ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന്റെ ആശങ്കകൾ സാമ്പത്തിക വിപണിയിലും പ്രതിഫലിച്ചു. ആഗോള വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ പ്രമുഖ ബ്ലൂ ചിപ് കമ്പനികളുടെ കൂട്ടായ്മയായ എഫ് ടി എസ്‌ ഇ 100 ഇൻഡെകസ് 3.7 ശതമാനം കുറവ് രേഖപ്പെടുത്തി. ജർമ്മനി, ഫ്രാൻസ്, യുഎസ് എന്നിവിടങ്ങളിലും വിപണികൾ തകർച്ചയിലാണ് അവസാനിച്ചത്. എയർലൈൻ, ട്രാവൽ ഫേമുകൾ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്. ആറു വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഫ്ലൈറ്റുകൾക്ക് യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ കോവിഡ് വകഭേദത്തെ സംബന്ധിച്ചുള്ള ആശങ്കകൾ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് പങ്കുവെച്ചിരുന്നു. വാക്സിനുകളുടെ ഫലപ്രാപ്തിയെ പോലും ഗണ്യമായി കുറയ്ക്കാൻ സാധ്യതയുള്ള വകഭേദമാണ് പുതിയതായി കണ്ടെത്തിയിട്ടുള്ളത് എന്ന ആശങ്കയാണ് ലോകം മുഴുവനുള്ള ഓഹരി വിപണികളുടെ തകർച്ചയ്ക്കും കാരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഒരു വർഷത്തിനിടെ എഫ് ടി എസ്‌ ഇ 100 ഇൻഡെക്സിന്റെ ഏറ്റവും ഉയർന്ന തകർച്ചയാണ് ഇന്നലെ രേഖപ്പെടുത്തിയത്. യു കെ യിലെ പ്രമുഖ ബാങ്കുകളായ ലോയിഡ് സ് ബാങ്ക്, നാറ്റ്വെസ്റ്റ്, ബാർക് ലയ്സ് എന്നിവയുടെ ഷെയറുകൾ 7 ശതമാനം തകർച്ച രേഖപ്പെടുത്തി. എഫ് ടി എസ്‌ ഇ ഇൻഡെക്‌സിൽ ഫുഡ് ഡെലിവറി ഫേം ആയ ഒകാടോ മാത്രമാണ് ഉയർച്ച രേഖപ്പെടുത്തിയത്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ ഓൺലൈൻ ഫേമുകൾക്ക് സഹായകരമാകും എന്ന പ്രതീക്ഷയാണ് ഇതിന് കാരണം. പുതിയ കോവിഡ് വകഭേദത്തെ സംബന്ധിച്ചുള്ള ആശങ്കകളാണ് ഓഹരിവിപണികളുടെ തകർച്ചയ്ക്ക് കാരണമെന്ന് ചീഫ് മാർക്കറ്റ് അനലിസ്റ്റായ നീൽ വിൽസൺ വ്യക്തമാക്കി. കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടായാൽ അത് സാമ്പത്തിക വളർച്ചയെ സാരമായ രീതിയിൽ ബാധിക്കുമെന്ന ആശങ്കയാണ് വിപണികളിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. വാൾ സ്ട്രീറ്റിലും ഡൗ ജോൺസ് 2.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ക്രൂഡോയിൽ വിലകളിലും ഗണ്യമായ കുറവാണ് ലോകമെമ്പാടും രേഖപ്പെടുത്തിയത്.


ജർമ്മനി, ഇറ്റലി, ഇസ്രയേൽ എന്നീ രാജ്യങ്ങളും സൗത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഫ്ലൈറ്റുകൾ നിരോധിച്ചിട്ടുണ്ട്. ഇന്ത്യ, സൗത്ത് കൊറിയ, ജപ്പാൻ, ഹോങ്കോങ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഓഹരിവിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവിൽ 59 കേസുകൾ മാത്രമാണ് സൗത്ത് ആഫ്രിക്ക, ഹോങ്കോങ്, ബോട്സ്വാന എന്നിവിടങ്ങളിലായി രേഖപ്പെടുത്തിയെങ്കിലും, ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ വേരിയന്റുകൾ ഇതിന് ഉണ്ടാകാമെന്ന ആശങ്കയാണ് ലോകമെമ്പാടുമുള്ള ഭീതിക്ക് കാരണം.