സ്വന്തം ലേഖകൻ
ഇംഗ്ലണ്ട് :- ഇംഗ്ലണ്ട് നഗരത്തിലെ ബ്ലാക്ക്ബർണിലുള്ള കിങ് സ്ട്രീറ്റിൽ നടന്നത് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൊലപാതകം. ഞായറാഴ്ചയാണ് പത്തൊൻമ്പതുകാരിയായ അയ ഹാചെമ് എന്ന പെൺകുട്ടി സൂപ്പർമാർക്കറ്റിനു അടുത്ത് വെച്ച് വെടിവെപ്പിന് ഇരയായത്. എന്നാൽ ഈ പെൺകുട്ടിക്ക് ആളുമാറി ആണ് വെടിയേറ്റത് എന്ന് പോലീസ് അധികൃതർ പുറത്തിറക്കിയ പുതിയ വാർത്താ കുറിപ്പിൽ രേഖപ്പെടുത്തുന്നു. മനുഷ്യജീവനുകൾ തികച്ചും നിസ്സാരവൽക്കരിക്കപ്പെടുന്നു എന്നതാണ് ഈ വാർത്ത ജനമനസ്സുകളെ ഓർമ്മിപ്പിക്കുന്നത്. നിയമ വിദ്യാർത്ഥിയായ ഈ പെൺകുട്ടി സൂപ്പർ മാർക്കറ്റിലേക്ക് പോകുമ്പോഴാണ് റോഡിലൂടെ പോയ കാറിൽ നിന്നും വെടിവയ്പ്പ് നടത്തിയത്. സംഭവത്തോടനുബന്ധമായി 33നും 36 വയസ്സിനും ഇടയിൽ പ്രായമുള്ള മൂന്ന് പേരെ സംശയാസ്പദമായി ബ്ലാക്ക്ബേൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃത്യനിർവഹണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ടയോട്ട അവെൻസിസ് എന്ന വാഹനം വെല്ലിങ്ടൺ റോഡിൽ ഉപേക്ഷിക്കപ്പെട്ടതായി പിന്നീട് കണ്ടെത്തി. വെടിവയ്പ്പ് നടന്ന സമയത്ത് കാറിനുള്ളിൽ നിറയെ ആളുകൾ ഉണ്ടെന്നാണ് പോലീസ് നിഗമനം.
അയ എന്ന പെൺകുട്ടിയല്ലായിരുന്നു കൊലപാതകികളുടെ ടാർഗറ്റ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തികച്ചും ഒരു വഴിയാത്രിക മാത്രമായിരുന്നു അവൾ. ഒരു സോളിസിറ്റർ ആവുക എന്ന ആ പെൺകുട്ടിയുടെ സ്വപ്നമാണ് പാതിവഴിക്ക് പൊലിഞ്ഞു പോയത്. തങ്ങളുടെ മകൾക്കു നീതി ലഭിക്കണമെന്ന യാചന അയയുടെ മാതാപിതാക്കൾ മുന്നോട്ടു വെച്ചു. പ്രാഥമിക അന്വേഷണങ്ങൾക്ക് ശേഷം പെൺകുട്ടിയുടെ മൃതദേഹം ലെബനനിലെ ഗ്രാമത്തിൽ കൊണ്ട് പോയി അടക്കം ചെയ്യാനാണ് മാതാപിതാക്കൾ തീരുമാനിച്ചിരിക്കുന്നത്.
കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടി ശബ്ദം ഉയർത്തിയിരുന്ന ഒരു സാമൂഹ്യപ്രവർത്തകയെ കൂടിയാണ് നഷ്ടമായിരിക്കുന്നത് എന്ന് ചിൽഡ്രൻസ് സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് മാർക്ക് റസ്സൽ ഓർമ്മിപ്പിച്ചു. ക്ലാസ്സ് റൂമിനപ്പുറം നിറഞ്ഞു നിന്ന ഭാവിയുടെ വാഗ്ദാനമായിരുന്നു അയ എന്ന് സാൽഫോർഡ് ബിസിനസ് സ്കൂൾ ഡീൻ ഡോക്ടർ ജാനിസ് അലൻ അനുസ്മരിച്ചു.
Leave a Reply