പാറശാലയില്‍ വിദ്യാര്‍ത്ഥിയായ ഷാരോണ്‍ വധിക്കപ്പെട്ട കേസില്‍ കുറ്റപത്രം തയാറായി. ഷാരോണിനെ കൂട്ടുകാരി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയത് പത്ത് മാസത്തെ ആസൂത്രണത്തിന് ഒടുവിലാണ് എന്ന് കണ്ടെത്തിയിരുന്നു.
ഇടയ്ക്കിടെ ജ്യൂസ് ചലഞ്ച് നടത്തിയത് ഷാരോണിന്റെത് സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ക്കാനാണെന്നും ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ തുല്യപങ്കെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കൊലയില്‍ നേരിട്ട് പങ്കില്ലെങ്കിലും അമ്മാവനും അമ്മയ്ക്കും കൊലപാതകം നടക്കാന്‍ പോകുന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാമായിരുന്നതിനാല്‍ തുല്യപങ്കെന്നാണ് പോലീസ് പറയുന്നത്.
അടുത്തയാഴ്ച കുറ്റപത്രം കോടതിയില്‍ നല്‍കും. പ്രണയനിയെ ജീവനേറെ സ്‌നേഹിച്ച ഷാരോണ്‍. പ്രണയം ആയുധമാക്കി ഷാരോണിനെ കൊന്ന ഗ്രീഷ്മ എന്നൊക്കെയാണ് സിനിമാക്കഥ പോലെ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്.ഡിവൈഎസ്പി എജെ ജോണ്‍സണിന്റെ നേതൃത്വത്തിലാണ് പോലീസ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടുകാരനായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഒന്നര വര്‍ഷത്തിലേറെ പ്രണയിച്ച ഷാരോണിനെ ഒഴിവാക്കാനാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തുയിട്ടുണ്ട്.
ജാതി വ്യത്യാസം മുതല്‍ ഭര്‍ത്താവ് മരിക്കുമെന്ന ജാതകദോഷം വരെയുള്ള നുണക്കഥകള്‍ പയറ്റിയിട്ടും ഷാരോണ്‍ പിന്‍മാറാതിരുന്നതോടെ 2021 ജനുവരി അവസാനം മുതല്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
വിവിധ മാര്‍ഗങ്ങളിലൂടെ അഞ്ച് വധശ്രമങ്ങള്‍ നടത്തി, ഇതെല്ലാം പരാജയപ്പെട്ടതോടെയാണ് ജ്യൂസ് ചലഞ്ച് കണ്ടെത്തിയത്. ആയിരത്തിലേറെ തവണ ഗൂഗിളില്‍ സേര്‍ച്ച് ചെയ്താണ് കഷായത്തിലോ ജ്യൂസിലോ കളനാശിനി കലര്‍ത്തുകയെന്ന ആശയത്തിലേക്ക് ഗ്രീഷ്മയെത്തിയത്.
വിഷം ഉള്ളില്‍ ചെല്ലുന്ന ഒരാളുടെ ആന്തരികാവയവങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് വരെ മനസിലാക്കിയ ശേഷമായിരുന്നു ഷാരോണിനെ വിളിച്ചുവരുത്തി വിഷം കുടിപ്പിച്ചത്. സ്വാഭാവിക മരണം പോലെ തോന്നുമെന്ന ചിന്തയാണ് ഈ മാര്‍ഗം തിരഞ്ഞെടുക്കാന്‍ കാരണമായത്.
കേസില്‍ തെളിവായി ഇരുവരുടെയും രണ്ട് വര്‍ഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ദൃശ്യങ്ങളും ശബ്ദങ്ങളും ഉള്‍പ്പെടെ ആയിരത്തിലേറെ ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തിട്ടുണ്ട്. കേസില്‍ ഗ്രീഷ്മയുടെ പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ 68 സാക്ഷികളുമുണ്ട്.
Leave a Reply