കാരൂർ സോമൻ, ലണ്ടൻ
എന്റെ ആത്മമിത്രമായിരുന്ന ശ്രീമതി.സിസിലിയുടെ മരണ വാർത്ത കേട്ടപ്പോൾ നിസ്സഹായനായി നിമിഷങ്ങൾ പകച്ചു നിന്നു. ഹ്ര്യദയം നുറുങ്ങിപ്പോകുന്നതുപോലെ തോന്നി. ഇത്രവേഗം ഓർമ്മകളുടെ ചിറകുകളിലേന്തി പറക്കുമെന്ന് കരുതിയില്ല. ആരോടും മധുരമായി പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സിസിലി ജോർജ് എല്ലാവര്ക്കും നൽകിയത് കുന്തിരിക്കത്തിന്റ മണമാണ്. ബ്രിട്ടനിലെ വായനക്കാർക്കിടയിൽ, സുകൃത്തുക്കളുടെയിടയിൽ സിസിലി ജോർജിന്റെ നറുമണം എന്നും തുമ്പി തുളുമ്പി കന്യാസുഗന്ധമായി ജീവിച്ചുകൊണ്ടിരിക്കും. ലണ്ടൻ ആശുപതിയിൽ എത്തിയതിന് ശേഷ൦ ചുരുക്കം വാക്കുകളിൽ എന്നോട് സംസാരിച്ചു. എനിക്ക് ലോക റെക്കോർഡ് കിട്ടിയതിൽ അഭിനന്ദനങ്ങൾ അറിയിച്ചു. എന്റെ ഭാര്യ ഓമനയും മകൾ സിമ്മിയും കുടി ആശുപത്രീയിൽ കാണാൻ പോയിരുന്നു. അവിടെ അമേരിക്കയിൽ നിന്നുള്ള മകളെ പരിചപ്പെട്ടു. കുറെ പരിശോധനകൾ നടത്തിയാൽ മാത്രമേ അസുഖ കാരണങ്ങൾ കണ്ടെത്താൻ സാധിക്കുമെന്ന അറിയിപ്പാണ് ലഭിച്ചത്. പ്രവാസ സാഹിത്യത്തിൽ ഞാൻ ഹ്ര്യദയത്തിലേറ്റിയ ഏക എഴുത്തുകാരിയാണ് സിസിലി ജോർജ്. ഒരു സർഗ്ഗ പ്രതിഭയുടെ ഹ്ര്യദയ സ്പന്ദനം സിസിലിയിൽ ഞാൻ കണ്ടിരുന്നു.
പ്രവാസ സാഹിത്യത്തിൽ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായിരിന്നു സിസിലി ജോർജ്. സാഹിത്യ രചനകളിൽ മാത്രമല്ല ചിത്രകലയിലും, ചിത്രപ്പണികളിലും ഈശ്വരന്റെ ആശിർവാദം നേടിയ വ്യക്തിത്വ൦. അവിടുത്തെ മലയാളി സംഘടനയായ യു കെ അസോസിയേഷൻ അംഗം, ലണ്ടൻ മലയാളി കൗൺസിൽ അംഗം, ലോക പ്രശസ്ത ലിമ വേൾഡ് ലൈബ്രറിയുടെ ആരംഭകാലം മുതൽ സജീവസാന്നിധ്യമായി സഞ്ചരിച്ചു. അതിലെ എഡിറ്റോറിയൽ അംഗം. റൈറ്റേഴ്‌സ് ബോക്സിൽ സിസിലിയുടെ വിവരണങ്ങൾ ലഭ്യമാണ്. ഇപ്പോഴും സിസിലി അടയാളപ്പെടുത്തിയ കയ്യക്ഷരങ്ങൾ എന്റെ കൈവശമുണ്ട്. ലിമ ലൈബ്രറിയിൽ കഥകൾ ധാരാളമായി പ്രസിദ്ധികരിച്ചിട്ടുണ്ട്. ബ്രിട്ടനിലെ പ്രമുഖ ഇംഗ്ലീഷ് മലയാളം പത്രമായ “കേരള ലിങ്ക്” ലും തുടരെ കഥകൾ എഴുതിയിരുന്നു. ലിമ ലൈബ്രറിയുടെ നേതൃത്വത്തിൽ നടക്കുന്ന കെ.പി. ആമസോൺ പബ്ലിക്കേഷൻ വഴി മൂന്ന് നോവൽ, കഥകൾ പുറത്തു വന്നു. “വേനൽ മഴ”, “പക്ഷി പാതാളം”, “സ്‌നേഹ നൊമ്പരങ്ങൾ” ഇതെല്ലം പ്രവാസ സാഹിത്യത്തിലെ പ്രമുഖ കൃതികളാണ്. പലപ്പോഴും സർഗ്ഗ ധനരായ പ്രവാസി എഴുത്തുകാരെ അവഗണിക്കുന്ന പ്രവണതയാണ് കേരളത്തിൽ നിന്നുണ്ടാകുന്നത്. വാലാട്ടികളായി ചെല്ലുന്നവരെ അവർക്ക് പ്രിയമാണ്. വരും തലമുറക്ക് വായിക്കാനായി കെ.പി. ആമസോൺ പബ്ലിക്കേഷനിൽ സിസിലിയുടെ നോവൽ, കഥകൾ മരണമില്ലതെ നിറപുഞ്ചിരിയുമായി ജീവിച്ചിരിക്കുന്നു.
