തങ്ങളുടെ ചാരക്കപ്പലായ യുവാന്‍ വാങ് 5 ന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു രാജ്യത്തിന്റേയും സുരക്ഷയെ ബാധിക്കില്ലെന്നും മൂന്നാം കക്ഷികള്‍ തടസമുണ്ടാക്കരുതെന്നും വ്യക്തമാക്കി ചൈന. യുവാന്‍ വാങ് 5 ശ്രീലങ്കയിലിലെ തന്ത്രപ്രധാനമായ ആഴക്കടൽ തുറമുഖമായ ഹംബന്തോട്ടയില്‍ എത്തിയതിനെ തുടര്‍ന്ന് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ചൈനയുടെ വിശദീകരണം.

കപ്പല്‍ തുറമുഖത്ത് എത്തുന്നതിലുണ്ടായ കാലതാമസത്തെക്കുറിച്ചും ഇന്ത്യയുടെ ആശങ്കകളെക്കുറിച്ചും തനിക്കറിയില്ലെന്നും അത് ഇന്ത്യയിലെ സുഹൃത്തുക്കളോട് ചോദിക്കണമെന്നുമായിരുന്നു ശ്രീലങ്കയിലെ ചൈനീസ് പ്രതിനിധി പ്രതികരിച്ചത്. ഇതായിരിക്കും ചിലപ്പോള്‍ ജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ആശങ്ക ഉന്നയിച്ചതിനെ തുടര്‍ന്ന് ആദ്യം ചൈനീസ് കപ്പലിന്റെ സന്ദര്‍ശനം ശ്രീലങ്ക നീട്ടി വയ്ക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച അപ്രതീക്ഷിതമായി ശ്രീലങ്ക നിലപാട് മാറ്റുകയും ഓഗസ്റ്റ് 16 മുതല്‍ 22 വരെ കപ്പല്‍ തുറമുഖത്ത് തുടരുന്നതിന് അനുമതി നല്‍കുകയും ചെയ്തു.

കപ്പലെത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല. സൈനിക ആവശ്യങ്ങള്‍ക്കായി തുറമുഖം ഉപയോഗിക്കാനുള്ള അനുമതി ചൈനയ്ക്ക് നല്‍കിയിട്ടില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറിയിച്ചു.

ശ്രീലങ്ക ഒരു പരമാധികാര രാജ്യമാണെന്നും സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാമെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയില്‍ പ്രതികരിച്ചത്.
ശ്രീലങ്കയുടെ സഹകരണത്തോടെ യുവാൻ വാങ് 5 ഹംബന്തോട്ട തുറമുഖത്ത് വിജയകരമായി എത്തിയെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞത്. കപ്പലിനെക്കുറിച്ചുള്ള ഇന്ത്യയുടേയും അമേരിക്കയുടേയും ആശങ്കകളെ വാങ് തള്ളി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“യുവാൻ വാങ് 5 ന്റെ സമുദ്ര ശാസ്ത്ര ഗവേഷണ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമത്തിനും അന്താരാഷ്ട്ര പൊതു സമ്പ്രദായത്തിനും അനുസൃതമാണെന്ന് ഞാൻ വീണ്ടും ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നു,” വാങ് വ്യക്തമാക്കി.

ചൈനയില്‍ നിന്ന് കടമെടുത്ത പണം ഉപയോഗിച്ച് മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെ തന്റെ ജില്ലയില്‍ നിര്‍മ്മിച്ച വാണിജ്യപരമായ അപ്രോപ്യമായ പദ്ധതിയാണ് ഹമ്പന്തോട്ട തുറമുഖം. കടം തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തുറമുഖം പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗയുടെയും സർക്കാര്‍ 2017 ൽ ചൈനയ്ക്ക് 99 വർഷത്തെ പാട്ടത്തിന് കൈമാറാൻ നിർബന്ധിതരായി. തുറമുഖത്തിന് ചുറ്റുമുള്ള 15,000 ഏക്കർ ഭൂമിയും ശ്രീലങ്ക ചൈനക്കാർക്ക് കൈമാറി.

യുവാൻ വാങ് 5 ഗണ്യമായ ആകാശ വിസ്താരമുള്ള (ഏകദേശം 750 കിലോമീറ്റര്‍) ഒരു ട്രാക്കിങ് കപ്പലാണ്. അതിനർത്ഥം കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിരവധി തുറമുഖങ്ങൾ ചൈനയുടെ റഡാറിൽ ആയിരിക്കുമെന്നാണ്. ദക്ഷിണേന്ത്യയിലെ നിരവധി സുപ്രധാന പദ്ധതികള്‍ കപ്പലിന്റെ ട്രാക്കിങ് ഭീഷണിയിലാണെന്നാണ് റിപ്പോർട്ടുകളില്‍ പറയുന്നത്.

ഗവേഷണത്തിനും സര്‍വേയ്ക്കുമായി ഉപയോഗിക്കുന്ന കപ്പലാണ് ‘യുവാൻ വാങ് 5’. ഉപഗ്രഹം, റോക്കറ്റ്, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങൾ എന്നിവ ട്രാക്കുചെയ്യുന്നതിന് ചൈന യുവാൻ വാങ് വിഭാഗം കപ്പലുകൾ ഉപയോഗിക്കുന്നു. ചൈനയിലെ ജിയാങ്‌നാൻ ഷിപ്പ്‌യാർഡിൽ നിർമ്മിച്ച യുവാൻ വാങ് 5 2007 സെപ്തംബറിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 222 മീറ്റർ നീളവും 25.2 മീറ്റർ വീതിയുമുള്ള ഈ കപ്പലിൽ സമുദ്രാന്തര ബഹിരാകാശ നിരീക്ഷണത്തിനായി അത്യാധുനിക ട്രാക്കിങ് സാങ്കേതികവിദ്യയുണ്ട്.