ശാലു വിപിൻ
ഇന്ന് മാതൃദിനം. ഒരു ആയുസിൻ്റെ വിലപ്പെട്ട സമയങ്ങളിൽ ഏറെയും തൻ്റെ മക്കളുടെ നല്ല ഭാവിക്കായി സമർപ്പിക്കുന്ന നമ്മുടെ അമ്മമാരുടെ ദിനം.
1908 ൽ അന്ന ജാർവിസ് എന്ന വനിത ആണ് ‘മദേഴ്സ് ഡേ’ എന്ന ആശയം മുന്നോട്ട് വച്ചത്. ഇന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഈ ദിനം വ്യത്യസ്തമായ രീതികളിൽ ആചരിക്കുന്നു. എന്നാൽ അടിസ്ഥാനപരമായി ഈ ദിനത്തിൻ്റെ ആവശ്യം, നമ്മുടെ അമ്മമാരെ ആദരിക്കാനും അവരോട് നന്ദി പ്രകാശിപ്പിക്കാനും ആണെന്ന് പറയാം.
‘അമ്മ’… ലോകത്തിലെ ഏറ്റവും മധുരവും സ്നേഹവും വാത്സല്യവും ഏറിയ വാക്ക്. ഈ ഭൂമിയിലെ ഏറ്റവും ശുദ്ധവും വിശാലവും ആയ സ്നേഹമാണ് ‘അമ്മ’. ഒരു കുഞ്ഞു ജീവൻ തൻ്റെ ഉള്ളിൽ വളരുന്നുണ്ടെന്നു തിരിച്ചറിയുന്ന നിമിഷം തന്നെ ഒരു സ്ത്രീ അമ്മയായി മാറും. ഏറെ ശ്രദ്ധയോടെ, ആ കുഞ്ഞു ജീവനെ പരിപാലിച്ചു തൻ്റെ ഗർഭപാത്രത്തിൽ അവൾ ചുമക്കും. മരണ വേദന എന്നറിഞ്ഞാലും ഉള്ളിൽ ഒത്തിരി ഭയങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മാറ്റി വച്ച് അവൾ ആ കുഞ്ഞിന് ജന്മം നല്കും, മുലയൂട്ടി വളർത്തും. അങ്ങനെ അവൾ ഒരു പുതു തലമുറയെ വാർത്തെടുക്കും.
അതെ, പകരം വെക്കാൻ കഴിയാത്ത ഒരു ‘ജോബ് റോൾ’ തന്നെയാണ് അമ്മയുടേത്. ഒരു കുഞ്ഞു ജനിക്കുമ്പോൾ മുതൽ അമ്മയുടെ ഉത്തരവാദിത്വങ്ങൾ തുടങ്ങുകയായി. സ്നേഹിച്ചു ലാളിച്ച് തെറ്റ് കണ്ടാൽ ശാസിച്ച് ആ കുഞ്ഞിനെ ഒരു നന്മയുടെ മനുഷ്യനായി വളർത്തിയെടുക്കുന്നതിൽ അമ്മയുടെ പങ്ക് ചെറുതല്ല.
അമ്മയുടെ കരുണയും പ്രാർത്ഥനകളും അതുല്യമായ അനുഗ്രഹങ്ങളും ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും നമ്മെ പിന്തുടരുന്നു. ‘വാട്ട് ഈസ് നെക്സ്റ്റ് ?’ എന്ന് ചിന്തിച്ചു പകച്ചു നിന്നു പോയ ജീവിതത്തിലെ പല അപ്രതീക്ഷിത നിമിഷങ്ങളിലും എനിക്ക് പ്രചോദനം നല്കുകയും ശരിയായ വഴിയിൽ മുൻപോട്ട് പോകാനുള്ള ധൈര്യവും ആത്മവിശ്വാസവും പകർന്നതും അമ്മയുടെ മുഖമാണ്. ആ സ്നേഹം, കാരുണ്യം, അതിശയകരമായ ദീർഘവീക്ഷണം ഇവ മൂന്നും എൻ്റെ ജീവിതത്തിൻ്റെ പ്രധാന ഭാഗം ആണ്.
അമ്മയെ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും ഒന്നും ഒരു പ്രത്യേക ദിനം നമ്മൾ മക്കൾക്ക് ആവശ്യം ഇല്ലെന്നാകിലും ഈ ഒരു ദിവസം അവരെ ആദരിക്കാനായി നമുക്ക് ഉപയോഗിക്കാം. നമ്മുടെ അമ്മയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഈ തിരക്കേറിയ ജീവിതത്തിലെ ഏതാനും കുറച്ച് സമയം നമുക്ക് മാറ്റി വയ്ക്കാം. എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ.
ശാലു വിപിൻ : നോർത്തേൺ ലിങ്കൺഷയർ ആൻഡ് ഗൂൾ എൻ എച്ച്എസ് ട്രസ്റ്റിലെ നേഴ്സായി ജോലി ചെയ്യുന്നു. കുടുംബസമേതം സ്കൻതോർപ്പിൽ താമസിക്കുന്നു.
Leave a Reply