സിസിലിയുടെ കഥകളിൽ നിന്നും ആർജ്ജിച്ചെടുക്കുന്ന ഭാഷ അവതരണം നാടൻ ശൈലിയിൽ സുന്ദരങ്ങളായ വ്യാഖ്യാനങ്ങളും അനുഭവങ്ങളും കോർത്തിണക്കിയുള്ളതാണ്. ആവർത്തന വിരസത വായനക്കാർക്ക് അനുഭവപ്പെടാറില്ല. സാങ്കേതിക വിദ്യകൾ വളർന്നിട്ടും ഗൂഗിൾ, യു ട്യൂബ് വേട്ടക്കാർ അരങ്ങു വാഴുമ്പോഴും ബോധപൂർവ്വമോ അബോധപൂർവ്വമോ അതിൽ നീന്തിപ്പുളയാൻ സിസിലി ജോർജ് താല്പര്യം പ്രകടിപ്പിച്ചില്ല. സമ്പത്ത് വർദ്ധിച്ചപ്പോൾ എഴുത്തുകാരൻ അല്ലെങ്കിൽ എഴുത്തുകാരിയായി കീരീടം ധരിച്ച രാഞ്ജി, രാജാവിനെപ്പോലെ തലയർത്തിപ്പിടിക്കാനും സിസിലി ശ്രമിച്ചില്ല. ആത്മ കഥാംശം നിറഞ്ഞ കഥകളിലൂടെ ആരാധകരാൽ വാഴ്ത്തുപാട്ടുകൾ കേൾക്കാനും ശ്രമിച്ചില്ല. ഈശ്വരൻ ദാനമായി നൽകിയ അക്ഷര ജ്ഞാനം വായനക്കാർക്ക് നൽകുക മാത്രമാണ് ചെയ്തത്. പ്രശസ്തിയുടെ ഔന്നത്യമൊന്നും സിസിലി ആഗ്രഹിച്ചിരുന്നില്ല. അതിനാലാണ് ചുരുക്കം മാധ്യമങ്ങളിൽ എഴുതിയത്. പാശ്ചാത്യ സംസ്കാരത്തിൽ ജീവിച്ചിട്ടും മാതൃ ഭാഷക്കായി ത്യാഗം സഹിച്ച വ്യക്തിയാണ് സിസിലി ജോർജ്.
ഭാരതത്തിൽ ആദിമ മനുഷ്യർ കാണപ്പെട്ടത് പഞ്ചാബ്, സിന്ധു ഗംഗ നർമ്മദാ തീരമെന്നും, ദ്രാവിഡ സംസ്കാരവും ഭാഷയും നിർണ്ണായകമായ സ്ഥാനം വഹിച്ചിരുന്നുവെന്നും പണ്ഡിതർ അവകാശപ്പെടുന്നുണ്ടെങ്കിലും ആര്യഭാഷകളുടെ വരവും വളർച്ചയും ആർക്കും തള്ളിക്കളയാൻ സാധ്യമല്ല. ലോകമെങ്ങും ആദരിക്കപ്പെടുന്ന അന്യ – ആര്യഭാഷയായ ഇംഗ്ലീഷ് മുൻപന്തിയിൽ നിൽക്കുമ്പോഴും നമ്മുടെ ദ്രാവിഡ മാതൃ ഭാഷയായ മലയാളത്തെ നെഞ്ചോട് ചേർത്താണ് സിസിലി ജോർജ് ജീവിച്ചത്. യന്ത്ര യുഗത്തിന്റ വികാസത്തിലേക്ക് യൗവനക്കാർ മാറിയപ്പോഴും കുശവൻ മെനഞ്ഞെടുക്കുന്ന മൺപാത്രങ്ങൾ പോലെ നാടൻ തനിമയിൽ ഓരോ സൃഷ്ടികൾ മെനഞ്ഞെടുത്തു. വരച്ചെടുത്ത ഓരോ ചിത്രങ്ങളും നിറങ്ങൾ ചാർത്തി ലണ്ടനിലെ ജീവ കാരുണ്യ സംഘടനകൾക്ക് കൈമാറി. ഞാൻ നാട്ടിലേക്ക് വരുന്നതിന് മുൻപ് നവംബർ മാസത്തിൽ എന്നോട് പറഞ്ഞത് “ധാരാളം തുണികൾ ഡിസൈൻ ചെയ്തുകൊടുക്കാൻ എത്തിയിരിക്കുന്നു. ഞാൻ ചോദിച്ചു. “ജോലിക്ക് നല്ല കൂലി കിട്ടുമെല്ലോ? അപ്പോൾ കിട്ടിയ ഉത്തരം. “ഈ തുണികൾ അയച്ചുതരുന്നവരും പാവങ്ങൾക്കായി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവരാണ്. ഞാനും അതിലെ ഒരംഗം. എത്രയോ വർഷങ്ങളായി അവരെ സഹായിക്കുന്നു”. യൂറോപ്പിൽ ഞാൻ ഏറ്റവും കൂടുതൽ മടുപ്പില്ലാതെ സംസാരിച്ചിരുന്നത് സിസിലി ജോർജുമായിട്ടാണ്. സിസിലിയെ അപഗ്രഥിക്കപ്പെടുമ്പോൾ അടിസ്ഥാനപരമായി മാതൃ ഭാഷയോട് മനസ്സറിഞ്ഞുള്ള സ്‌നേഹം, ആത്മാർഥമായി സംസാരിക്കാൻ പറ്റിയ നല്ലൊരു ചങ്ങാതി, നിറപുഞ്ചിരി നിറഞ്ഞ സംസാരം, കളങ്കം ചാർത്താത്ത സമീപനങ്ങൾ, ആരെയും കൈപിടിച്ച് നടത്താനുള്ള വ്യഗ്രത, ആരെപ്പറ്റിയും പരദൂഷണം പറയാത്ത വ്യക്തിത്വം, അത്തരക്കാരെ കുരക്കുന്ന നായ്ക്കൾ എന്നാണ് വിശേഷിപ്പിച്ചത്. മൂല്യബോധമുള്ള സ്ത്രീ ജന്മം, നാടൻ ശൈലിയിലുള്ള എഴുത്തുകൾ, ചിത്രങ്ങൾ തുടങ്ങി എല്ലാം രംഗത്തും നിലവാരവും വ്യക്തിത്വമുള്ള എഴുത്തുകാരി, ചിത്രകാരി, ജീവ കാരുണ്യ പ്രവർത്തകയായിട്ടാണ് കാണാൻ സാധിക്കുക. ഇത്തരക്കാർ സാഹിത്യ ലോകത്തു് വിരളമാണ്.
കലാ -സാഹിത്യ ലോകത്തു് കുന്തിരിക്കത്തിന്റെ മണമുള്ളവർ ചുരുക്കവും കാട്ടു പൂക്കളുടെ മണമുള്ളവർ ധാരാളവു മാണ്. കാട്ടുപൂക്കളുടെ ദുർഗന്ധമുള്ളവർ പരദൂഷണത്തിലും പലവിധ സന്ദേഹങ്ങളിലും കുരുങ്ങി സോഷ്യൽ മീഡിയ യന്ത്ര പൂക്കളിൽ നിന്ന് പുറത്തുവിടുന്നത് കാട്ടുപൂക്കളുടെ ദുർഗന്ധമാണ്. ഇവരുടെ മധ്യത്തിൽ നിന്നാണ് മണ്ണിന്റെ ജൈവഗന്ധമുള്ള കഥകൾ സിസിലി ജോർജ് നമ്മുക്ക് തന്നത്. നല്ല വായനക്കാർ ഹ്ര്യദയത്തിലേറ്റിയ സിസിലി ജോർജ് എന്നും അണയാത്ത ഒരു ദീപശിഖയായി നമ്മിൽ ജീവിച്ചിരിക്കുമെന്നുറപ്പാണ്. ബ്രിട്ടനിലുള്ള കലാ സാഹിത്യ പ്രേമികൾക്ക് ഒരു തീരാ നഷ്ടമാണ് സിസിലിയുടെ വിടവാങ്ങൽ. അഴകിൽ നെയ്തെടുത്ത തന്റെ ചിത്രകഥകൾപോലെ എല്ലാവരുടെയും ഹ്ര്യദയം കവർന്നുകൊണ്ടാണ് സിസിലി യാത്രയായത്. നന്മകൾ നിറഞ്ഞ ആ ആത്മാവിന് നിത്യ ശാന്തി നേരുന്നു.
Leave a Reply