ജമൈക്കയുെട ഷെല്ലി ആന്‍ ഫ്രേസര്‍ നാലാംതവണയും ലോകത്തിലെ വേഗമേറിയ വനിതതാരം. മിക്സ്ഡ് റിലേയില്‍ രണ്ടുദിവസത്തിനിടെ രണ്ടാം തവണ ലോകറെക്കോര്‍ഡ് തിരുത്തിക്കുറിച്ച് അമേരിക്ക സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ട്രിപ്പിള്‍ ജംപില്‍ അമേരിക്കയുടെ ക്രിസ്റ്റ്യന്‍ ടെയിലര്‍ നാലാംതവണയും ലോകചാംപ്യനായി.
രണ്ടുവയസുകാരന്‍ മകന്‍ സിയോനെ സാക്ഷിനിര്‍ത്തി ഷെല്ലി ആന്‍ ഫ്രേസര്‍ ലോകത്തിലെ വേഗമേറിയ വനിതയായി. വേഗമേറിയ അമ്മയും.
കുഞ്ഞിന് ജന്‍മം നല്‍കിയശേഷം ട്രാക്കിലേയ്ക്ക് മടങ്ങിയെത്തിയ 32കാരിക്ക് പിന്നിലായി ബ്രിട്ടന്റെ യുവതാരം ഡിന ആഷര്‍ സ്മിത്തും ഐവറി കോസ്റ്റിന്റെ മേരി ടാലുവും. ഒളിംപിക്സ് ചാംപ്യന്‍ ഇലെയ്ന്‍ സ്മിത്തിന് മെഡല്‍പട്ടികയില്‍ ഇടംപിടിക്കാനായില്ല.മിക്സ്ഡ് റിലേയില്‍ സ്ഥിരം ഫോര്‍മുലയില്‍ നിന്ന് മാറി ആദ്യരണ്ടുലാപ്പില്‍ പുരുഷതാരങ്ങളെ ഇറക്കി പോളണ്ട് തുടക്കത്തില്‍ വമ്പന്‍ ലീഡ് നേടിയെങ്കിലും മൈക്കിള്‍ ചെറി അവസാനലാപ്പിലെ കുതിപ്പിലൂടെ അമേരിക്കയെ ലോകറെക്കോര്‍ഡോടെ പൊന്നണിയിച്ചു.
ജമൈക്ക വെള്ളിയും ബഹ്റൈന്‍ വെങ്കലവും നേടിയപ്പോള്‍ കണക്കുകൂട്ടലുകള്‍ തെറ്റിയ പോളണ്ട് അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. സീസണിലെ മികച്ച സമയംകണ്ടെത്തിയെങ്കിലും ഇന്ത്യ ഏഴാം സ്ഥാനം മാത്രം. 17.92 മീറ്റര്‍ ദൂരംമറികടന്നാണ് ട്രിപ്പിള്‍ജംപ് ഇതിഹാസം അമേരിക്കയുടെ ക്രിസ്റ്റ്യന്‍ ടെയിലര്‍ നാലാം തവണയും ലോകചാംപ്യനായത്.
Leave a Reply