ജോയിസ് ജെയിംസ് പള്ളിക്കമാലിയില്‍

പ്രശസ്ത പിന്നണി ഗായകന്‍ ശ്രീ എം ജി ശ്രീകുമാറിന്റെ 35 വര്‍ഷത്തെ സംഗീതജീവിതത്തെ ആദരിച്ചു കൊണ്ട് യുകെ ഇവന്റ് ലൈഫ് സംഘടിപ്പിച്ചിരിക്കുന്ന ആര്‍ടെക് ശ്രീരാഗം 2017 നവംബര്‍ 24, 25, 26 തീയതികളില്‍ ലണ്ടന്‍ മെയ്ഡന്‍ഹെഡ്. ബര്‍മിങ്ഹാം എന്നിവിടങ്ങളിലെ മൂന്നു സ്റ്റേജുകളിലായി നടത്തപ്പെടുന്നു. പ്രശസ്ത പിന്നണി ഗായകരായ ശ്രേയക്കുട്ടി, ടീനു ടെലന്‍സ് തുടങ്ങിയവരും രമേഷ് പിഷാരടിയും സംഘവും അവതരിപ്പിക്കുന്ന ഹാസ്യ പരിപാടികളും, എം ജി ശ്രീകുമാറിന്റെ ലൈവ് ഓര്‍ക്കസ്ട്രയും ചേരുമ്പോള്‍ യുകെ ഇന്നുവരെ കാണാത്ത പ്രൗഢോജ്ജ്വലവും അവിസ്മരണീയവുമായ ഒരു കലാസന്ധ്യയാണ് കാണികള്‍ക്കായി വിഭാവനം ചെയ്തിരിക്കുന്നത്. ഈ സ്റ്റേജുകളില്‍ ശ്രീ എം ജി ശ്രീകുമാറിനോടൊപ്പം പാടാനുള്ള അവസരമാണ് ഇപ്പോള്‍ യുകെ ഗായകര്‍ക്കായി ഒരുക്കിയിരിക്കുന്നത് .

യുകെ ഇവന്റ് ലൈഫ് മാഗ്‌നാവിഷന്‍ ടിവി ചാനലുമായി ചേര്‍ന്ന് നടത്തുന്ന ഓഡിഷന്‍ പ്രോഗ്രാമില്‍ പങ്കെടുത്ത് മത്സരിച്ച് വിജയിക്കുന്ന മൂന്ന് പേര്‍ക്കാണ് ഈ സുവര്‍ണ്ണാവസരം കരഗതമാകുക. യുകെയില്‍ ഇതാദ്യമായാണ് ശ്രീ എം ജി ശ്രീകുമാറിനെപ്പോലെ വലിയൊരു സംഗീതഞ്ജന്റെ കൂടെ പാടുവാനുള്ള അസുലഭമായ ഒരവസരം ഉണ്ടാകുന്നത്.

മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 15ന് മുന്‍പായി മാഗ്‌നാവിഷന്‍ ടിവിയുടെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷാഫോറം ഉപയോഗിച്ച് ഓഡിഷന് രജിസ്റ്റര്‍ ചെയ്യുക. മാഗ്‌നാവിഷന്‍ ടിവിയില്‍ പാടുവാനുള്ള അവസരവും ഗായകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 020 387 487 44 എന്ന ഫോണ്‍ നമ്പറില്‍ മാഗ്‌നാവിഷന്‍ ടിവിയുമായി ബന്ധപ്പെടുക.