വിവാദങ്ങളിലൂടെ വാര്‍ത്താപ്രാധാന്യം നേടിയ യുവനടനാണ് ഷെയിന്‍ നിഗം. ചെറുപ്രായത്തിലേ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്തതിനാലും മലയാളിക്ക് ഏറെ പ്രിയപ്പെട്ട അബിയുടെ മകന്‍ എന്ന നിലയിലും ഒരു പ്രത്യേക ഇഷ്ടത്തോടെയാണ് ഏവരും ഷെയ്നിനെ ചേര്‍ത്തുനിര്‍ത്തിയത്. വെയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുകയും പിന്നീട് ഒത്തുതീര്‍പ്പില്‍ എത്തുകയും ചെയ്തത്. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഷെയിന്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ആദ്യം ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജുമായി ആയിരുന്നു തര്‍ക്കമെങ്കില്‍ ഇപ്പോള്‍ സംവിധായകന്‍ ശരത്തുമായി ആണ് പ്രശ്‌നം.

എന്നാലിപ്പോഴിതാ ഷെയ്ന്‍ നിഗമിന്റെ ഉമ്മ സുനില സംഭവത്തെ കുറിച്ച് പ്രതികരിക്കുകയാണ്.

‘ഷെയ്നിനെ കുറ്റം പറയുന്നവര്‍ എന്താണ് അവന്റെ കുടുംബത്തോട് ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാത്തത്.ഇത്രയും നാള്‍ അവന്‍ അഭിനയിച്ച സംവിധായകരുമായി നിങ്ങളൊന്നു സംസാരിക്കണം. അപ്പോള്‍ അറിയാം ആരാണ് ഷെയ്ന്‍ എന്ന്, അവന്‍ എങ്ങനെയായിരുന്നു സെറ്റില്‍ പെരുമാറിയത് എന്ന്. അവനെ സിനിമയില്‍നിന്നു വിലക്കും, കര്‍ശന നടപടി വരും എന്നൊക്കെ പറയുന്നു. പക്ഷേ അവന്‍ എന്തു ചെയ്തിട്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം. അങ്ങനെയൊരു നടപടി വരുമെങ്കില്‍ അതിനു മുന്‍പ് വീട്ടുകാരില്‍ നിന്നും അഭിപ്രായം തേടാന്‍ അവര്‍ ശ്രമിക്കും എന്നു ഞാന്‍ കരുതുന്നു. മാധ്യമങ്ങളില്‍ ഷെയ്നിന് എതിരായി വരുന്ന വാര്‍ത്തകളില്‍ ഒരു തരി പോലും സത്യമില്ല. അതുകൊണ്ട് അതെന്നെ ഭയപ്പെടുത്തുന്നില്ല. പക്ഷേ നല്ല വിഷമമുണ്ടെന്നും സുനില പറയുകയാണ്.

സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകളില്‍ ഒരിടത്തും വീട്ടുകാര്‍ക്ക് എന്താണു പറയാനുള്ളതെന്നു പറഞ്ഞിട്ടുണ്ടോ… ആരും, ഒരു കോണിൽനിന്നും ചോദിച്ചില്ല. വെയിലിന്റെ സംവിധായകന്‍ ശരത് ഒരു ദിവസം രാവിലെ ഒൻപതിന് എന്നെ വിളിച്ചു പറയുകയാണ് ഷെയ്ന്‍ സെറ്റില്‍നിന്ന് ഇറങ്ങിപ്പോയി എന്ന്. ഞാന്‍ അപ്പോള്‍ തന്നെ മകനെ വിളിച്ചു. അപ്പോഴാണ് അവന്‍ പറയുന്നത്, രാത്രി രണ്ടര വരെ ഷൂട്ട് ഉണ്ടായിരുന്നു ഇപ്പോള്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റാണ് ഫോണ്‍ എടുത്തതെന്ന്. ഇനി അടുത്ത സമയം ഉച്ചക്ക് പന്ത്രണ്ട് മണി ആണെന്ന്. ഞാന്‍ ഇത് ശരത്തിനോടു പറഞ്ഞ് അല്‍പം വാക്കുതര്‍ക്കം ഉണ്ടായി. ഷെയ്ന്‍ ഇതുവരെ അഭിനയിച്ച ചിത്രങ്ങളിലെ സംവിധായകരോട് നിങ്ങള്‍ ചോദിക്കണം ഇതുപോലെ എന്തെങ്കിലും ഒരു സംഭവം അവന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇഷ്ഖിന്റെ പ്രവര്‍ത്തകര്‍ പറഞ്ഞല്ലോ ഞങ്ങളോടൊന്നും ഇങ്ങനെയില്ല എന്ന്. ഇനി അഭിനയിക്കേണ്ട ഖുര്‍ബാനി സിനിമയുടെ ഷൂട്ടിങ് ഇപ്പോള്‍ വേണമെങ്കിലും ആരംഭിക്കാന്‍ അവര്‍ തയാറാണ്. ഇടവേള വന്നില്ലേ ഇപ്പോള്‍. ആ സമയത്ത് ചെയ്യാമെന്നാണ് അവര്‍ പറയുന്നത്. ആ സിനിമയിലെ ഒരു സംഭവം പറയാം. ആ ചിത്രത്തില്‍ ചാരുഹാസന്‍ അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യത്തെ അത്രമാത്രം വലുതായിട്ടാണ് അവര്‍ ഓരോരുത്തരും കാണുന്നത്. ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം ഷെയ്നിനും കൂട്ടുകാര്‍ക്കും ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായി. ചാരുഹാസന്‍ സാറിന് അന്നേ ദിവസം തിരികെ പോകുകയും വേണമായിരുന്നു. അതുകൊണ്ട് മരുന്നു കഴിച്ചിട്ട് അഭിനയിക്കാമോ എന്ന് പ്രൊഡ്യൂസര്‍ ഇവനോടു ചോദിച്ചു. ഷെയ്ന്‍ തയാറായിരുന്നു. പക്ഷേ മുഖത്തൊക്കെ നല്ല ക്ഷീണം ഉണ്ടായിരുന്നു. അന്നേരം ചാരുഹാസന്‍ സര്‍ പറഞ്ഞത് ഒരു ആര്‍ടിസ്റ്റിന്റെ മുഖത്താണ് എക്‌സ്‌പ്രഷന്‍ വരേണ്ടതെന്നാണ്.

ഈ ക്ഷീണിച്ച മുഖത്ത് അത് എങ്ങനെ വരാനാണ്. അതിനു സാധിക്കില്ല. എനിക്ക് ആയുസ്സ് ഉണ്ടെങ്കില്‍ ഞാന്‍ മടങ്ങിവന്ന് ഈ സിനിമയില്‍ അഭിനയിക്കും എന്നദ്ദേഹം പറഞ്ഞു. അതാണ് ശരി. ഒരു ആര്‍ടിസ്റ്റിന്റെ മുഖത്ത് ഭാവം വരണം. പക്ഷേ ആര്‍ടിസ്റ്റിന് സ്‌പേസ് കൊടുക്കാത്ത, അവരെ പ്രകോപിപ്പിക്കുന്ന ഒരു ടീമിനൊപ്പം എങ്ങനെയാണ് മുഖത്ത് എക്‌സ്‌പ്രഷന്‍ വരുത്തേണ്ടത്. അതാണ് ഇവിടെ സംഭവിച്ചത്. ഇവര്‍ എന്തിനാണ് ഓരോ പ്രശ്‌നം ഉണ്ടാക്കുന്നതെന്നു മനസ്സിലാകുന്നില്ല. അവനെ പ്രകോപിപ്പിച്ച് ഓരോന്നു പറയിച്ചിട്ട് അവര്‍ തന്നെ പറയുന്നു സിനിമ മുടക്കുന്നു എന്ന്. ദൈവം സഹായിച്ച് ആ സിനിമ വരികയാണെങ്കില്‍ നിങ്ങള്‍ക്കു മനസ്സിലാകും ഷെയ്ന്‍ എന്തുമാത്രം ശ്രമം ആ സിനിമയില്‍ നടത്തിയിട്ടുണ്ട് എന്ന്. അന്നൊരു പ്രശ്‌നമുണ്ടായി, അത് പിന്നീട് ഫെഫ്ക ഇടപെട്ടു ചര്‍ച്ച നടത്തി പരിഹരിച്ചു.

15 ദിവസമാണ് ഷൂട്ടിങ് പറഞ്ഞത്. അത് പിന്നീടു മാറ്റി 24 ദിവസം വേണം എന്നു സിനിമാ ടീം പറഞ്ഞപ്പോള്‍ അതു പറ്റില്ല എന്ന് ഞങ്ങള്‍ പറഞ്ഞു. അത് വാസ്തവമാണ്. അവര്‍ തന്നെ ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ട് അവര്‍ അതെല്ലാം ഷെയ്നിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണ്. ‘ചേട്ടന്‍ പ്രകൃതിയെ നശിപ്പിക്കുന്നുവെന്ന്’ ശരത്തിനോട് ഷെയ്ന്‍ പറഞ്ഞിരുന്നുവത്രേ. പരസ്പര ബന്ധമില്ലാത്ത വാക്കുകള്‍ പറഞ്ഞു ഷെയ്ന്‍ എന്നൊക്കെയാണ് ആരോപണം. അവന്‍ 22 വയസ്സ് മാത്രം പ്രായമുള്ള ഒരാളാണ്. നല്ല വിഷമത്തില്‍ സംസാരിക്കുമ്പോള്‍ നമ്മള്‍ പറയാന്‍ ഉദ്ദേശിച്ച വാക്കുകള്‍ ആയിരിക്കില്ല വരിക. അതാണ് ഇവിടെയും സംഭവിച്ചത്. ചേട്ടന്‍ സത്യത്തെ കണ്ടില്ലെന്നു നടിച്ച് അതിനെ നശിപ്പിക്കുകയാണ് എന്നാണ് അവന്‍ ഉദ്ദേശിച്ചത്. പ്രകൃതിയാണ് സത്യം എന്നൊക്കെയാണ് മനസ്സില്‍ കരുതിയത്.

പക്ഷേ പറഞ്ഞു വന്നപ്പോള്‍ അങ്ങനെയായി. പുതിയ വാര്‍ത്ത അവന്‍ തലമുടി വെട്ടിയത് വെല്ലുവിളിയായിട്ടാണ് എന്നാണ്. അങ്ങനെയൊന്നും മനസില്‍ വിചാരിച്ചിട്ടില്ല. എന്തിനാണ് ഇങ്ങനെ വ്യാഖ്യാനിക്കുന്നത് എന്ന് എനിക്ക് അറിയില്ല.കഞ്ചാവ് വലിച്ച് സംസാരിക്കുകയാണ് ഷെയ്ന്‍ എന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. അവന്‍ കഞ്ചാവു വലിക്കുന്നുവെങ്കില്‍ അത് ആദ്യം തിരിച്ചറിയേണ്ടതും അതില്‍ ഏറ്റവും വിഷമിക്കേണ്ടതും തിരുത്തേണ്ടതും ഞാന്‍ തന്നെയല്ലേ. അമ്മ എന്ന നിലയില്‍ എനിക്കല്ലേ ബാധ്യത. പക്ഷേ ആ ആരോപണം തീര്‍ത്തും തെറ്റാണ് എന്നെനിക്ക് അറിയാം. അതുകൊണ്ട് അത്തരം ആരോപണം എന്നെ ബാധിക്കുന്നില്ല. ഷെയ്ന്‍ അവന്റെ കരിയര്‍ നശിപ്പിക്കുന്നുവെന്നാണ് മറ്റൊരു പറച്ചില്‍. അവന്‍ എന്തിനാണ് സ്വന്തം കരിയര്‍ ഇല്ലാതെയാക്കുന്നത്. ഓരോ പ്രശ്‌നവും സൃഷ്ടിച്ച് ഏകപക്ഷീയമായി സംസാരിച്ച് പ്രകോപിപ്പിച്ചിട്ട് പറയുന്നു, അവന്‍ സ്വന്തം കരിയര്‍ നശിപ്പിക്കുന്നു എന്ന്. എന്താണ് സത്യാവസ്ഥ എന്ന് അറിയാന്‍ സിനിമയിൽ ഉളളവരോ ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നവരോ ശ്രമിച്ചിട്ടില്ല.