ആലപ്പുഴ/ എടത്വാ: പുന്നമടയിൽ ഓളങ്ങളെ കീറിമുറിച്ച് നെഹ്റു ട്രോഫിയിൽ മുത്തമിടാൻ വീണ്ടും ആദം പുളിക്കത്ര ക്യാപ്റ്റൻ ആയി ഷോട്ട് പുളിക്കത്ര എത്തുന്നു. മാലിയിൽ പുളിക്കത്ര തറവാട്ടിലെ ഇളംമുറക്കാരൻ ആണ് 8 വയസുകാരനായ ആദം. ഈ വർഷം നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ കൂടിയാണ് ആദം.ലോക റിക്കോർഡിൽ ഇടം പിടിച്ചതിന്റെ ഖ്യാതിയുമായിട്ടാണ് ഈ വർഷം ഷോട്ട് പുളിക്കത്ര എത്തുന്നത്. 9 പതിറ്റാണ്ടു കൊണ്ട് ഒരേ കുടുംബത്തിൽ നിന്നും 3 കളിവള്ളങ്ങൾ നിർമ്മിച്ച് 4 തലമുറകൾ ജലോത്സവ ലോകത്തിന് നല്കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചുള്ള അംഗീകാരമായിട്ടാണ് മാലിയിൽ പുളിക്കത്ര തറവാട് യൂണീവേഴ്സൽ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം പിടിച്ചത്.
വള്ളംകളിയുടെ ആവേശം മുഴുവൻ നെഞ്ചിലേറ്റി ജല കായിക മത്സര രംഗത്ത് കുട്ടനാടൻ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിലെ മൂന്നാമത്തെ കളിവള്ളമാണ് ഷോട്ട് പുളിക്കത്ര.ബാബു പുളിക്കത്ര നീറ്റിലിറക്കിയ ‘ഷോട്ട് ‘ 36 തവണ തിരുത്തപെടാനാവാത്ത വിധം നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്.1952 ലെ നെഹ്‌റു ട്രോഫി ജലമേളയില്‍ 1500 മീറ്റര്‍ 4.4 മിനിട്ട് എന്ന റിക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളമായ പുളിക്കത്ര.പിന്നീട് അത് പുതുക്കി പണിയുകയും ജയ് ഷോട്ട് എന്ന് പേരിൽ നീരണിയുകയും ചെയ്തു.
1926 മുതൽ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും നീരണിഞ്ഞ 3 കളിവളളങ്ങൾ ആയ മണലി, ഷെയ് ഷോട്ട്, ഷോട്ട് പുളിക്കത്ര എന്നിവ നെഹ്റു ട്രോഫിയിൽ ജലമേളയിൽ ഈ വർഷം പങ്കെടുക്കുന്ന 9 വെപ്പ് വള്ളങ്ങളിൽ 3 എണ്ണം ആണ്.
ഏറ്റവും പുതിയതായി 2017 ൽ നിർമ്മിച്ച ‘ഷോട്ട് പുളിക്കത്ര ‘ കളിവള്ളത്തിന് മുപ്പത്തിഅഞ്ചേ കാൽ കോൽ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉൾപെടെ 60 പേർ ഉണ്ട്. സാബു നാരായണൻ ആചാരിയായിരുന്നു ശില്പി.
ജലോത്സവ രംഗത്ത് 93 വർഷത്തെ പാരമ്പര്യം ഉൾകൊണ്ട് പിതാവിന്റെ സ്മരണക്കായി ആണ് വീണ്ടും 2017 ൽ പുതിയ കളിവള്ളമായ ‘ഷോട്ട് പുളിക്കത്ര ‘ നിർമ്മിച്ചതെന്നും നാളിത് വരെയുള്ള എല്ലാവിധ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും വീണ്ടും ഏവരുടെയും പ്രാർത്ഥനയും പ്രോത്സാഹനവും പ്രതീക്ഷിക്കുകയും ചെയ്യുന്നതായി
ജോർജ് ചുമ്മാർ മാലിയിൽ പുളിക്കത്ര പറഞ്ഞു.കുമരകം സമുദ്ര ബോട്ട് ക്ലബിന്റെ നേതൃത്വത്തിലാണ് ഈ വർഷം തുഴയെറിയുന്നതെന്നും തങ്ങൾക്ക് വിജയപ്രതീക്ഷ ഉണ്ടെന്നും മാനേജർ റജി എം വർഗ്ഗീസ് പറഞ്ഞു. ലോക റിക്കോർഡിൽ ഇടം പിടിച്ചതിന് ശേഷം ഷോട്ട് പുളിക്കത്രയിൽ തുഴയെറിയുന്ന എല്ലാ തുഴച്ചിൽക്കാർക്കും ഗിന്നസ് & യു.ആർ.എഫ് റെക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള , മലങ്കര ഓർത്തഡോക്സ് ഇടുക്കി ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപോലീത്ത എന്നിവർ വിജയാശംസകൾ നേർന്നു.
Leave a Reply