മുംബൈ∙ മഹാരാഷ്ട്ര ഭരണത്തില്‍നിന്ന് ബിജെപിയെ ഒഴിവാക്കാന്‍ ശിവസേനയെ പിന്തുണച്ച കോണ്‍ഗ്രസിന് പൗരത്വ ദേദഗതി ബില്ലിനെ പിന്തുണച്ച സേനയുടെ നിലപാട് ഊരാക്കുടുക്കാകുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ പല്ലും നഖവും ഉപയോഗിച്ച് കോണ്‍ഗ്രസിനൊപ്പം സഖ്യകക്ഷികളായ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എതിര്‍ത്തപ്പോള്‍ ശിവസേന ബിജെപി പക്ഷത്ത് അണിനിരന്നത് മഹാ വികാസ് അഘാഡിക്കേറ്റ കനത്ത പ്രഹരമായി.
രാജ്യതാല്പര്യം മുന്‍നിര്‍ത്തിയാണു ബില്ലിനെ പിന്തുണയ്ക്കുന്നതെന്ന് നിലപാടാണ് ശിവസേന സ്വീകരിച്ചത്. പൊതുമിനിമം പരിപാടി മഹാരാഷ്ട്രയില്‍ മാത്രം ഒതുങ്ങുന്നതാണെന്ന സേന എംപി അരവിന്ദ് സാവന്തിന്റെ പ്രസ്താവന കോണ്‍ഗ്രസിനും എന്‍സിപിക്കുമുള്ള ശക്തമായ താക്കീതാണെന്നും വിലയിരുത്തപ്പെടുന്നു.
മുസ്ലിം അഭയാര്‍ഥികള്‍ക്കു തിരിച്ചടിയാണ് പൗരത്വ ഭേദഗതി ബില്‍ എന്ന് കോണ്‍ഗ്രസ് ശക്തമായ പ്രചാരണം നടത്തുമ്പോള്‍ താന്‍ ഹിന്ദുത്വ ആശയങ്ങള്‍ക്കൊപ്പമാണെന്ന ശക്തമായ സന്ദേശം നല്‍കുകയായിരുന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാ വികാസ് അഘാഡിയില്‍ ബിജെപി നിക്ഷേപിച്ച കുഴിബോംബാണ് ശിവസേനയെന്ന നിരീക്ഷണം ശരിയാകുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. ശിവസേനയുടെ നിലപാടിനോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയാറായതുമില്ല.
എന്നാല്‍ പൗരത്വഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ക്കുമെന്നും ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരായ ആക്രമണം ആണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഈ ആക്രമണത്തെ ആര് പിന്തുണച്ചാലും അത് രാഷ്ട്രത്തിന്റെ അടിത്തറ തകര്‍ക്കാനുള്ള ശ്രമമാണെന്നും ശിവസേനയെ പരോക്ഷമായി വിമര്‍ശിച്ച് രാഹുല്‍ വ്യക്തമാക്കി. ഒരു പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയതിനു നല്‍കേണ്ടിവന്ന വിലയാണ് പൗരത്വ ഭേദഗതി പോലുള്ള ജനവിരുദ്ധ നിയമങ്ങളെന്നായിരുന്നു വിവാദമായ പൗരത്വ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായതിനു പിന്നാലെ കോണ്‍ഗ്രസിന്റെ പ്രതികരണം.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്‍ രാജ്യം മതാടിസ്ഥാനത്തില്‍ അദൃശ്യമായി വിഭജിക്കപ്പെടുന്നതിനു വഴിവയ്ക്കുമെന്നു പാര്‍ട്ടിമുഖപത്രത്തില്‍ എഴുതി മഷിയുണങ്ങുന്നതിനു മുന്‍പ് ശിവസേന സഭയില്‍ നിലപാട് തിരുത്തിയത് കോണ്‍ഗ്രസിനെ അമ്പരിപ്പിച്ചു. ബില്‍ ഹിന്ദുക്കളെന്നും മുസ്ലിമുകളുമെന്നുമുള്ള അദൃശ്യവിഭജനത്തിനു വഴിയൊരുക്കുമെന്നും രാജ്യതാത്പര്യം മുന്‍നിര്‍ത്തിയല്ല, വോട്ടുബാങ്ക് രാഷ്ട്രീയം മുന്നില്‍ക്കണ്ടാണ് ബിജെപി ബില്‍ കൊണ്ടുവന്നതെന്ന് തിങ്കളാഴ്ച വരെ നിലപാട് പറഞ്ഞ ശിവസേന ബില്‍ വോട്ടിനിട്ടപ്പോള്‍ രാജ്യതാത്പര്യമാണ് വലുതെന്ന് തിരുത്തി.
