മുംബൈ: ഐപിഎല്ലിലെ ടീമുകളെ ട്രോളി ചെന്നൈയുടെ ആരാധകർ പറയുന്ന ഒരു കാര്യമുണ്ട്. ഐപിഎൽ ചെന്നൈയും മറ്റ് ടീമുകളും തമ്മിലുളള മൽസരമാണെന്ന്. കഴിഞ്ഞ പത്ത് സീസണിൽ ആറ് തവണ ഫൈനലിൽ എത്തിയ ചെന്നൈ സൂപ്പർ കിങ്സാണ് ഐപിഎല്ലിലെ ഹീറോയെന്നാണ് അവരുടെ വാദം. വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മൽസരം തുടങ്ങുക.

എന്നാൽ ഐപിഎല്ലിൽ നിന്ന് വിലക്കപ്പെട്ട രണ്ട് വർഷം ആ ടീമിന്റെ മുകളിൽ പറ്റിപ്പിടിച്ച ഒരിക്കലും മായാത്ത കറ തന്നെയാണ്. എങ്കിലും ഐപിഎല്ലിലേക്കുളള രണ്ടാം വരവിലും ആ ടീമിന്റെ കരുത്ത് ചോർന്ന് പോയിരുന്നില്ല.

അതേസമയം മറുവശത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ് സീസണിലെ നിശബ്ദ കൊലയാളിയായിരുന്നു. ആരെയും അമ്പരപ്പിക്കുന്ന ബോളിങ് പ്രകടനം പുറത്തെടുത്ത ടീം. ശിഖർ ധവാനും കെയ്ൻ വില്യംസണും മുന്നിൽ നിന്ന് നയിക്കുന്ന ബാറ്റിങ് നിരയും റാഷിദ് ഖാൻ നയിക്കുന്ന ബോളിങ് നിരയും ശക്തമാണ്.

കുറഞ്ഞ സ്കോറിൽ പുറത്തായ സന്ദർഭങ്ങളിലെല്ലാം അവരെ ബോളിങ് നിര തുണച്ചു. അവസരത്തിനൊത്ത് ഓരോ ഘട്ടത്തിലും താരങ്ങൾ ആത്മാർത്ഥമായി പരിശ്രമിച്ചുവെന്ന് മൽസരത്തിന്റെ ഇതുവരെയുളള കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഒരു ടീമിനോട് മാത്രം അവർക്ക് കാലിടറി.

ആ ടീമാണ് ചെന്നൈ. ഈ സീസണിൽ ആദ്യ രണ്ട് ലീഗ് മൽസരത്തിലും ചെന്നൈയോട് തോറ്റ സൺറൈസേഴ്‌സ് ഹൈദരാബാദ് പിന്നീട് ഫൈനലിലേക്കുളള ആദ്യ ക്വാളിഫെയർ മൽസരത്തിലും ആയുധം വച്ച് കീഴടങ്ങി. ആ മേൽക്കൈയാണ് ചെന്നൈയുടെ പ്രതീക്ഷ. എന്നാൽ രണ്ടാം ക്വാളിഫെയർ മൽസരത്തിൽ കൊൽക്കത്തയെ മലർത്തിയടിച്ച് വീണ്ടും ടീം വിജയവഴിയിലേക്ക് എത്തിയത് കരുത്തായി.

കഴിഞ്ഞ മത്സരത്തില്‍ പന്തെറിയാന്‍ അവസരം ലഭിക്കാതിരുന്ന ഹർഭജന് ഇന്ന് ഓവർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കരണ്‍ ശർമ്മയും ടീമിലെത്താനുള്ള സാധ്യതയുണ്ട്.

ആകാംഷയോടെ ക്രിക്കറ്റ് ലോകം

സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ രണ്ടാമത്തെ ഐപിഎൽ ഫൈനലാണിത്. ചെന്നൈ വിലക്കപ്പെട്ട 2016 സീസണിലായിരുന്നു ഇതിന് മുൻപ് അവർ ഫൈനലിൽ എത്തിയത്. അന്ന് ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗലുരുവിനെയാണ് അവർ പരാജയപ്പെടുത്തിയത്.

ഇത് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഏഴാമത്തെ ഐപിഎൽ ഫൈനലാണ്. കഴിഞ്ഞ ആറ് ഫൈനലിൽ രണ്ട് തവണയാണ് അവർക്ക് കിരീടം നേടാനയത്. 2008 ൽ രാജസ്ഥാനോട് ഫൈനലിൽ തോറ്റ ചെന്നൈ, പിന്നീട് 2010 ലും 2011 ലും കിരീടം നേടി. എന്നാൽ 2012 ലും 2013 ലും 2015 ലും അവർ ഫൈനലിൽ തോറ്റു.

ഐപിഎല്ലിന്റെ സമാപന ചടങ്ങിനോട് അനുബന്ധിച്ച് ബോളിവുഡിൽ നിന്നുളള താരരാജാക്കന്മാരെയും റാണിമാരെയും എത്തിച്ച് വിപുലമായ ആഘോഷമാണ് ഒരുങ്ങുന്നത്. വാംഖഡെയിലെ മൈതാനത്ത് ഇതിനായി ഇന്നലെ തന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

തങ്ങൾ ചെന്നൈയിലെ മൈതാനത്തല്ല കളിക്കുന്നതെന്നത് ഫൈനലിനെ സംബന്ധിച്ച് ഏറെ നിരാശയുളളതാണെന്നും ദൗർഭാഗ്യമാണെന്നും മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു. “കഴിഞ്ഞ രണ്ട് തവണയും ഞങ്ങളിവിടെ ഇല്ലായിരുന്നു. പക്ഷെ ഞങ്ങളുടെ ആരാധകരുടെ എണ്ണം വർദ്ധിച്ചുകൊണ്ടേ ഇരുന്നു. ഞങ്ങളുടെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു അവർ. ചെന്നൈയിലല്ല കളിക്കുന്നതെന്നത് ദൗർഭാഗ്യമാണ്. എന്നാലും പ്രൊഫഷണലായി കളിക്കുക തന്നെയാണ് പ്രധാനം,” ധോണി പറഞ്ഞു.