മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ ‘മലൈക്കോട്ടൈ വാലിബൻ’ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകില്ലെന്ന് നിർമാതാവും ആർ.എസ്.പി. നേതാവുമായ ഷിബു ബേബി ജോൺ വ്യക്തമാക്കി. സിനിമ ആദ്യം തന്നെ ഒറ്റഭാഗമായി ഇറക്കാനാണ് തീരുമാനിച്ചിരുന്നത് എന്ന് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, . സംവിധായകൻ പറഞ്ഞ കഥയോട് മോഹൻലാൽ പത്തുമിനിറ്റിനുള്ളിൽ സമ്മതം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഷൂട്ടിംഗ് ആരംഭിച്ച ശേഷം ചില മാറ്റങ്ങൾ അറിഞ്ഞോ അറിയാതെയോ കഥയിൽ വന്നതായി ഷിബു ബേബി ജോൺ പറഞ്ഞു.
“പല പ്രതിസന്ധികളും തടസ്സങ്ങളും മൂലമായിരിക്കാം കഥയിൽ മാറ്റങ്ങൾ വന്നത്. അതിനാൽ ആരെയും കുറ്റപ്പെടുത്താനില്ല. ആ ഘട്ടത്തിലാണ് ചിത്രം രണ്ടു ഭാഗമാക്കാമെന്ന അഭിപ്രായം ഉയർന്നത്. പക്ഷേ, ഞാനും മോഹൻലാലും അതിനോട് വിയോജിച്ചു. രണ്ടുഭാഗമായി ഇറക്കാമെന്ന അഭിപ്രായം വന്നെങ്കിലും അതുപോലൊരു തീരുമാനം ശരിയല്ലെന്ന് ഞങ്ങൾ കരുതിയതാണ്. പിന്നീടുണ്ടായ ചില പ്രശ്നങ്ങൾ മൂലം കഥയുടെ ദിശ മാറി, അവസാനത്തിൽ രണ്ടാം ഭാഗത്തേക്ക് വഴിമാറിയതാണ്,” അദ്ദേഹം വിശദീകരിച്ചു.
ചിത്രം പ്രതീക്ഷിച്ചത്ര ഉയരങ്ങളിൽ എത്തിയില്ലെങ്കിലും ‘മലൈക്കോട്ടൈ വാലിബൻ’ പരാജയമായില്ലെന്ന് ഷിബു ബേബി ജോൺ വ്യക്തമാക്കി. “ചിത്രം നല്ലതായിരുന്നു, മോശമല്ല. പക്ഷേ പ്രതീക്ഷകൾ വാനോളം ആയിരുന്നു. അതാണ് പ്രധാനമായും പ്രതികരണത്തെ ബാധിച്ചത്. രണ്ടാം ഭാഗത്തിനായി ശ്രമം നടത്തിയിരുന്നുവെങ്കിലും അതിന് പദ്ധതിയില്ല. സിനിമയുടെ ഫൈനൽ പ്രൊഡക്റ്റിൽ ഞങ്ങൾ സന്തുഷ്ടരാണ്,” എന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
Leave a Reply