തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിന് പിന്നാലെ വിവാദത്തിലായ കന്റോൺമെന്റ് സിഐ സതീഷ് കുമാറിനും എസ്ഐ ജി. ഗോകുലിനും കാരണം കാണിക്കൽ നോട്ടീസ്. പൊലീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ നോട്ടീസ് നൽകിയത്. നാല് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം. ഹോസ്റ്റൽ സംഘർഷത്തിനു പിന്നാലെ ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായ പ്രകോപനപരമായ നടപടികളാണ് അന്വേഷണവിധേയമായത്.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദനെ എസ്ഐ ഗോകുൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ശബ്ദസന്ദേശം പുറത്തു വന്നിരുന്നു. അതേസമയം, എസ്എഫ്ഐ പ്രവർത്തകരെ വെല്ലുവിളിക്കുന്ന തരത്തിൽ സിഐ സതീഷ് കുമാർ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതും വിവാദമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിനും സേനയുടെ അച്ചടക്കത്തിനും വിരുദ്ധമായ നടപടികളാണ് ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായതെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടർനടപടിയിൽ അന്തിമ തീരുമാനം.
അതിനിടെ, വിവാദങ്ങൾക്കിടെ അവധിയിൽ പോയ കന്റോൺമെന്റ് എസ്എച്ച്ഒ സതീഷ് കുമാറിനെ ആഭ്യന്തരവകുപ്പ് തിരികെ വിളിപ്പിച്ചു. എസ്എഫ്ഐയും സിപിഎമ്മും ഇരുവരെയും പത്തുദിവസത്തിനകം സ്ഥലം മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരിക്കെയാണ് നടപടി. എസ്ഐ ഗോകുൽ നിലവിൽ പരിശീലനത്തിലാണ്. ഉദ്യോഗസ്ഥർക്കെതിരെ ഉടൻ കടുത്ത നടപടി സ്വീകരിച്ചാൽ സേനയ്ക്കുള്ളിൽ അമർഷമുണ്ടാകുമെന്ന വിലയിരുത്തലിലാണ് ആഭ്യന്തരവകുപ്പ്. അതേസമയം, ഇരുവരെയും ഉടൻ മാറ്റില്ലെന്ന നിലപാടാണ് നിലവിൽ സർക്കാരിനുള്ളത്.











Leave a Reply