ബില്ലിനെ പിന്തുണയ്ക്കുന്നുവെന്നോ എതിര്‍ക്കുന്നുവെന്നോ പറയാതെയായിരുന്നു ശിവസേന അംഗം വിനായക് റാവുത്ത് ലോക്സഭയില്‍ പ്രസംഗിച്ചത്. കടന്നുകയറിയവരെ പുറത്താക്കേണ്ടതു സര്‍ക്കാരിന്റെ കര്‍ത്തവ്യമാണെന്നും തങ്ങളുടെ നേതാവ് ബാല്‍താക്കറെ ഇതു പറഞ്ഞിട്ടുണ്ടെന്നും റാവുത്ത് പറഞ്ഞപ്പോള്‍ ബിജെപി ബെഞ്ചുകള്‍ കയ്യടിച്ചു. ഈ രാജ്യത്തു വേറെയും പ്രശ്നങ്ങളുണ്ട്. വിലക്കയറ്റം കൂടുന്നു. തൊഴിലില്ലായ്മ കൂടുന്നു. ജിഡിപി കുറഞ്ഞു. ഇപ്പോള്‍ പറയുന്നവര്ക്കൊക്കെ പൗരത്വം കൊടുത്താല്‍ ഇതിനൊക്കെ പരിഹാരമാകുമോ? അവരുടെ ബാധ്യത കൂടി ഏറ്റെടുക്കേണ്ടി വരില്ലേ? പ്രസംഗം ഇവിടെയെത്തിയപ്പോള്‍ ബിജെപി ബെഞ്ചുകള്‍ നിശ്ശബ്ദമായി.
പ്രതിപക്ഷ ബെഞ്ചുകള്‍ അന്തം വിട്ടു. അദ്ദേഹം ഇരുന്നപ്പോള്‍ പ്രതിപക്ഷ ബെഞ്ചുകളില്‍ നിന്നു ചോദ്യമുയര്‍ന്നു. ‘നിങ്ങള്‍ അനുകൂലിക്കുന്നോ എതിര്‍ക്കുന്നോ?’ മറുപടിക്കായി കാത്തിരിക്കൂ എന്ന് സഭാ കക്ഷി നേതാവ് അരവിന്ദ് സാവന്തിന്റെ മറുപടി. സഭയില്‍ എവിടെയും തൊടാതെ നിലപാട് പറയാന്‍ ശിവസേന വിയര്‍ത്തപ്പോഴാണ് ‘നിങ്ങള്‍ അനുകൂലിക്കുന്നോ എതിര്‍ക്കുന്നോ? എന്ന ചോദ്യം പ്രതിപക്ഷ ബെഞ്ചുകളില്‍ നിന്നുയുര്‍ന്നത്.
ശിവസേനയുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ച നടത്തുമ്പോള്‍ തന്നെ ആ നീക്കം അപകടകരമാണെന്നും ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് അകലുമെന്നും മുതിര്‍ന്ന പല നേതാക്കളും മുന്നറിയിപ്പു നല്‍കിയിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആദ്യഘട്ടത്തില്‍ ഈ നീക്കത്തെ എതിര്‍ത്തിരുന്നു.
