കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എസ്.ഐ അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ബാബു മാത്യുവാണ് അറസ്റ്റിലായത്. അന്വേഷണ വിധേയമായി ബാബു മാത്യുവിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

37 കാരിയായ യുവതി കൊച്ചി ഡി.സി.പി പൂങ്കുഴലിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരുമാസം മുമ്പാണ് സംഭവത്തില്‍ മുളന്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാബു മാത്യു മുളന്തുരുത്തി സ്‌റ്റേഷനിലെ അഡീഷ്ണല്‍ എസ്‌ഐ ആയിക്കുമ്പോള്‍ മുതല്‍ ഒരു വര്‍ഷത്തിലേറേയായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

WhatsApp Image 2024-12-09 at 10.15.48 PM

കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ബാബു മാത്യു മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഒരു വാഹന പരിശോധനയ്ക്കിടെയാണ് എസ്.ഐ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. പരിശോധനയ്ക്കിടെ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി സ്‌റ്റേഷനിലെത്തി പണം അടയ്ക്കാമെന്ന് പറഞ്ഞു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയപ്പോള്‍ യുവതിയുമായി അടുത്ത സൗഹൃദം സ്ഥാപിച്ച എസ്.ഐ പിന്നീട് ഇതിന്റെ പേരില്‍ യുവതിയുടെ വീട്ടില്‍ ചെന്നു തുടങ്ങി. ഒരു ദിവസം മുറിയില്‍ വസ്ത്രം മാറുമ്പോള്‍ അനുവാദമില്ലാതെ കടന്നുകയറി സ്വകാര്യ ഭാഗത്ത് പിടിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ഈ വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരുവര്‍ഷമായി പീഡനം തുടരുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.