ലണ്ടന്‍: കൈകള്‍ കഴുകുമ്പോള്‍ ഹാപ്പി ബര്‍ത്ത്‌ഡേ ഗാനം രണ്ട് തവണ പാടാന്‍ ഫാര്‍മസിസ്റ്റുകളുടെ നിര്‍ദേശം. ഇതെന്ത് വിചിത്രമായ നിര്‍ദേശമാണെന്ന് തോന്നുന്നുണ്ട് അല്ലേ? എന്നാല്‍ കുറഞ്ഞത് 20 സെക്കന്‍ഡ് എങ്കിലും കൈകള്‍ കഴുകിയാലേ അണുക്കളില്‍ നിന്ന് മുക്തി നേടാനാകൂ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതായത് ഹാപ്പി ബര്‍ത്ത്‌ഡേ ഗാനം രണ്ട് തവണ പാടുന്ന സമയം കൈകള്‍ കഴുകണമെന്ന് റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി പറയുന്നു. പനി, ജലദോഷം, അണുബാധകള്‍, വയറിനെ ബാധിക്കുന്ന അസുഖങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകളെയും ബാക്ടീരിയകളെയും കഴുകിക്കളയാന്‍ ഇത്രയും സമയം ആവശ്യമാണ്.
ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഒഴിവാക്കണമെങ്കില്‍ കൈകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആര്‍പിഎസ് പറയുന്നു. ആന്റിബയോട്ടിക്കുകളുടെ നിരന്തര ഉപയോഗം മൂലം രോഗാണുക്കള്‍ അവയോട് പ്രതിരോധം ആര്‍ജ്ജിക്കുകയാണ്. ഇത് ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകുന്നത് തടയും. വയറിളക്കം ബാധിക്കുന്നത് കൈകള്‍ ശുചിയായി സൂക്ഷിക്കുന്നതിലൂടെ മൂന്നിലൊന്നായി കുറയ്ക്കാം. 16 ശതമാനം ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളും ഈവിധത്തില്‍ പ്രതിരോധിക്കാനാകും.
ആര്‍പിഎസ് 2000ത്തിലേറെ ആളുകളില്‍ നടത്തിയ സര്‍വേയില്‍ 84 ശതമാനം പേരും ശരിയായ വിധത്തില്‍ കൈകള്‍ കഴുകുന്നില്ലെന്ന് കണ്ടെത്തി. 65 ശതമാനം പേര്‍ ഭക്ഷണത്തിനു മുമ്പ് കൈകള്‍ കഴുകുന്നില്ല. അവരില്‍ പകുതിയോളം പേര്‍ വളര്‍ത്തുമൃഗങ്ങളെ പിടിച്ചതിനു ശേഷം പോലും കൈകഴുകുന്നില്ലെന്ന് വ്യക്തമായി. ഭക്ഷണം തയ്യാറാക്കുന്നതിനു മുമ്പായി 32 ശതമാനം പേര്‍ കൈ വൃത്തിയാക്കുന്നില്ല. ടോയ്‌ലെറ്റില്‍ പോയതിനു ശേഷം പോലും കൈകഴുകാത്തവരാണ് 21 ശതമാനമെന്നും സര്‍വേയില്‍ കണ്ടെത്തി.
Leave a Reply