ശിവസേനയെ വളയ്ക്കാം പക്ഷേ ഒടിക്കാന്‍ നോക്കിയാല്‍ വിപരീത ഫലമുണ്ടാക്കും എന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലായിരുന്നു. ഹിന്ദുത്വത്തിന്റെ തീവ്രമുഖമായ ശിവസേനയെ പൊതുമിനിമം പരിപാടി എന്ന തൊഴുത്തില്‍ കെട്ടുന്നത് ഗുണകരമാകില്ലെന്ന് കോണ്‍ഗ്രസില്‍ തന്നെ വിമതസ്വരങ്ങള്‍ ഉയര്‍ന്നതുമാണ്. എന്നാല്‍ എന്‍സിപി നേതാവ് ശരദ് പവാറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് സഖ്യത്തിനു കളമൊരുങ്ങിയത്.
അയോധ്യ, വി.ഡി. സവര്‍ക്കര്‍ തുടങ്ങിയ വിവാദ വിഷയങ്ങള്‍ ഒഴിവാക്കിയാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം (മഹാ വികാസ് അഘാഡി) പൊതുമിനിമം പരിപാടിക്കു ഊന്നല്‍ നല്‍കിയത്. ശിവസേനയുടെ മുഖ്യ അജന്‍ഡയായിരുന്ന ഹിന്ദുത്വ വിഷയങ്ങള്‍ തൊടാതെ, എന്നാല്‍ മറാഠ വികാരം ജ്വലിപ്പിച്ചുമായിരുന്നു പൊതുമിനിമം പരിപാടിക്കു രൂപം നല്‍കിയത്. മതനിരപേക്ഷത ഉള്‍ക്കൊള്ളിക്കണമെന്ന കോണ്‍ഗ്രസ്, എന്‍സിപി നിലപാട് ശിവസേന തള്ളിയത് തുടക്കത്തിലെ കല്ലുകടിയാകുകയും ചെയ്തു. എന്‍ഡിഎയുമായുള്ള ബന്ധം ചാടിക്കയറി വിച്ഛേദിച്ചതോടെ വെട്ടിലായ ശിവസേന ഗത്യന്തരമില്ലാതെ തീവ്രഹിന്ദുത്വ ആശയങ്ങളില്‍ വെള്ളം ചേര്‍ക്കുകയാണെന്നു എതിര്‍പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചുവെങ്കിലും മതനിരപേക്ഷതയ്ക്കു വേണ്ടി മഹാ വികാസ് അഘാഡി നിലകൊള്ളുമെന്നാണ് സോണിയഗാന്ധി ശിവസേനയെ പിന്താങ്ങി കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞതും.
പൗരത്വ ഭേദഗതി ബില്‍ എന്ന നിര്‍ണായക ബില്‍ ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ സഖ്യക്ഷികളുമായി വേണ്ടത്ര ചര്‍ച്ചകളോ ഗൃഹപാഠമോ ഇല്ലാതെയാണ് കോണ്‍ഗ്രസ് സഭയിലെത്തിയത്. ലോക്സഭയിലെ സേനയുടെ നിലപാട് അത്രമേല്‍ പ്രതിസന്ധിയിലേക്കു അവരെ തള്ളിവിടുകയും ചെയ്തു. അനുരഞ്ജനങ്ങളില്ലാതെ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാകില്ലെന്ന ചിന്തയാണ് സ്വന്തം പാളയത്തില്‍ നിന്ന് തന്നെ അത്രയേറെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും ശിവസേനയുടെ കരംപിടിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ പ്രേരിപ്പിച്ചത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ വേളയില്‍ ചിത്രത്തില്ലാതിരുന്ന കോണ്‍ഗ്രസ് ശിവസേനയെ മുന്നില്‍നിര്‍ത്തി തുടരെ തുടരെ ഗോള്‍വല ചലിപ്പിക്കുന്നത് ആശങ്കയോടെ കണ്ട ബിജെപി പോലും ശിവസേനയുടെ അപ്രതീക്ഷിത പിന്തുണയില്‍ ഞെട്ടിയെന്നതാണ് സത്യം.
