ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സിഖ് യുവാവിന് വെടിയേറ്റു. സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകൂ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. അടുത്തിടെ ഇന്ത്യക്കാര്‍ക്കു നേരേ അമേരിക്കയില്‍ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇത്. വാഷിങ്ടണിലെ കെന്റില്‍ സ്വന്തം വീടിന് സമീപത്തു വെച്ചാണ് 39കാരനായ സിഖ് യുവാവിന് വെടിയേറ്റത്. യുവാവും അക്രമിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഒടുവില്‍ ആക്രമി വെടിവെക്കുകയുമായിരുന്നുവെന്നുമാണ് പോലീസ് അറിയിക്കുന്നത്.ആറടി ഉയരമുള്ള വെളുത്ത വര്‍ഗ്ഗക്കാരനാണ് അക്രമിയെന്നാണ് പരിക്കേറ്റ യുവാവ് പോലീസിനോട് പറഞ്ഞ്. ഇയാള്‍ പകുതി മുഖം മറച്ചിരുന്നു. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെന്റ് പൊലീസ് വ്യക്തമാക്കി. അക്രമിക്കായുള്ള അന്വേഷണം തുടരുകയാണ്. അക്രമിയെ കണ്ടെത്താന്‍ എഫ്ബിഐയുടേയും മറ്റു അന്വേഷണ ഏജന്‍സികളുടേയും സഹായം പൊലീസ് തേടിയിട്ടുണ്ടെന്നും വിവരമുണ്ട്.
കൈക്ക് വെടിയേറ്റ യുവാവ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായി റെന്റണിലെ സിഖ് സമുദായ നേതാവ് ജസ്മിത് സിങ്ങ് പറഞ്ഞു. പൊതു ഇടങ്ങളിലും മറ്റും സിഖ് സമൂഹത്തിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ പെരുകുകയാണ്. മുമ്പൊന്നും കാണാത്ത വംശീയവിദ്വേഷമാണ് യുഎസ്സില്‍ ഇപ്പോഴുള്ളതെന്നും ജസ്മിത് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ വശംജനായ ബിസിനസ്സുകാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. സൗത്ത് കരോലിനയിലെ വസതിക്ക് മുന്നില്‍വെച്ചായിരുന്നു സംഭവം. ഒരാഴ്ച്ച മുമ്പ് ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കുചിത്ബോല യുഎസ് ബാറില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു.