ശോഭാ ഡെയുടെ ഒരു ട്വീറ്റാണ് ദൗലത് റാമിന്റെ ജീവിതം മാറ്റിമറിച്ചത്. ഒരൊറ്റ ട്വീറ്റ് മതി ജീവിതം മാറി മറിയാൻ. ദൗലത് റാം ജോഗത്ത് എന്ന മധ്യപ്രദേശുകാരൻ പൊലീസ് ഇൻസ്പെക്ടറുടെ കാര്യത്തിൽ ഇത് അക്ഷരാർഥത്തിൽ ശരിയാണ്.പൊലീസുകാരുടെയിടയിലെ അമിതവണ്ണത്തെ പരിഹസിച്ച് 2017, ഫെബ്രുവരിയിൽ ശോഭ ട്വീറ്റ് ചെയ്തത് ദൗലത്തിന്റെ ചിത്രമായിരുന്നു. ട്വീറ്റുകളും മറുട്വീറ്റുകളുമായി പൊണ്ണത്തടിയനായ പൊലീസുകാരന്റെ ചിത്രം വൈറലായി. പൊലീസുകാരുടെ അനാരോഗ്യത്തെക്കുറിച്ച് സമൂഹത്തെ അറിയിക്കാൻ വേണ്ടി ശോഭാഡെ ചെയ്ത ട്വീറ്റാണെങ്കിലും പരിഹാസം കൊണ്ടത് ദൗലത്തിന്റെ മനസിലാണ്.

തടികുറച്ചിട്ട് തന്നെ കാര്യമെന്ന് ദൗലത്ത് തീരുമാനിച്ചു. നേരെ മുംബൈയുള്ള ബെരിയാട്രിക്ക് സർജൻ ഡോ. മുഹമ്മദ് ലക്ഡാവാലയെക്കണ്ടു. ട്വീറ്റ് ചെയ്ത് പരിഹാസ്യനായ കഥ വിവരിച്ചു. എങ്ങനെയെങ്കിലും തനിക്ക് തടികുറയണമെന്നു പറഞ്ഞു. ദയനീയസ്ഥിതി കണ്ട ഡോക്ടർ സൗജന്യമായി ദൗലത്തിനെ തടികുറയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയോടൊപ്പം കൃത്യമായ വ്യായാമവും ഭക്ഷണരീതികളുമായതോടെ ഒരുവർഷം കൊണ്ട് കുറഞ്ഞത് 65 കിലോ. 180 കിലോയിൽ നിന്നും 115 കിലോയായി ശരീരഭാരം കുറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ട്വീറ്റിന്റെ പേരിൽ ശോഭാഡെയോട് ആദ്യം വിദ്വേഷം തോന്നിയെങ്കിൽ ഇപ്പോൾ താൻ ഏറ്റവും അധികം നന്ദി പറയുന്നത് അവരോടാണെന്ന് ദൗലത്ത് പറയുന്നു. തന്റെ ജീവിതം മാറ്റിമറിച്ച ട്വീറ്റിന് നന്ദി പറയുന്നതോടൊപ്പം എന്നെങ്കിലും ശോഭാഡെയെ നേരിട്ട് കാണണമെന്ന ആഗ്രഹവും പൊലീസ് ഓഫീസർ പങ്കുവെയ്ക്കുന്നു. ആരോഗ്യപൂർണ്ണമായ ശരീരത്തിന്റെ ആവശ്യകത ബോധ്യമായത് ഇപ്പോഴാണെന്നും അദ്ദേഹം പറയുന്നു. ശ്വാസം മുട്ടില്ലാതെ ഒരടി പോലു തനിക്ക് നടക്കാൻ സാധിക്കില്ലായിരുന്നു, ചികിത്സവേണ്ട അസുഖം തന്നെയാണ് പൊണ്ണത്തടിയെന്നും ദൗലത്ത് പറയുന്നു. ഇനിയും ഒരു 30 കിലോ കുറഞ്ഞതിന് ശേഷമേ ദൗലത്തിനെ ശോഭാഡെയുടെ മുമ്പിൽ എത്തിക്കുകയുള്ളൂവെന്നാണ് ഡോക്ടറുടെ പക്ഷം.