ഷൂസ്ബറി: യുകെ മലയാളികളെ ഞെട്ടിച്ചു ഷൂസ്‌ബറിയിൽ മലയാളി മരണം. ഷൂസ്‌ബെറിയിൽ താമസിക്കുന്ന ഷാജി മാത്യു (46) ആണ് ഇന്ന് വെളുപ്പിന് മരണമടഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണം. നാട്ടിൽ മൂവാറ്റുപുഴ തൃക്കളത്തൂർ പുന്നൊപ്പടി കരിയൻചേരിൽ കുടുംബാംഗമാണ് പരേതൻ. കെ എം മത്തായിയും സൂസനും ആണ് ഷാജിയുടെ മാതാപിതാക്കൾ . സിനി, സിബു എന്നിവർ സഹോദരി സഹോദരന്മാരാണ്. ഷാജി ഒന്നരവർഷം മുൻപാണ് കുടുംബസമേതം യുകെയിൽ എത്തിയത്. ഏഴും പതിനൊന്നും വയസുള്ള നെവിൻ ഷാജിയും കെവിൻ ഷാജിയുമാണ് ഷാജി ജൂബി ദമ്പതികളുടെ മക്കൾ . ഭാര്യ ജൂബി ഷൂസ്ബറി ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു.

ഇന്നലെ പതിവുപോലെ അടുത്തുള്ള നഴ്സിംഗ് ഹോമിൽ ജോലിക്കെത്തിയതായിരുന്നു നഴ്‌സായ ഷാജി. രാത്രി പന്ത്രണ്ടരയോടെ ഷാജിക്ക് ഉണ്ടായിരുന്ന ബ്രേക്ക് എടുത്തു റസ്റ്റ് റൂമിൽ ഇരിക്കെയാണ് അസ്വസ്ഥത തോന്നിയത്. ഉടനടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സ് ഉൾപ്പെടെയുള്ള മലയാളികൾ എത്തുകയും സി പി ർ കൊടുക്കുകയും ചെയ്തു. ആംബുലൻസ് ടീമും സ്ഥലത്തെത്തി. വെറും അഞ്ച് മിനിറ്റ് മാത്രം അകലെയുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുൻപ് തന്നെ മരണം ഷാജി മാത്യുവിനെ കീഴ്‌പ്പെടുത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

സംഘടനയിൽ വളരെ സജീവമായിരുന്നു ഷാജിയും കുടുംബവും. എല്ലാവരുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു ഷാജിക്ക്. യാക്കോബായ സമുദായ അംഗമാണ് പരേതൻ. സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിൽ ആയിരുന്നു ഷാജിയും കുടുംബവും എത്തിയിരുന്നത്.

ഷാജി മാത്യുവിന്റെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബത്തിനെ അറിയിക്കുകയും പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.