നിര്‍മാതാക്കള്‍ക്കെതിരായ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി ന‌ടൻ ഷെയ്ന്‍ നിഗം. തിരുവനന്തപുരത്ത് പറഞ്ഞ വാക്കുകളില്‍ ക്ഷമാപണം നടത്തുന്നു. തന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും പൊതുസമൂഹം മറന്നിട്ടുണ്ടാകില്ല എന്നാണ് വിശ്വാസം. അന്ന് താനും ക്ഷമിച്ച താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ്. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നുവെന്നും ഷെയ്ൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

”കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നു… എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻ ആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം”- ഷെയ്ൻ കുറിച്ചു.

അതേസമയം വിവാദത്തിൽ നടന്‍ ഷെയിന്‍ നിഗമിനെതിരെ നിര്‍മാതാക്കള്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്. മുടങ്ങിയ സിനിമകളുടെ നഷ്ടപരിഹാരം ഈടാക്കുകയാണ് ലക്ഷ്യം. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 19ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗം ചേരും. സംഘടനകളുടെ നീക്കങ്ങൾ ഇനി സുപ്രധാനമായിരിക്കും. അതേസമയം താരസംഘടനയായ ‘അമ്മ’യുടെ യോഗം 22ന് ചേരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിനിടെ ഇതരഭാഷാസിനിമകളിലൊന്നും ഷെയിനിനെ സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബർ ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് ഉൾപ്പെടെ കത്തയച്ചിരുന്നു. നിർമാതാക്കൾ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കരാർ ലംഘനത്തിന് പുറമെ ഒത്തുതീർപ്പ് ചർച്ചകൾ അട്ടിമറിക്കുകയും നിർമാതാക്കളെ മനോരോഗികളെന്ന് വിളിക്കുകയും ചെയ്തതോടെയാണ് ഷെയിനിനെതിരെ ഫിലിം ചേംബർ കടുത്ത നടപടിയെടുത്തത്. സിനിമയ്ക്കുണ്ടായ കോടികളുടെ നഷ്ടംകൂടി ചൂണ്ടിക്കാട്ടി നിർമാതാക്കൾ നൽകിയ കത്തിലാണ് ഷെയിനിനെ ഇതരഭാഷകളിലൊന്നും സഹകരിപ്പിക്കരുതെന്ന് ഫിലിം ചേംബർ ദക്ഷിണേന്ത്യൻ ഫിലിം ചേംബറിനോടും പ്രൊഡ്യൂസേഴ്‌സ് ഗിൽഡിനോടുമടക്കം ആവശ്യപ്പെട്ടത്. നിലവിൽ പൂർത്തിയാക്കിയ സിനിമകളുടെ റിലീസിനെ ബാധിക്കില്ലെങ്കിലും ഫലത്തിൽ ഷെയിനിന് രാജ്യത്താകമാനം സിനിമാമേഖലയുടെ പൂർണ നിസ്സഹകരണം നേരിടേണ്ടിവരും. ഷെയിൻ നിർമാതാക്കളെ മനോരോഗികളെന്ന് വിളിക്കുകയും സർക്കാർ തലത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാനും ശ്രമിച്ചതിന്റെ പേരിലാണ് താരസംഘടനയായ അമ്മയും ഫെഫ്കയും ഒത്തുതീർപ്പ് ചർച്ചകളിൽ നിന്ന് പിന്മാറിയത്. ഷെയിനിന്റെകാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് ഇരുസംഘടനകളും വ്യക്തമാക്കി കഴിഞ്ഞു.