തിരുവനന്തപുരം∙ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലകളുടേയും ഓണ്‍ലൈന്‍ സേവനങ്ങളുടേയും മറവില്‍ ലഹരിമരുന്നു കൈമാറ്റം ചെയ്യുന്ന കേസുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ കര്‍ശനമായി നിരീക്ഷിക്കുന്നതിന് എക്സൈസ് കമ്മിഷണര്‍ അനന്തകൃഷ്ണന്‍ ഐപിഎസ് നിര്‍ദേശം നല്‍കി.

ഓണ്‍ലൈന്‍ ശൃംഖലയുടെ മറവില്‍ ലഹരിമരുന്നു കൈമാറ്റം ചെയ്തതിന് വിവിധ കേസുകളിലായി 400 ഗ്രാം ഹഷീഷ് ഓയിൽ‍, 2 കിലോ കഞ്ചാവ്, 6 ഗ്രാം എംഡിഎംഎ തുടങ്ങിയവ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ലഹരിമരുന്നു വിതരണത്തിന് പിടിയിലായ സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്ന് എക്സൈസ് കമ്മിഷണര്‍ അനന്തകൃഷ്ണന്‍ ഐപിഎസ് ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു.

ഓണ്‍ലൈന്‍ ഭക്ഷ്യവിതരണത്തിന്റെ മറവില്‍ കഞ്ചാവ് കടത്തിയ സംഘത്തെ കഴിഞ്ഞയാഴ്ച കോട്ടയത്ത് അറസ്റ്റു ചെയ്തിരുന്നു. കഞ്ചാവ് കേസില്‍ പിടിയിലായ ചിലരില്‍നിന്നാണ് ബൈക്കില്‍ കഞ്ചാവ് വിതരണം നടത്തുന്നവരെക്കുറിച്ച് വിവരം ലഭിച്ചത്. വാട്സാപ്പ് വഴിയാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. ഇതിനായി പ്രത്യേക ഗ്രൂപ്പുകളും വാട്സാപ്പില്‍ രൂപീകരിച്ചിരുന്നു. പരിശോധനയില്‍ കഞ്ചാവും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി 10 പേരെ പിടികൂടി. വിതരണത്തിനു തയാറാക്കി വച്ചിരുന്ന ഏകദേശം 5 ഗ്രാം വീതമുള്ള 168 പാക്കറ്റുകളടക്കം 1.22 കിലോ കഞ്ചാവും പിടിച്ചെടുത്തു. പിടികൂടിയവരില്‍ രണ്ടുപേര്‍ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ഏജന്‍സിയില്‍ ജോലി ചെയ്യുന്നവരായിരുന്നു.