ബിജെപിയുടെ മുന്നില്‍ നഷ്ടമായ ആത്മാഭിമാനം വീണ്ടെടുക്കാന്‍ ശിവസേനയ്ക്ക് ഒരു ചുമല് വേണമായിരുന്നു. മോഹിച്ച മുഖ്യമന്ത്രിപദത്തിലേറാന്‍ വിട്ടുവീഴ്ചകള്‍ക്ക് മനസ് അനുവദിക്കുന്നില്ലെങ്കിലും നിന്നുകൊടുക്കണമായിരുന്നു. ആദ്യം അയോധ്യയില്‍ രാമക്ഷേത്രം; പിന്നെ മാത്രം മഹാരാഷ്ട്ര സര്‍ക്കാര്‍ എന്ന നിലപാടില്‍ ഉറച്ചു നിന്നവര്‍ ഭരണം പിടിക്കാന്‍ നിലപാടില്‍ വെള്ളം ചേര്‍ത്തത് രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
സഖ്യസര്‍ക്കാരിനെതിരെ ചെറുവിരല്‍ ഞാന്‍ അനക്കില്ല, ഈ സര്‍ക്കാര്‍ സ്വന്തം പ്രവൃത്തികളുടെ ഫലമായി തന്നെ താനെ തകരുമെന്ന ദേവേന്ദ്ര ഫഡ്നാവിസിന്റെ വാക്കുകള്‍ സത്യമാകുമോ എന്ന പേടിയിലാണ് കോണ്‍ഗ്രസ്. പൊതുമിനിമം പരിപാടിയില്‍ മതേതര്വതം ഉള്‍പ്പെടുത്തേണ്ടതില്ലെന്ന പരസ്യമായി നിലപാട് എടുത്തവര്‍, സിരകളില്‍ പോലും ഹിന്ദുത്വം പേറുന്നവര്‍, ബിജെപിയുടെ ഹിന്ദുത്വ അജന്‍ഡയ്ക്ക് കൈയടിക്കില്ലെന്നാണോ നിങ്ങള്‍ വിചാരിച്ചിരുന്നതെന്നായിരുന്നു കോണ്‍ഗ്രസിനെതിരെ പൊതുവില്‍ ഉയരുന്ന വിമര്‍ശനം.
ബില്ലിനെ പിന്തുണച്ച ശിവസേന നടപടിയെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി വാനോളം പുകഴ്ത്തി. രാജ്യതാല്പര്യത്തിനു വേണ്ടി നിലകൊണ്ട ശിവസേനയോട് നന്ദിയുണ്ടെന്നു പരസ്യമായി പറഞ്ഞു. മഹാരാഷ്ട്രയില്‍ വീണ്ടും സേന-ബിജെപി സഖ്യം വരുമോയെന്നതിനെ കുറിച്ച് അവരോട് തന്നെ ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. സംസ്ഥാന രാഷ്ട്രീയവും പാര്‍ലമെന്റ് നിലപാടും രണ്ടാണെന്ന ശിവസേനയുടെ വാദം ബിജെപി ഏറ്റുപറയുമ്പോഴും മഹാരാഷ്ട്രയിലും കര്‍ണാടക ആവര്‍ത്തിക്കുമെന്ന ഫഡ്നാവിസിന്റെ പ്രസ്താവന നടപ്പിലാകുമെന്ന പ്രതീക്ഷയിലാണിവര്‍.
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയില്‍ പോലും അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പ്രധാന്യം ശിവസേനയ്ക്ക് അനുവദിക്കുകയും പലഘട്ടങ്ങളിലും ശിവസേനയുടെ അപ്രമാദിത്വത്തിനു വഴങ്ങുകയും ചെയ്യുന്ന കോണ്‍ഗ്രസ് നിലപാടിനേറ്റ കനത്ത അടിയാണ് ശിവസേനയുടെ നിലപാട് മാറ്റമെന്നും നിരീക്ഷകരും വിധിയെഴുതുന്നു.
Leave a Reply