രജനികാന്തിനൊപ്പം തന്നെ മുന്‍നിര മലയാളതാരങ്ങള്‍ അഭിനയിച്ച തമിഴ് സിനിമയാണ് മണിരത്നം സംവിധാനം ചെയ്ത ദളപതി. ഇപ്പോഴിതാ ദളപതിയുടെ സെറ്റില്‍ വെച്ച് താന്‍ കരഞ്ഞ രസകരമായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ശോഭന. സീ കേരളയില്‍ മധുരം ശോഭനം എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് അവര്‍ അന്ന് സെറ്റില്‍ നടന്നകാര്യങ്ങള്‍ പങ്കുവെച്ചത്.
‘ദളപതിയില്‍ എനിക്ക് വളരെ കുറച്ച് രംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലയാളത്തില്‍ 20 ദിവസം കൊണ്ട് ഒരു സിനിമ ഷൂട്ട് ചെയ്യും. അതുപോലത്തെ രണ്ട് സിനിമ കഴിഞ്ഞിരിക്കുകയാണ് ഞാന്‍. അതിനു ശേഷമാണ് ദളപതിയുടെ ഷൂട്ടിന് പോകുന്നത്.
ഇതിനിടക്ക് ഞാന്‍ വീട്ടില്‍ പോയിരുന്നില്ല. കാള്‍ ഷീറ്റെല്ലാം തീര്‍ന്നിരിക്കുകയാണ്. എല്ലാ ദിവസവും ഇന്ന് തീര്‍ന്നില്ല നാളെ പോവാന്ന് മണി രത്നം പറഞ്ഞു കൊണ്ടിരിക്കുകയാണ്. വലിയ സിനിമയാണ്. എനിക്ക് വീട്ടില്‍ പോവണമെന്ന് പറയാന്‍ പറ്റുന്നില്ല. രണ്ട് മാസമായി ഞാന്‍ വീട്ടില്‍ പോയിട്ടില്ല. എനിക്കന്ന് 20 വയസ്സ് മാത്രമേയുള്ളൂ. എല്ലാവരും റെഡിയാണ് പക്ഷേ ലാസ്റ്റ് ഷോട്ട് എടുക്കാന്‍ പറ്റുന്നില്ല.
സങ്കടം കൊണ്ട് ഞാന്‍ മാറിയിരുന്നു കരയാന്‍ തുടങ്ങി. ആ സെറ്റിലെ ആരും അത് കണ്ടില്ല. മമ്മൂട്ടി എന്റെ പുറകിലിരിപ്പുണ്ടായിരുന്നു. എന്തിനാ കരയുന്നത് എന്ന് മമ്മൂട്ടി എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു, എനിക്ക് വീട്ടില്‍ പോണം, അമ്മയെ കാണണം.’ശ്ശെ കരയല്ലേ, പോവാം, നിനക്ക് അമ്മയെ കാണണോ. ഞാന്‍ പറയാം, ഞാന്‍ നോക്കാമെന്നൊക്കെ പറഞ്ഞ് മമ്മൂക്ക ആശ്വസിപ്പിച്ചു. അതൊക്കെ എനിക്ക് വലിയ സന്തോഷം നല്‍കിയ വാക്കുകളാണ്’. ശോഭന പറഞ്ഞു.
Leave a Reply