കൊച്ചുപ്രേമൻറെ അപ്രതീക്ഷിതമായി വിയോഗത്തിലാണ് സിനിമ ലോകം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ഏഴുനിറങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് എത്തുന്നത്. നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. തിരുവനന്തപുരം സംഘചേതനയുൾപ്പടെ നിരവധി ട്രൂപ്പുകളിലെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഗായിക അഭയ ഹിരൺമയിയുടെ അമ്മാവനാണ് കൊച്ചുപ്രേമൻ. അമ്മാവനെക്കുറിച്ചുള്ള അഭയയുടെ കുറിപ്പ് വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഞാൻ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വർണ്ണക്കമ്മൽ കൊണ്ട് തന്നു. പിന്നെ 10ത് ജയിച്ചപ്പോ വീണ്ടും കമ്മൽ. കോളേജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മൻ തന്ന മൊബൈൽ ഫോൺ, പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും. ഞങ്ങൾ പെൺകുട്ടികൾ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും ഞങ്ങടെ “ഗിഫ്റ്റ് ബോക്സ് ” ആണ് മാമ്മൻ എന്നായിരുന്നു അഭയ മുൻപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഹാസ്യവേഷങ്ങളിലൂടെയാണ് കൊച്ചുപ്രേമൻ ശ്രദ്ധേയനാവുന്നത്. ഇരുന്നൂറിലേറെ ചിത്രങ്ങളിൽ ചെറുതും വലുതുമായി വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദില്ലിവാല രാജകുമാരൻ, തിളക്കം, പട്ടാഭിഷേകം, ഓർഡിനറി, മായാമോഹിനി, കല്യാണരാമൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു പപ്പടവട പ്രേമമാണ് അവസാന ചിത്രം.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി നാടകമെഴുതി കൊച്ചുപ്രേമൻ സംവിധാനം ചെയ്തിട്ടുണ്ട്. അത് വിജയിച്ചതോടെ ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങൾ സംപ്രേക്ഷണം ചെയ്തത്. സ്കൂൾ പഠനത്തിനു ശേഷമാണ് നാടകത്തെ ഗൗരവമായി കാണാൻ തുടങ്ങിയ കൊച്ചു പ്രേമൻ, തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ് നാടക രംഗത്ത് ശ്രദ്ധേയനാവുന്നത്.
പിന്നീട് ഗായത്രി തീയേറ്റേഴ്സിൻ്റെ അനാമിക എന്ന നാടകത്തിലും പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികൾക്ക് വേണ്ടിയും പ്രവർത്തിച്ചു. കേരള തീയേറ്റേഴ്സിൻ്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാൾ, ഇന്ദുലേഖ, രാജൻ.പി.ദേവിൻ്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നീ നാടകങ്ങൾ അദ്ദേഹത്തിന് നിരവധി ആരാധകരെ നേടികൊടുത്തിട്ടുണ്ട്.
Leave a Reply