതിനാൽ സായ് കുമാർ പിന്മാറി പകരം റിസ ബാവയെ നിർദേശിക്കുകയായിരുന്നു. സ്വാതി തിരുനാൾ എന്ന നാടകത്തിൽ അഭിനയിക്കുകയായിരുന്നു അപ്പോൾ റിസ ബാവ. ആലപ്പുഴയിലെ ഒരു ഉൾനാട്ടിലായിരുന്നു നാടകം. സായ് കുമാറിന്റെ നിർദേശത്തെ തുടർന്ന് രഞ്ജി പണിക്കർ ഉടൻ തന്നെ കാറെടുത്ത് അവിടെ പോയി റിസ ബാവയെ കൂട്ടി. കണ്ടമാത്രയിൽ തന്നെ റിസ ബാവയെ അഭിനയിക്കാൻ ക്ഷണിക്കുകയായിരുന്നുവെന്ന് ഷാജി കൈലാസ് പറയുന്നു.

റിസ ബാവയ്ക്കെപ്പോഴും എല്ലാവരോടും സ്നേഹമായിരുന്നുവെന്ന് ഷാജി കൈലാസ് ഓർക്കുന്നു. പെരുമാറ്റത്തിലും മറ്റും എല്ലാവരോടും ഇഷ്ടമായിരുന്നു. എന്ത് കഥാപാത്രവും വളരെ അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തിയായിരുന്നു റിസ ബാവയെന്ന് ഷാജി കൈലാസ് പറഞ്ഞു. വില്ലൻ കാഥാപാത്രമാണെങ്കിലും അദ്ദേഹത്തിന് അഭിനയിക്കാൻ താത്പര്യമായിരുന്നു. അദ്ദേഹത്തിന്റെ വിയോ​ഗം സിനിമാ ലോകത്തിന് വലിയ നഷ്ടമാണെന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു.