ന്യൂസ് ഡെസ്ക് മലയാളം യുകെ
രോഗിയും ആരോഗ്യപ്രവർത്തകരും തമ്മിൽ ഫലപ്രദമായ ആശയവിനിമയം നടക്കാതെ പോകുന്നത് മൂലം ഗുരുതര ഭവിഷ്യത്തുകളാണ് പലപ്പോഴും സംഭവിക്കുന്നത്. ബധിരരും സംസാരശേഷിയും ഇല്ലാത്തവരാണ് ഈ പ്രശ്നങ്ങൾക്ക് ഇരയാകുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ പെട്ടെന്നുള്ള വൈദ്യസഹായം എത്തിക്കുന്നതിൽ നേരിടുന്ന കാലതാമസം ജീവൻ തന്നെ അപായപ്പെടുത്തിയേക്കാം. തെറ്റായ ആശയവിനിമയം മൂലം മരുന്നുകൾ മാറ്റി കൊടുക്കുന്ന സംഭവങ്ങളും നിരവധിയാണ്. ഇത്തരം സാഹചര്യങ്ങളെ മറികടക്കാനുള്ള അടിയന്തിര നടപടികൾക്ക് എൻഎച്ച്എസ് തുടക്കം കുറിച്ചു.
ഇതിൻറെ പ്രാരംഭനടപടിയായി നേഴ്സിംഗ് വിദ്യാർത്ഥികളും പാരാമെഡിക്കലും ഉൾപ്പെടെയുള്ള 240 ആരോഗ്യ പ്രവർത്തകർ ബ്രിസ്റ്റോളിലെ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് (UWE ) പ്രത്യേക പാഠ്യ പദ്ധതിയിൽ പരിശീലനം നേടി. ബ്രിസ്റ്റോൾ സെൻറർ ഫോർ ഡെഫിലെ അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം കൊടുത്തത്. പരിശീലനം നേടിയവരിൽ നേഴ്സിംഗ് വിദ്യാർത്ഥികളെ കൂടാതെ പാരാമെഡിക്കുകൾ, മിഡ് വൈഫർമാർ , റേഡിയോഗ്രാഫർമാർ , ഒപ്റ്റോമെട്രിസ്റ്റുകൾ, ഓപ്പറേഷൻ തെറാപ്പിസ്റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവരും ഉൾപ്പെടുന്നു .
പലപ്പോഴും ആശയവിനിമയത്തിലെ പിഴവുമൂലം ജിപികൾ തെറ്റായ മരുന്നിൻറെ കുറിപ്പടികൾ നൽകുന്നതായി തന്റെ സ്വന്തം അനുഭവം മുൻനിർത്തി ബധിരനായ പ്രധാന പരിശീലകൻ മിസ്റ്റർ ഗിർ വെളിപ്പെടുത്തി. യുകെയിൽ ഏകദേശം 9 ദശലക്ഷം ആളുകൾ ബധിരരോ കേൾവി കുറവ് ഉള്ളവരോ ആണ് . ബധിരരും കേൾവി കുറവുള്ളവരുമായ ആളുകളെ കുറിച്ച് പൊതുവിജ്ഞാനവും അവബോധവും മെച്ചപ്പെടുത്താൻ ഈ പരിശീലന പദ്ധതി സഹായിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
Leave a Reply